Kerala
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: അന്വേഷണ ഏജന്‍സിയെ മാറ്റണം- പേരോട്
കോഴിക്കോട്: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ പോലീസ് അന്വേഷണം ശരിയായ രൂപത്തില്‍ നടക്കാത്ത സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന് സിറാജുല്‍ഹുദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം യഥാര്‍ഥ പ്രതിയെ കണ്ടെത്തുന്നതിന് പര്യാപ്തമല്ല. ബാഹ്യ സമ്മര്‍ദങ്ങള്‍ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളല്ല. അഗതി മന്ദിരത്തിലെ നിരപരാധികളാണവര്‍. ഇവരെ ജയിലിലടക്കുന്നതിന് പിന്നില്‍ ഗൂഢ നീക്കമുണ്ട്. അഗതി മന്ദിരങ്ങള്‍ക്കും അനാഥര്‍ക്കും ലഭിക്കുന്ന സംഭാവനകള്‍ക്ക് തടയിടാനും അഗതി മന്ദിരത്തെ കരിവാരിത്തേക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഈ സാഹചര്യത്തില്‍ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാത്ത ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുതിര്‍ന്ന ഒരു കുട്ടി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മാതാപിതാക്കളും കൂടെയുള്ള മറ്റൊരു കുട്ടിയും പറഞ്ഞത്. പിന്നീട് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി അഗതിമന്ദിരത്തിലെ മൂന്ന് കുട്ടികളാണ് പീഡിപ്പിച്ചതെന്ന് കുട്ടിയെക്കൊണ്ട് ഒരു വിഭാഗം മാറ്റിപ്പറയിപ്പിക്കുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ചതായി പറയുന്ന സമയത്ത് യത്തീംഖാനയിലെ ആരോപണ വിധേയനായ വിദ്യാര്‍ഥികളില്‍ ഒരാള്‍ കല്ലാച്ചിയിലെ മേഴ്‌സി കോളജില്‍ പഠിക്കുകയായിരുന്നു. അവിടെയുള്ള സ്റ്റാഫുകള്‍ ഇത് സാക്ഷ്യപ്പെടുത്തുകയും പോലീസ് പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പാറക്കടവ് ടവര്‍ പരിധിയിലല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തതാണ്. വിദ്യാര്‍ഥികള്‍ക്ക് എതിരെ ഒരു തെളിവുമില്ലെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. പിന്നീട് പ്രതിയെന്ന് ആരോപിച്ച് ബസ് ക്ലീനര്‍ മുനീറിനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് രാഷ്ട്രീയ നേതൃത്വത്തിന്റെയും എം എല്‍ എമാരുടെയും ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു. എന്നാല്‍ നിരപരാധികളായ അഗതികളുടെ കാര്യം എം എല്‍ എ അടക്കം ആരും അന്വേഷിച്ചില്ല. പോലീസ് ഉദ്യോഗസ്ഥര്‍ നീതി നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ ചില രാഷ്ട്രീയ നേതാക്കളും സാമൂഹിക ദ്രോഹികളും രഹസ്യ അജന്‍ഡകള്‍ മുന്‍നിര്‍ത്തി ഇതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പറഞ്ഞു. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിന് ഏതറ്റംവരെയും പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ സിറാജുല്‍ഹുദ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ മാക്കൂല്‍ മുഹമ്മദ് ഹാജിയും സംബന്ധിച്ചു.