International
കാശ്മീര്‍ നേതാക്കളുമായി ആദ്യം ചര്‍ച്ചയെന്ന് നവാസ് ശരീഫ്
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി സംഭാഷണം തുടങ്ങുന്നതിന് മുമ്പ് കാശ്മീര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മുസാഫറാബാദില്‍ കാശ്മീര്‍ കൗണ്‍സിലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പാക് സ്ഥാനപതി ഹുര്‍റിയത് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. പാക്കിസ്ഥാന്‍ സ്വയം തന്നെ ഭീകരവാദത്തിന്റെ വലിയൊരു ഇരയാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഈ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നത് അസ്ഥാനത്താണെന്നും പ്രധാനമന്ത്രി ശരീഫ് കൂട്ടിച്ചേര്‍ത്തു. അയല്‍രാജ്യത്തോടുള്ള ഇന്ത്യയുടെ പക്ഷപാതപരമായ പെരുമാറ്റത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്‍മാരാണെന്ന കാര്യത്തില്‍ സംതൃപ്തിയുണ്ട്. കാശ്മീര്‍ പ്രശ്‌നം പരസ്പര സംഭാഷണത്തിലൂടെ മാത്രം പരിഹരിക്കണമെന്നത് പാക്കിസ്ഥാന്റെ അടിസ്ഥാന വിശ്വാസമാണ്. ഈ ലക്ഷ്യവുമായി താന്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പക്ഷേ നേരത്തെ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഇന്ത്യ റദ്ദ് ചെയ്തിരിക്കുകയാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ ചര്‍ച്ചയുടെ പാതയിലേക്ക് കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. എന്തായാലും ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാറുമായി സന്ധി സംഭാഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കാശ്മീരിലെ നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തുമെന്നും ശരീഫ് വ്യക്തമാക്കി.