International
ബോള: ചൈന 1000 ആരോഗ്യ പ്രവര്‍ത്തകരെ ആഫ്രിക്കയിലേക്ക് അയക്കുന്നു
ബീജിംഗ്: എബോള രോഗം പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് ചൈന 1,000 ആരോഗ്യ പ്രവര്‍ത്തകരെ അയക്കുന്നു. 5,000 പേരുടെ ജീവന്‍ അപഹരിച്ച എബോളയുടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ വേണ്ടിയാണ് സംഘത്തെ അയക്കുന്നത്. ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി പ്ലാനിംഗ് കമ്മീഷനാണ് വിവരം പുറത്തുവിട്ടത്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ മികച്ച വ്യാപാര പങ്കാളിയാണ് ചൈന. ഗിനിയയിലേക്കും ലൈബീരിയ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളിലേക്കും നേരത്തെ തന്നെ 252 പേരെ ചൈന അയച്ചിട്ടുണ്ട്. ക്യൂബയില്‍ നിന്ന് 165 ഡോക്ടര്‍മാരെ എബോള ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിരുന്നു. ലൈബീരിയയെ സഹായിക്കുന്നതിനായി സൈനിക യൂനിറ്റിനെ അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ലൈബീരിയയില്‍ 4, 951 പേരാണ് മരിച്ചത്. 13, 567 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.