Connect with us

Articles

അഡ്ജസ്റ്റുമെന്റ് കാലത്തെ അടവുനയങ്ങള്‍

Published

|

Last Updated

“സംഭവിക്കില്ലെന്ന് നാമെല്ലാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന പാര്‍ട്ടിയാണ് അവരുടേത്.”
– പിണറായി വിജയന്‍
“സംഭവിക്കാത്തത് സംഭവിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സംസ്ഥാന കമ്മറ്റിയംഗം തന്നെ ആവശ്യപ്പെട്ടിട്ടും അത് മുഖവിലക്കെടുക്കാത്തവരാണ് ഞങ്ങളെ പഴിക്കുന്നത്. അന്വേഷിച്ചത് തെറ്റും അന്വേഷിക്കാതിരുന്നത് മിടുക്കും എന്ന നിലപാട് ശരിയോ?”
– പന്ന്യന്‍ രവീന്ദ്രന്‍

പോയ വാരം കേരളത്തിലെ പ്രധാന ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ നടന്ന ചക്കളത്തി പോരിനിടയില്‍ രണ്ട് പാര്‍ട്ടികളെയും നയിക്കുന്നവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരസ്പരം നടത്തിയ വിമര്‍ശമാണിത്. പ്രതിച്ഛായ യുദ്ധത്തിലെ ഈ ചെളിവാരിയെറിയലില്‍ ശരാശരി മലയാളി മനസ്സിലാക്കിയ ഒരു വസ്തുതയുണ്ട്. അധികാരം എന്ന ഇടുങ്ങിയ ഒരിടത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ചുരുങ്ങുകയാണ്. അതിനായി എന്ത് വിട്ടുവീഴ്ചയും ചെയ്യും. ഈ കുളത്തില്‍ ഞങ്ങള്‍ മാത്രമല്ല, നിങ്ങളും നഗ്നരാണെന്ന് ഇരു പാര്‍ട്ടികളും പരസ്പരം ഓര്‍മിപ്പിക്കുന്നു. പന്ന്യന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ “എല്ലാം ഒരു അഡ്ജസ്റ്റമെന്റ്”. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് സി കെ ചന്ദ്രപ്പന്‍ കമ്മ്യൂണിസ്റ്റ് പദാവലിക്ക് സംഭാവന ചെയ്ത “ഇവന്റ്മാനേജ്‌മെന്റ്” പ്രയോഗം പോലെ ഇത്തവണ പന്ന്യന്‍ രവീന്ദ്രന്‍ സമ്മാനിച്ചതാണ് “അഡ്ജസ്റ്റ്‌മെന്റ് സമരം.” ഏത് സമരമാണ് അഡ്ജസ്റ്റ്‌മെന്റ് എന്ന് പന്ന്യന്‍ വ്യക്തമാക്കിയില്ലെങ്കിലും പാര്‍ട്ടി മുഖപത്രങ്ങള്‍ വഴി തുടര്‍ന്ന് കൊണ്ടിരിക്കുന്ന ആശയസംവാദം ശ്രദ്ധിച്ചാല്‍ അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ബോധ്യമാകും ഈ അഡ്ജസ്റ്റ്‌മെന്റുകളേതെല്ലാമെന്ന്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരമാണ് “അഡ്ജസ്റ്റ്‌മെന്റ്” പട്ടികയില്‍ സി പി ഐ ആദ്യമെണ്ണുന്നത്. സെക്രട്ടേറിയറ്റില്‍ അന്ന് കുടുങ്ങിപ്പോയ മന്ത്രിമാരെ പുറത്തെത്തിച്ചതില്‍ ചില അഡ്ജസ്റ്റ്‌മെന്റ് നടന്നതായി ജനയുഗം തന്നെ വിമര്‍ശിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിനെ പരസ്യമായി ബന്ധപ്പെടുത്തുന്നില്ലെങ്കിലും ചില കൊലപാതക കേസുകളുമായി ഈ അഡ്ജസ്റ്റ്‌മെന്റിന് ബന്ധമുണ്ടെന്ന പരോക്ഷ സൂചനകളും ജനയുഗം നല്‍കുന്നു. ഈ വാദം ശരിയെങ്കില്‍ പാര്‍ട്ടി ആഹ്വാനം ശിരസ്സാവഹിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു പുതിയ മുന്നേറ്റം സൃഷ്ടിച്ച താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ നേതൃത്വം വഞ്ചിച്ചെന്ന് പറയേണ്ടി വരും. തലസ്ഥാനത്ത് വലിയൊരു മുന്നേറ്റമായി രൂപപ്പെട്ട ആ സമരം അവസാനിപ്പിച്ച രീതിയെക്കുറിച്ച് അന്ന് തന്നെ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്നതാണ്. സമരം അവസാനിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായെന്ന വസ്തുത കാണാതിരിക്കുന്നില്ല. അത്രയും വലിയൊരു ജനത്തെ ഉള്‍ക്കൊള്ളാന്‍, അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നതിലെ പരിമിതി ഒരു കാരണം തന്നെയായിരുന്നു. എന്നാല്‍, സമരം തുടങ്ങിയപ്പോള്‍ തന്നെ അഡ്ജസ്റ്റ്‌മെന്റുകള്‍ തുടങ്ങിയെന്ന സൂചനകളാണ് സി പി ഐ നല്‍കുന്നത്. കാരണം, സെക്രട്ടേറിയറ്റിനുള്ളില്‍ മന്ത്രിമാര്‍ കുടുങ്ങിപ്പോയത് ആദ്യ ദിവസമാണ്. അവര്‍ക്ക് പുറത്തേക്ക് വഴിയൊരുക്കിയതിനെക്കുറിച്ചാണ് സി പി ഐ സംശയിക്കുന്നത്.
അകത്തളങ്ങളില്‍ അന്ന് ഉന്നയിക്കപ്പെട്ട സംശയമാണ് ബാര്‍ കോഴ വിവാദത്തിലൂടെ തികട്ടിത്തികട്ടി പുറത്ത് വന്നിരിക്കുന്നത്. ഇത് തന്നെയാണ് “അഡ്ജസ്റ്റ്‌മെന്റ് സമരം” എന്ന പരസ്യ വിമര്‍ശത്തിന് സി പി ഐയെ പ്രേരിപ്പിക്കുന്നതും. മാണിയോട് സി പി എമ്മിന് മൃദുസമീപനമുണ്ടെന്ന വാര്‍ത്തകളെ ചേര്‍ത്തുപിടിച്ചാണ് ഇങ്ങനെയൊരു വിമര്‍ശം സി പി ഐ ഉയര്‍ത്തിയത്.
ഇടതുപക്ഷത്തേക്ക് കെ എം മാണി വരുന്നത് സി പി എം കുറേ നാളായി സ്വപ്‌നം കാണുന്നതാണ്. സി പി ഐയും ഇതില്‍ മോശക്കാരല്ല. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് ഇരു പാര്‍ട്ടികളുടെയും നേതാക്കളെക്കൊണ്ട് ഇടക്കിടെ പറയിപ്പിക്കുന്നത് മാണിയോടുള്ള ഇഷ്ടമല്ല, മറിച്ച് അധികാരം എന്ന ചിന്തയില്‍ നിന്ന് രൂപപ്പെട്ട സ്‌നേഹമാണത്. വി എസും പിണറായിയും കോടിയേരി ബാലകൃഷ്ണനും പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനുമെല്ലാം പല ഘട്ടങ്ങളില്‍ മാണിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ബാര്‍ കോഴ വിവാദത്തില്‍ സി പി എമ്മിന്റെ തണുപ്പന്‍ നിലപാട് കണ്ടതോടെയാണ് സി പി ഐ അപകടം മണത്തത്. മാണി വന്നാല്‍ തങ്ങള്‍ ബലിയാടാകുമെന്ന ചിന്ത അവരെ “മൃദുസമീപന” വിവാദത്തിലേക്ക് നയിച്ചു.
സോളാര്‍ കേസില്‍ സര്‍വശക്തിയും സംഭരിച്ചാണ് സി പി എമ്മും ഇടതുപക്ഷമാകെയും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. മാണിയെ നേരിട്ടതാകട്ടെ, പത്രപ്രസ്താവനകളിലൂടെ മാത്രവും. മാണി രാജി വെക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ പോലും സി പി എം വൈകിയെന്ന വിമര്‍ശം സി പി ഐക്കുണ്ട്. ഏത് അന്വേഷണം വേണം, എങ്ങനെ സമരം ചെയ്യണം എന്ന് കൂടിയാലോചിക്കാന്‍ പോലും ഏതാണ്ട് 17 ദിവസം വേണ്ടി വന്നു. പന്ന്യന്‍ രവീന്ദ്രന്‍ തന്നെ കാലതാമസത്തെക്കുറിച്ച് കൃത്യമായി പറഞ്ഞതാണ്. “ഫോണില്‍ ആശയവിനിമയം നടത്തി ഞങ്ങള്‍ സമരം ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി അറിയിക്കാതെ യോഗം ചേര്‍ന്നിട്ടുണ്ട്. മാണിയുടെ കാര്യം തീരുമാനിക്കാന്‍ 17 ദിവസം വേണ്ടിവന്നു.” മാണിയുടെ കാര്യത്തില്‍ മൗനം പാലിച്ചപ്പോഴും അഴകുഴമ്പന്‍ നിലപാട് സ്വീകരിച്ചപ്പോഴും ജനം സംശയിച്ചെന്നും അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ച് അടക്കം പറഞ്ഞെന്നുമാണ് സി പി ഐ പറയുന്നത്. മാണിയോട് മൃദുസമീപനമെന്ന വിമര്‍ശത്തെ ബലപ്പെടുത്താന്‍ മറ്റു ചില ഉദാഹരണങ്ങള്‍ക്കൂടി സി പി ഐ സൂചിപ്പിക്കുന്നു.
നികുതി നിഷേധസമരത്തിന്റെ ഗതിയാണിതിലൊന്ന്. കേരളം നേരിടുന്ന ധനപ്രതിസന്ധി മറികടക്കാന്‍ മാണി കൊണ്ടുവന്ന കുറുക്കുവഴിയായിരുന്നു നികുതി വര്‍ധന. കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചും നിയമസഭയെ നോക്കുകുത്തിയാക്കിയും ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന നികുതി വര്‍ധനയെ നികുതി നിഷേധ സമരത്തിലൂടെ നേരിടുമെന്നായിരുന്നു സി പി എം പ്രഖ്യാപനം. എല്‍ ഡി എഫ് യോഗം ചേര്‍ന്ന് ഇതിനുള്ള കര്‍മ പദ്ധതിയും തയ്യാറാക്കി. സെക്രട്ടേറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും സംയുക്ത മാര്‍ച്ച് നടത്തിയതല്ലാതെ മറ്റു സമരങ്ങളൊന്നും നടന്നില്ല. ഈ സമരം വീണ്ടും പൊടിതട്ടിയെടുക്കാന്‍ തീരുമാനിച്ചിരിക്കയാണ് കഴിഞ്ഞ എല്‍ ഡി എഫ് യോഗം. ധനമന്ത്രി കെ എം മാണി ആയതിനാലാണ് ഈ സമരവും അഡ്ജസ്റ്റ്‌മെന്റായതെന്ന്, ഉണ്ടും ഉറങ്ങിയും കൂടെ നില്‍ക്കുന്ന സി പി ഐ സംശയിക്കുന്നുവെങ്കില്‍ സാധാരണ ജനത്തിന്റെ മനോഗതി എന്തായിരിക്കും?
എന്തായാലും കേരളത്തെ പിടിച്ചുലയ്ക്കുമായിരുന്ന ഒരു അഴിമതി ആരോപണത്തില്‍ നിന്ന് കെ എം മാണിയെ രക്ഷിച്ചെടുക്കുന്നതില്‍ സി പി എം വിജയിച്ചു കഴിഞ്ഞു. മാണി സുരക്ഷിതനായിരിക്കുമെന്ന സന്ദേശം നല്‍കിയ ശേഷമാണ് എല്‍ ഡി എഫ് സമരത്തിന് ഇറങ്ങുന്നത്. ഭാവിയില്‍ മാണി കൂടെയുണ്ടാകണമെന്ന ആഗ്രഹം പൂര്‍ണമായി ഉപേക്ഷിക്കുന്നില്ല. തങ്ങള്‍ സമരത്തിലേക്ക് എടുത്തെറിയപ്പെട്ടതാണെന്ന് മാണിയെക്കൊണ്ട് പറയിപ്പിക്കുന്നതിലും സി പി എം വിജയിച്ചു. ഇതെല്ലാം നോക്കിയും കണ്ടും നില്‍ക്കുന്ന ജനം വിഡ്ഢികളായെന്ന് മാത്രം.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചിലത് സംഭവിച്ചെന്ന് ഇരുനേതാക്കളും പരസ്പരം ആരോപിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതിനെയാണ് പിണറായി വിമര്‍ശിച്ചത്. ഒന്നര കോടി രൂപയോളം കോഴ നല്‍കിയാണ് ബെന്നറ്റ് സ്ഥാനാര്‍ഥിയായതെന്ന് സി പി ഐ തന്നെ സമ്മതിച്ചതാണ്. സി ദിവാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇതിന്റെ പേരില്‍ നടപടിയുമെടുത്തു. സമാനസ്വാഭവം തന്നെയാണ് എറണാകുളത്തെ സി പി എം സ്ഥാനാര്‍ഥി ക്രിസ്റ്റിഫെര്‍ണാണ്ടസിനെതിരെ സി പി ഐ ഉന്നയിക്കുന്നത്. സി പി എം സംസ്ഥാനകമ്മിറ്റിയംഗം എം എം ലോറന്‍സ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച സംശയം പന്ന്യനും എടുത്തുദ്ധരിക്കുന്നുണ്ട്. പരസ്യ വിമര്‍ശം നിര്‍ത്തിയെങ്കിലും സ്വന്തം പത്രങ്ങളിലൂടെയുള്ള “ആശയ സംവാദം” ഇരു പാര്‍ട്ടികളും തുടരുന്നുണ്ട്. ഭിന്നിപ്പിന്റെ നേട്ട കോട്ടങ്ങള്‍ മുതല്‍ കോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം ആര്‍ക്കെന്നതില്‍ വരെ തര്‍ക്കങ്ങളാണ്. കോണ്‍ഗ്രസ് ബന്ധത്തിന്റെ ഹാംഗ് ഓവറില്‍ തന്നെയാണ് സി പി ഐയെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അടുത്തകാലത്ത് കോണ്‍ഗ്രസിനൊപ്പം നിന്നവര്‍ സി പി എമ്മാണെന്ന് സി പി ഐയും പറയുന്നു. അത് അവര്‍ തന്നെ തര്‍ക്കിച്ച് തീര്‍ക്കട്ടെ.

Latest