Ongoing News
ദ്രാവിഡിനെ പുറത്താക്കാന്‍ സഹായം തേടി: ചാപ്പലിനെതിരെ സച്ചിന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ കോച്ച് ഗ്രെഗ് ചാപ്പലിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥയില്‍ രൂക്ഷ വിമര്‍ശനം. നവംബര്‍ ആറിന് പ്രകാശനം ചെയ്യുന്ന പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിലാണ് സച്ചിന്‍ ഗ്രെഗ് ചാപ്പലിന്റെ പരിശീലന രീതിയെയും വിവേകമില്ലാത്ത നീക്കങ്ങളെയും വിമര്‍ശിക്കുന്നത്.
2007 ലോകകപ്പിന് തൊട്ടു മുമ്പായി രാഹുല്‍ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി തന്നെ പുതിയ ക്യാപ്റ്റനാക്കാന്‍ ചാപ്പല്‍ പദ്ധതിയിട്ടിരുന്നുവെന്ന് സച്ചിന്‍ വെളിപ്പെടുത്തുന്നു. തന്നെ കൂട്ടുപിടിച്ച് ദ്രാവിഡിനെതിരെ നീക്കം നടത്താനുള്ള ചാപ്പലിന്റെ നടപടി സച്ചിനെ ഞെട്ടിച്ചു. വീട്ടിലെത്തിയാണ് ചാപ്പല്‍ സച്ചിനുമായി തന്റെ അണിയറ നീക്കത്തെ കുറിച്ച് മനസ് തുറന്നത്. ഇത് സച്ചിനൊപ്പം കേള്‍ക്കാന്‍ ഭാര്യ അഞ്ജലിയുമുണ്ടായിരുന്നു. രണ്ട് പേരും ഞെട്ടലോടെയാണ് ചാപ്പലിന്റെ കുതന്ത്രങ്ങള്‍ കേട്ടിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വരും വര്‍ഷങ്ങള്‍ നമുക്കൊരുമിച്ച് നിയന്ത്രിക്കാം എന്നായിരുന്നു നിര്‍ദേശം മുന്നോട്ടു വെച്ച് ചാപ്പല്‍ സച്ചിനോട് പറഞ്ഞത്.
ലോകകപ്പിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ടീം ക്യാപ്റ്റനോട് യാതൊരു മര്യാദയും ആദരവും കാണിക്കാത്ത കോച്ചിന്റെ നടപടി തന്നെ ശരിക്കും അതിശയപ്പെടുത്തിയെന്നും സച്ചിന്‍ എഴുതുന്നു.
ലോകകപ്പ് ടീമിനൊപ്പം ചാപ്പലിനെ അയക്കുന്നതിനേക്കാള്‍ ഭേദം അയാളെ നാട്ടിലിരുത്തുന്നതാകുമെന്ന് സച്ചിന്‍ പിന്നീട് ബി സി സി ഐക്ക് കത്തയക്കുകയും ചെയ്തു. സീനിയര്‍ താരങ്ങളുമായി ഉടക്കി നിന്ന ചാപ്പല്‍ ലോകകപ്പിലെ നാണംകെട്ട പുറത്താകലോടെ രാജി വെക്കുകയായിരുന്നു.
മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ക്രിക്കറ്റ് കരിയറില്‍ ഗ്രെഗ് ചാപ്പലുമായുള്ള തുറന്ന പോരാട്ടം വലിയ വിവാദമായിരുന്നു. സൗരവിനെതിരെ ചാപ്പലിന്റെ നടപടി അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് സച്ചിന്‍. ചാപ്പല്‍ തന്നെ പറഞ്ഞിട്ടുണ്ട് തന്നെ കോച്ചാക്കിയത് സൗരവാണെന്ന്. എന്നാല്‍, അതിനര്‍ഥം ചാപ്പലുമായി സൗരവിന് അവിശുദ്ധ ബന്ധം ഉണ്ടായിരുന്നുവെന്നല്ല. ചാപ്പലിനെ സന്തോഷിപ്പിച്ചിട്ട് ടീമില്‍ നില നിന്നു പോകേണ്ട ഗതികേടൊന്നും സൗരവിന് ഇല്ലായിരുന്നു. ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സൗരവ് – സച്ചിന്‍ ആത്മകഥയില്‍ എഴുതി.
സീനിയര്‍ താരങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കാതെയാണ് ചാപ്പല്‍ തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. റിംഗ് മാസ്റ്ററെ പോലെ തനിക്കിഷ്ടമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അയാള്‍ ഓടി നടന്നു. ഓരോ കളിക്കാരന്റെയും കഴിവും ദൗര്‍ബല്യവും തിരിച്ചറിയാതെയായിരുന്നു ചാപ്പല്‍ പെരുമാറിയതെന്നും സച്ചിന്‍ ആത്മകഥയില്‍ ചൂണ്ടിക്കാട്ടുന്നു.