Connect with us

Kerala

മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

കൊല്ലം: മത്സ്യബന്ധന മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ തുടക്കമെന്ന നിലയില്‍ കടലും തീരവും ജലാശയവും മത്സ്യസമ്പത്തും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി 21 മുതല്‍ 30 വരെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് കടല്‍ യാത്ര സംഘടിപ്പിക്കുമെന്ന് കേരളാ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തിലാണ് കടല്‍ യാത്ര. 30ന് തിരുവനന്തപുരം ശംഖുമുഖം കടലോരത്ത് സമാപിക്കും. മേധാപട്ക്കര്‍ കടല്‍യാത്ര ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ വി തോമസ്, പന്ന്യന്‍ രവീന്ദ്രന്‍, വി മുരളീധരന്‍, ഡോ. വര്‍ഗീസ് ജോര്‍ജ് സംസാരിക്കും.

വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്കും വിദേശ പൗരന്മാര്‍ക്കും കടല്‍സമ്പത്ത് കൊള്ളയടിക്കാന്‍ അവസരം നല്‍കുകയും ഇന്ത്യയിലെ മീന്‍പിടിത്ത സമൂഹത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെയാണ് പ്രക്ഷോഭം. കടല്‍ സംരക്ഷിത മേഖല, കടലും തീരവും ഉള്‍പ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖല, 200 മീറ്റര്‍ മുതല്‍ 800 മീറ്റര്‍ ആഴം വരെയുള്ള കടലില്‍ കരുതല്‍ മേഖല എന്നിങ്ങനെയുള്ള നിയന്ത്രണങ്ങള്‍ പരമ്പരാഗത ചെറുകിട മീന്‍പിടിത്ത മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പി മൂരാരി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണെന്ന് സംഘടനാ നേതാക്കള്‍ ആരോപിച്ചു. ശിപാര്‍ശ പ്രകാരം വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കാന്‍ പാടില്ല. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുക്കാനും പാടില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത- ചെറുകിട മീന്‍പിടിത്ത സമൂഹത്തെ പര്യാപ്തമാക്കുക തുടങ്ങിയ 21 നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇത് മറച്ചുവെച്ച് ലറ്റര്‍ ഓഫ് പെര്‍മിറ്റിന്റെ മറവില്‍ കേന്ദ്ര കൃഷിമന്ത്രാലയം നിരവധി മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ മീന്‍പിടുത്തത്തിനുള്ള അനുമതി നല്‍കുകയാണുണ്ടായത്. ആഴക്കടല്‍ മത്സ്യബന്ധന നയത്തെ സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. മീനാകുമാരി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. വിദേശ മീന്‍പിടിത്ത കപ്പലുകളെയും വിദേശത്തുള്ള തൊഴിലാളികളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. സ്വദേശിയരുടെ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത് തടയാനാണ് പ്രത്യേക കരുതല്‍ മേഖല നിര്‍ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഏകീകൃത മത്സ്യബന്ധന നിരോധന സമയത്ത് പോലും വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശീയര്‍ക്ക് അവസരം ഒരുക്കുകയാണ് ഡോ. മീനാകുമാരി റിപ്പോര്‍ട്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മാണത്തിന് തടസമുണ്ടാകാത്ത വിധത്തില്‍ തീരദേശ നിയന്ത്രണ വിജ്ഞാപനം നടപ്പാക്കുന്നതിന് പകരം റിസോര്‍ട്ട്- റിയല്‍ എസ്റ്റേറ്റ് നിര്‍മാണ ലോബികളുടെ സമര്‍ദത്തിന് വഴങ്ങി വിജ്ഞാപനം പാടെ ഉടച്ചുവാര്‍ക്കാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്.
ഭവന രഹിതരായ എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് സെന്റ് ഭൂമിയും വാസയോഗ്യമായ ഭവനവും നല്‍കാനുള്ള പ്രത്യേക പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു.