Connect with us

Sports

ഹോക്കി: ഇന്ത്യ വീണ്ടും ഓസീസിനെ ഞെട്ടിച്ചു

Published

|

Last Updated

പെര്‍ത്ത്: ഹോക്കി പരമ്പരയില്‍ ആസ്‌ത്രേലിയക്കെതിരെ തുടരെ രണ്ടാം ജയം നേടി ഇന്ത്യ 2-1ന് ലീഡെടുത്തു. ഇന്ന് പരമ്പരയിലെ അവസാന മത്സരം സമനിലയാവുകയോ ജയിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
എസ് വി സുനിലാണ് ഇന്നലെ ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. സര്‍ദാര്‍ സിംഗിന് പകരം രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യയെ നയിച്ചത്.
രൂപീന്ദറിനിത് നൂറാം രാജ്യാന്തര മത്സരമായിരുന്നു. ആദ്യ ക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയന്‍ പ്രതിരോധ നിരയെ വെള്ളംകുടിപ്പിച്ച ഇന്ത്യന്‍ മുന്നേറ്റനിര ഗോള്‍ മാത്രം നേടിയില്ല. രണ്ടാം ക്വാര്‍ട്ടറില്‍ തുല്യ പോരാട്ടം. മൂന്നാം ക്വാര്‍ട്ടറിലായിരുന്നു വിജയഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ അകാശ്ദീപ് സിംഗിന്റെ മനോഹരമായ പാസില്‍ സുനില്‍ ലക്ഷ്യം കണ്ടു. ഇതിന് ശേഷം, ഇന്ത്യന്‍ കളിക്കാര്‍ ആക്രമണോത്സുകത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ പ്രതിരോധ നിര സുശക്തമായിരുന്നു. ആസ്‌ത്രേലിയന്‍ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും പ്രത്യാക്രമണത്തിന് അതിവേഗം വഴിയൊരുക്കിയും ഡിഫന്‍ഡര്‍മാര്‍ മുന്നേറ്റനിരയെ പ്രോത്സാഹിപ്പിച്ചു.
നൂറ് രാജ്യാന്തര മത്സരം പൂര്‍ത്തിയാക്കിയ ഫുള്‍ബാക്ക് രുപീന്ദറിന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ മുഷ്താഖ് അഹമ്മദ് അഭിനന്ദന സന്ദേശമയച്ചു. 2010 മെയിലാണ് രൂപീന്ദറിന്റെ അരങ്ങേറ്റം. മുപ്പത്തേഴ് രാജ്യാന്തര ഗോളുകളും നേടി.

---- facebook comment plugin here -----

Latest