Connect with us

Kerala

കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് ഞങ്ങളെ വിരട്ടേണ്ട: പന്ന്യന്‍

Published

|

Last Updated

തിരുവനന്തപുരം: പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി സി പി ഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍. പഴയകാല കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് തങ്ങളെ ആരും വിരട്ടേണ്ടെന്നും അടുത്ത കാലത്ത് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് സി പി എമ്മാണെന്നും പന്ന്യന്‍ പറഞ്ഞു. രൂക്ഷമായ വിമര്‍ശവും പരിഹാസവും ഒളിയമ്പെയ്ത് കൊണ്ടുമായിരുന്നു ഒരു മണിക്കൂര്‍ നീണ്ട പന്ന്യന്റെ വാര്‍ത്താസമ്മേളനം. എല്‍ ഡി എഫ് യോഗത്തിന് തൊട്ട് മുമ്പാണ് പന്ന്യന്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
തങ്ങളുടെ പഴയകാല കോണ്‍ഗ്രസ് ബന്ധം പറഞ്ഞാണ് വിമര്‍ശിക്കുന്നത്. എന്നാല്‍, അടുത്ത കാലത്തും കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശക്കാരല്ലല്ലോ. 2004ല്‍ യു പി എയെ പിന്താങ്ങിയവര്‍ മാത്രമാണ് ഞങ്ങളെങ്കില്‍ നോട്ട് കെട്ടെറിഞ്ഞും അന്നത്തെ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സഹായിച്ചത് സി പി എം കേന്ദ്രകമ്മറ്റിയംഗമായ സോമനാഥ് ചാറ്റര്‍ജിയായിരുന്നുവെന്ന് പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു. എല്‍ ഡി എഫിന്റെ സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റാണെന്ന ധാരണ ജനങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. സമരങ്ങളൊന്നും ക്ലച്ച് പിടിക്കുന്നില്ലെന്ന വിമര്‍ശം പൊതുവിലുണ്ട്. എല്‍ ഡി എഫ് ഇക്കാര്യം പരിശോധിക്കണം. ബെന്നറ്റിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വിവാദം പരാമര്‍ശിച്ചതിന് അതേനാണയത്തില്‍ തന്നെയായിരുന്നു പന്ന്യന്റെ മറുപടി. മറ്റൊരാളുടെ സ്ഥാനാര്‍ഥിത്വം അന്വേഷിക്കണമെന്ന് സംസ്ഥാന കമ്മറ്റിയംഗം തന്നെ ആവശ്യപ്പെട്ടിട്ട് ഒന്നും സംഭവിച്ചില്ലെന്ന് പന്ന്യന്‍ പറഞ്ഞു. എറണാകുളത്ത് ക്രിസ്റ്റിഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ഥിത്വവും ഇത് അന്വേഷിക്കണമെന്ന എം എം ലോറന്‍സിന്റെ ആവശ്യവും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഈ വിമര്‍ശം. തിരുവനന്തപുരം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പറ്റിയ തെറ്റ് അന്വേഷിച്ച് ഏറ്റു പറഞ്ഞത് കുറ്റവും മറ്റൊരു സീറ്റിലെ കാര്യം അന്വേഷിക്കാതിരിക്കുന്നത് മിടുക്കുമായി കാണരുത്.
ഭട്ടിന്‍ഡ പാര്‍ട്ടികോണ്‍ഗ്രസിന്റെ തീരുമാനം പ്രായോഗികമാകാന്‍ വൈകിയെങ്കിലും ആ തീരുമാനം നടപ്പാക്കാന്‍ വേണ്ടി മുഖ്യമന്ത്രിപദം രാജിവെച്ച നേതാവാണ് പി കെ വാസുദേവന്‍ നായരെന്നിരിക്കെ അദ്ദേഹത്തെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഖേദകരമാണ്. പി കെ വിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലായിരുന്നു. പി കെ വി മുഖ്യമന്ത്രിയായിരിക്കെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിലം പരിശായെന്ന് വിമര്‍ശിക്കുന്നവര്‍ അന്ന് കൂടെ ആന്റണി കോണ്‍ഗ്രസ് ഉണ്ടായിരുന്ന കാര്യം മറക്കുകയാണ്. അടിയന്തിരാവസ്ഥയെ അനുകൂലിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മുന്നണി 117 സീറ്റുമായി തിരിച്ചുവന്നത് ജനവികാരം ആ സര്‍ക്കാറിനൊപ്പമായിരുന്നതിന്റെ തെളിവാണ്. തെരുവ് പ്രസംഗം നടത്തിയെന്ന വിമര്‍ശത്തെ അഭിമാനമായാണ് കാണുന്നത്. പി കൃഷ്ണപിള്ളയും എ കെ ജിയും എം എന്‍ ഗോവിന്ദന്‍ നായരും തെരുവില്‍ പ്രസംഗിച്ചാണ് പാര്‍ട്ടിയുണ്ടാക്കിയത്. എവിടെ പ്രസംഗിക്കുന്നുവെന്നതല്ല പ്രശ്‌നം. ഉന്നയിക്കപ്പെടുന്ന വിഷയമാണ് നോക്കേണ്ടത്. ഇരിക്കുന്ന കസേരയെക്കുറിച്ച് വിമര്‍ശിച്ച ബഹുമാനപ്പെട്ട പിണറായി സഖാവിനോട് തന്നെ എങ്ങിനെ ഇരിക്കണമെന്ന് ചോദിച്ച് മനസ്സിലാക്കാം. എന്റെ പേര് പറഞ്ഞ് വിമര്‍ശിച്ച സി പി എം സെക്രട്ടറി തനിക്കെതിരെ കടുത്ത വാക്കുകള്‍ ഉപയോഗിക്കാത്തതില്‍ നന്ദിയുണ്ട്. പോളിറ്റ്ബ്യൂറോയിലെ ഒരു വോട്ടിനാണ് ജ്യോതിബസു പ്രധാനമന്ത്രിയാകേണ്ടെന്ന തീരുമാനത്തിന് മേല്‍ക്കൈ ലഭിച്ചത്.
ദേശാഭിമാനി പത്രാധിപരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് മാണിയോടുള്ള മൃദുസമീപനം വ്യക്തമാണ്. മാണിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇങ്ങിനെയൊരു പോസ്റ്റ് ഇട്ടത്. മുമ്പ് താന്‍ മാണിയെ അനുകൂലിച്ചെന്ന് പറയുന്നവര്‍ അന്നത്തെ മാണിയല്ല, ഇന്നുള്ളതെന്ന് മനസ്സിലാക്കണം. ബാര്‍ കോഴ ആരോപണത്തില്‍ സമരത്തിന് രൂപം നല്‍കാന്‍ എല്‍ ഡി എഫ് ചേരാന്‍ വൈകിയത് ശരിയായില്ല. ഞങ്ങളില്‍ ചിലര്‍ ആണ് ഇതൊക്കെ പറയുന്നതെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ചിലര്‍ ഉള്ളത് എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതും സമരം ചെയ്തതും. സി പി എമ്മില്‍ നിന്ന് ഏത് ഏജന്‍സിയാണ് അന്വേഷിക്കേണ്ടതെന്നതില്‍ തര്‍ക്കമായിരുന്നു.ഇത്രയേറെ പ്രശ്‌നമുണ്ടായിട്ടും സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുപോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് എന്ത് കൊണ്ടാണ് നിലനിന്ന് പോകുന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മറുപടി.

Latest