National
ഐ പി എല്‍ കോഴ: മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന് ക്ലീന്‍ ചിറ്റ്
ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാന്‍ എന്‍ ശ്രീനിവാസന് ക്ലീന്‍ചിറ്റ് നല്‍കി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട്. വാതുവെപ്പ് കേസില്‍ ശ്രീനിവാസനെതിരെ തെളിവില്ലെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ പി എല്‍ വാതുവെപ്പ് കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രീനിവാസന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തപ്പെട്ട ശ്രീനിവാസന് ഇതോടെ വീണ്ടും തത്സ്ഥാനത്തേക്ക് വരുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി.
വാതുവെപ്പ് സംഭവത്തില്‍ ശ്രീനിവാസന്‍ ഇടപെട്ടതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം, ശ്രീനിവാസന്‍ ഉള്‍പ്പെടെ ബി സി സി ഐയിലെ നാല് പേര്‍ക്കും വാതുവെപ്പിനെ കുറിച്ചും കളിക്കാരുടെ പെരുമാറ്റച്ചട്ട ലംഘനത്തെ കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. വാതുവെപ്പിനെ കുറിച്ച് അറിയാവുന്ന ബി സി സി ഐയിലെ മൂന്ന് ഒഫിഷ്യലുകളുടെ പേരുകള്‍ സുപ്രീം കോടതി പുറത്തുവിട്ടിട്ടില്ല.
ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ നേരിട്ട് വാതുവെച്ചതിന് തെളിവില്ലെങ്കിലും വാതുവെപ്പുകാരുമായി ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഒഫീഷ്യലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുമുണ്ട്. വാതുവെപ്പുബന്ധമുള്ള രണ്ട് പേരുമായി ഹോട്ടല്‍ മുറിയില്‍ വെച്ച് മെയ്യപ്പന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. വാതുവെപ്പുകാരുമായി നടത്തിയ സംഭാഷണം പരിശോധിച്ചതില്‍ നിന്ന് അത് ഗുരുനാഥ് മെയ്യപ്പന്റെതാണെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഒത്തുകളി വാര്‍ത്ത പുറത്തുവന്ന സമയത്ത് ഗുരുനാഥ് മെയ്യപ്പന്‍ അവകാശപ്പെട്ടിരുന്നത്. മെയ്യപ്പന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബി സി സി ഐ അധികൃതര്‍ക്ക് അറിവുണ്ടായിരുന്നുവെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമ രാജ് കുന്ദ്ര, ഐ പി എല്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ (സി ഒ ഒ) സുന്ദര്‍ രാമന്‍ എന്നിവര്‍ക്ക് വാതുവെപ്പുകാരുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ബി സി സി ഐയുടെയും ഐ പി എല്ലിന്റെയും അഴിമതിവിരുദ്ധ ചട്ടങ്ങള്‍ രാജ് കുന്ദ്ര ലംഘിച്ചു. ഇതിന് പുറമെ, രാജ് കുന്ദ്രക്കെതിരായ അന്വേഷണം പാതിവഴിയില്‍ രാജസ്ഥാന്‍ പോലീസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വാതുവെപ്പുകാരില്‍ ഒരാളുടെ ഫോണ്‍ നമ്പര്‍ സുന്ദര്‍ രാമന് അറിയാമായിരുന്നു. ഇയാളുമായി എട്ട് തവണയാണ് സുന്ദര്‍ രാമന്‍ ബന്ധപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അംഗീകരിക്കുന്ന സുന്ദര്‍ രാമന്‍, അയാള്‍ക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രക്കും വാതുവെപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് ഐ സി സി അഴിമതിവിരുദ്ധ ഏജന്‍സി മേധാവിയില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും അത് നടപടിയെടുക്കാവുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ആയിരുന്നില്ലെന്നും സുന്ദര്‍ രാമന്‍ പറഞ്ഞു.
ബി ബി മിശ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജസ്റ്റിസുമാരായ ടി എസ് താക്കൂര്‍, ഇബ്‌റാഹിം ഖലീഫുല്ല എന്നിവരടങ്ങിയ ബഞ്ച് ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ വര്‍ഷം നടന്ന ഐ പി എല്‍ ആറാം സീസണിലാണ് വാതുവെപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നത്. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ ഐ പി എല്‍ താരങ്ങളുടെയും അധികൃതരുടെയും പേരുകള്‍ ഉള്‍പ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.