Connect with us

Health

എബോള: ഭീഷണി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എബോള വൈറസ് ഭീഷണി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലൈബീരിയയില്‍ നിന്ന് എത്തിയയാള്‍ക്ക് എബോള ബാധയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാളെ പ്രത്യേകം പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുന്നറിയിപ്പ് നല്‍കേണ്ടതില്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഡല്‍ഹി വിമാനത്തവളത്തില്‍ എത്തിയ 26കാരനെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേക മുറിയില്‍ ആക്കിയിരിക്കുകയാണ്. ഈ മാസം പത്തിനാണ് യുവാവ് ഡല്‍ഹിയില്‍ എത്തിയത്. അന്ന് മുതല്‍ എബോള നിരീക്ഷണത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവാവിന്റെ ശുക്ല പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗം പൂര്‍ണമായി ഭേദമായാലും യുവാവിന്റെ വൈറസ് ബാധ കണ്ടെത്തിയത് ശുക്ലത്തിലായതിനാല്‍ ലൈംഗിക ബന്ധം വഴി പകരാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ രോഗം ഭേദമായാലും 90 ദിവസത്തിലേറെ നിരീക്ഷണം വേണ്ടി വരും. ഡല്‍ഹി വിമാനത്താവള ആരോഗ്യ സംഘടനയുടെ കീഴിലുള്ള പ്രത്യേക ക്ലിനിക്കില്‍ കഴിയുന്ന യുവാവിനെ എബോള നെഗറ്റീവാണെന്ന് പൂര്‍ണമായി ബോധ്യപ്പെട്ട ശേഷമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ.

Latest