Kerala
അട്ടപ്പാടിക്ക് അടിയന്തര സഹായമായി രണ്ട് കോടി രൂപ
പാലക്കാട്: അട്ടപ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി രണ്ട് കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനം. ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടി സന്ദര്‍ശിച്ച മന്ത്രിതല ഉപസമിതി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഏകോപന സമിതി രൂപവത്കരിക്കും. വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും. അട്ടപ്പാടി പാക്കേജ് പ്രഖ്യാപിച്ച ശേഷവും ശിശുമരണം തുടരുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുന്നതിനാണ് മന്ത്രിതല ഉപസമിതി അട്ടപ്പാടിയിലെത്തിയത്.
മന്ത്രിമാരായ വി എസ് ശിവകുമാര്‍, എം കെ മുനീര്‍, പി കെ ജയലക്ഷ്മി എന്നിവരാണ് അട്ടപ്പാടിയിലെത്തിയത്. ഉദ്യോഗസ്ഥരുമായും വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി. പാലക്കാട് ഡെപ്യൂട്ടി ഡി എം ഒ. ഡോ. പ്രഭുദാസിന് അട്ടപ്പാടിയുടെ പ്രത്യേക ചുമതല നല്‍കും. സൗജന്യ റേഷന്‍, മരിച്ച കുട്ടികളുടെ കുടുംബത്തിനുള്ള ധനസഹായം എന്നിവ സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യും. അട്ടപ്പാടിയിലെ വിവിധ പദ്ധതികളുടെ ഏകോപനത്തിനായി ഐ എ എസ് ഉദ്യോഗസ്ഥനെയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഏകോപന സമിതിയെയും നിയമിക്കുന്നതും മന്ത്രിസഭ പരിഗണിക്കും. ഐ സി ഡി എസിന് പുതിയതായി രണ്ട് വാഹനങ്ങള്‍ അനുവദിക്കും. അട്ടപ്പാടി പദ്ധതികള്‍ക്കായുള്ള പട്ടികവര്‍ഗ ഫണ്ടുകള്‍ക്ക് ട്രഷറി നിരോധനമുണ്ടാകില്ലെന്ന് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. ഡോ. ആര്‍ പ്രഭുദാസിന് അട്ടപ്പാടിയുടെ മാത്രം ചുമതല നല്‍കുന്ന കാര്യം പരിഗണിക്കും.
എന്‍ഡോസള്‍ഫാന്‍ കാരണമാണോ ശിശുമരണം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അട്ടപ്പാടി സന്ദര്‍ശിച്ച ഡോക്ടര്‍മാരുടെ സംഘം അന്വേഷിക്കും. മേഖലയില്‍ സംഘം സന്ദര്‍ശനം ആരംഭിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കും. മണ്ഡലകാലത്തിനു ശേഷം 108 ആംബുലന്‍സിന്റെ ഒരു വാഹനം അട്ടപ്പാടിയില്‍ അനുവദിക്കും. നിലവില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തും മാത്രമേ ഇവയുടെ സേവനമുള്ളൂ. അതിനിടെ, അട്ടപ്പാടിയിലെ ശിശുമരണം മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കാന്‍ തീരുമാനമായി. മനുഷ്യാവകാശ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി ഐ ജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അട്ടപ്പാടിയില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി ജസ്റ്റിസ് ആര്‍ നടരാജന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.