Connect with us

National

2ജി, കല്‍ക്കരിപ്പാടം അഴിമതി: അന്വേഷണത്തില്‍ നിന്ന് സി ബി ഐ ഡയരക്ടറെ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസിന്റെ അന്വേഷണത്തില്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഇടപെടരുതെന്ന് സുപ്രീം കോടതി. കേസ് അന്വേഷണച്ചുമതല സി ബി ഐയിലെ മറ്റൊരു ഉദ്യോഗസ്ഥന് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിര്‍ദേശിച്ചു.
2 ജി സ്‌പെക്ട്രം ഇടപാട്, കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സി ബി ഐ ഡയറക്ടര്‍ സിന്‍ഹയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഈ സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ നിന്ന് സി ബി ഐ ഡയറക്ടര്‍ വിട്ടുനില്‍ക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2 ജി സ്‌പെക്ട്രം കേസന്വേഷണത്തില്‍ നിന്ന് സിന്‍ഹയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് “സെന്റര്‍ ഫോര്‍ പബ്ലിക് ലിറ്റിഗേഷന്‍ “എന്ന സംഘടന പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
2 ജി സ്‌പെക്ട്രം കേസ് അന്വേഷണത്തില്‍ സി ബി ഐ ഡയറക്ടര്‍ ഇടപെടുന്നുണ്ടെന്നും അന്വേഷണ ഏജന്‍സിയുടെ ഇതുവരെയുള്ള നിലപാടിന് കടകവിരുദ്ധമാണ് ഈ സമീപനമെന്നും കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനന്ദ് ഗ്രോവര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സി ബി ഐ ഡയറക്ടര്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശം നടത്തിയത്. സി ബി ഐ ഡയറക്ടറുടെ നിലപാട് അംഗീകരിച്ചാല്‍ “2 ജി കേസിലെ ഞങ്ങളുടെ (സി ബി ഐ) സമീപനത്തെ അത് തകര്‍ത്തുകളയും” – ഗ്രോവര്‍ കോടതിയെ അറിയിച്ചു.
തന്റെ മുതിര്‍ന്ന ഓഫീസര്‍മാരില്‍ ഒരാള്‍ ചാരനാണെന്ന സിന്‍ഹയുടെ ബുധനാഴ്ചത്തെ പ്രസ്താവനയോട് സി ബി ഐ വിയോജിപ്പ് പ്രകടിപ്പിച്ചു. 2 ജി സ്‌പെക്ട്രം കേസില്‍ മേലില്‍ മുതിര്‍ന്ന അഭിഭാഷകനായ കെ കെ വേണുഗോപാല്‍ തങ്ങളെ പ്രതിനിധാനം ചെയ്യില്ലെന്ന് സി ബി ഐ അറിയിച്ചപ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശം. വ്യാഴാഴ്ച മുതല്‍ ഈ കേസില്‍ അന്വേഷണ ഏജന്‍സിയെ പ്രതിനിധാനം ചെയ്യേണ്ടതില്ലെന്ന് സി ബി ഐ ഉപദേശിച്ചതായി വേണുഗോപാലും സുപ്രീം കോടതിയെ അറിയിച്ചു. 2 ജി കേസില്‍ തന്നെ സഹായിച്ചുവന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര്‍ നാരായന്‍ ആണ് ഇക്കാര്യം അറിയിച്ചതെന്നും വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെ ബോധിപ്പിച്ചു.
സി ബി ഐ മേധാവി രഞ്ജിത് സിന്‍ഹ കേസന്വേഷണത്തില്‍ ഇടപെടുന്നുവെന്ന ആരോപണം ഉയര്‍ന്നിരിക്കെ, നിലവിലുള്ള കേസില്‍ സി ബി ഐക്ക് വേണ്ടി വേണുഗോപാല്‍ ഹാജരാകില്ലെന്ന് സി ബി ഐ ജോയിന്റ് ഡയറക്ടര്‍ അശോക് തിവാരി സി ബി ഐ അഭിഭാഷകനായ ഗോപാല്‍ ശങ്കര്‍ നാരായനെ അറിയിച്ചത് കോടതിക്ക് രസിച്ചില്ല. 2 ജി കേസുകളില്‍ വേണുഗോപാല്‍ സി ബി ഐയെ പ്രതിനിധാനം ചെയ്യുമെന്നും ഇത് തുടരുകയും ചെയ്യുമെന്ന് വിശദീകരിക്കാന്‍ തിവാരി മുതിരവേ, “താങ്കള്‍ എന്തിന് കോടതിയില്‍ ഹാജരായി എന്നും താങ്കള്‍ സി ബി ഐ ഡയറക്ടറുടെ ജിഹ്വയാണോ” എന്നും കോടതി ആരാഞ്ഞു. “താങ്കള്‍ സി ബി ഐ ഡയറക്ടറുടെ ഏജന്റ് അല്ല. നിങ്ങള്‍ക്ക് അയാളുടെ ജിഹ്വയാകാനും കഴിയില്ല- കോടതി തിവാരിയോട് പറഞ്ഞു.
കോടതി മുറിയില്‍ നിരവധി സി ബി ഐ ഓഫീസര്‍മാരുടെ സാന്നിധ്യം മനസ്സിലാക്കിയ കോടതി ഇതിന് കാരണം ആരാഞ്ഞു. സി ബി ഐ മേധാവി സിന്‍ഹക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ വികാസ് സിംഗ് സി ബി ഐ ഓഫീസര്‍മാരുടെ സാന്നിധ്യത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു.
ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ഫയലുകളെ സംബന്ധിച്ച് വിശദീകരണം നല്‍കി കോടതിയെ സഹായിക്കാനാണ് അവര്‍ എത്തിയതെന്നായിരുന്നു മറുപടി. “ഞങ്ങള്‍ അവരെ വിളിച്ചിട്ടില്ല. ഞങ്ങള്‍ക്ക് വിശദീകരണം വേണ്ടതുണ്ടെങ്കില്‍ ഞങ്ങള്‍ വിളിക്കും” – ചീഫ് ജസ്റ്റിസ് ദത്തു വ്യക്തമാക്കി.
കോടതി മുറിയില്‍ നിന്ന് മാറി, അവരവരുടെ ജോലിചെയ്യാന്‍ ഓഫീസര്‍മാരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തു.

Latest