Kerala
ഷട്ടര്‍ തുറക്കാതെ തമിഴ്‌നാട്; കൊണ്ടുപോകുന്ന വെള്ളത്തിന്റ അളവ് കൂട്ടി
ഇടുക്കി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും കേരളത്തിന്റെ ആവശ്യം നിരാകരിച്ച് ഷട്ടര്‍ തുറക്കാതെ തമിഴ്‌നാട്. ഒരു ദിവസം തുളളി വെളളം പോലും കൊണ്ടുപോകാതെ ജലനിരപ്പ് 142 അടിയിലെത്തിച്ച തമിഴ്‌നാട് ഇന്നലെ ഡാം നിറഞ്ഞപ്പോള്‍ ഷട്ടറുകള്‍ വഴിയും ഇരച്ചില്‍പ്പാലത്തിലൂടെയും വെളളം കൊണ്ടുപോയി തുടങ്ങി. കേരളത്തിന്റെ ആശങ്ക പരിഗണിച്ച് 140 അടിയെത്തുമ്പോള്‍ ഷട്ടര്‍ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന തമിഴ്‌നാട് പിന്നീട് ഇത് നിരാകരിച്ചു.ജലനിരപ്പ് 142 അടിയിലെത്തിയതിന്റെ ആഹ്ലാദം തമിഴ്‌നാട്ടില്‍ അലതല്ലുമ്പോള്‍ നെഞ്ചിടിപ്പോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കേരളം.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് 35 വര്‍ഷത്തിന് ശേഷം ജലനിരപ്പ് 142 അടിയിലെത്തിയത്. 3.15ന് ഇടുക്കി കലക്ടര്‍ക്ക് ഇക്കാര്യം അറിയിച്ച് തേനി കലക്ടറുടെ ഫാക്‌സ് സന്ദേശം എത്തി. 142 അടി ജലനിരപ്പ് എത്തിയപ്പോള്‍ സെകന്‍ഡില്‍ 1400 ഘനയടി വെളളം ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നു. ആ സമയം 1916 ഘനയടി വെളളം തമിഴ്‌നാട് കൊണ്ടുപോയിത്തുടങ്ങി. 900 ഘനയടി നാലു പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയും ബാക്കിയുളളത് ഇരച്ചില്‍പ്പാലം കനാല്‍ വഴിയുമാണ് കൊണ്ടുപോകുന്നത്. ഇതോടെ വൈകുന്നേരമായപ്പോള്‍ ജലനിരപ്പ് 141.45 അടിയിലെത്തി. നീരൊഴുക്ക് രണ്ടായിരം ഘനയടിയിലെത്തിയാലേ ഷട്ടര്‍ തുറക്കൂ എന്നതാണ് തമിഴ്‌നാടിന്റെ നിലപാട്. ജലനിരപ്പ് 142 അടിയിലെത്തിയതിന്റെ ആഹ്ലാദമാണ് തമിഴ്‌നാട്ടിലെങ്ങും.
1979ലാണ് അപകടാവസ്ഥ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍ നിന്നും 136 ആയി താഴ്ത്തിയത്. ഇതിനെതിരെ മൂന്നര പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കഴിഞ്ഞ മെയിലാണ് തമിഴ്‌നാടിന് അനുകൂല വിധി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്.
ഇന്നലെ വിധി നടപ്പായതോടെ ഗൂഡല്ലൂര്‍ കമ്പം മേഖലകളില്‍ കര്‍ഷകര്‍ പടക്കം പൊട്ടിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ മുല്ലപ്പെരിയാര്‍ സ്ഥാപകനായ പെന്നിക്വിക്കിന്റെ ഗൂഡല്ലൂരിലെ സ്മാരകം ദിപാലംകൃതമാക്കി. ചരിത്രനേട്ടം വിളംബരം ചെയ്യുന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. മുല്ലപ്പെരിയാറില്‍ നിന്നും ലഭിക്കുന്ന അധിക ജലം അഞ്ചു ജില്ലകളിലെ 1485 കൂറ്റന്‍ ടാങ്കുകളിലായി സൂക്ഷിക്കും. തേനി ജില്ലാ കര്‍ഷക സംഘം ലോവര്‍ ക്യംപില്‍ കര്‍ഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്.
ഇതിനിടെ ഇടുക്കി ജില്ലാ ഭരണകൂടം സ്വീകരിച്ചതായി പറയുന്ന സുരക്ഷാ നടപടികളൊന്നും പെരിയാര്‍ തീരത്തെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ പര്യാപ്തമായിട്ടില്ല. പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ വില്ലേജുകളിലായി 17 ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളാരും അവിടേക്ക് എത്തിയിട്ടില്ല. കലക്ടര്‍ അജിത് പാട്ടീലിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സംഘത്തിന്റെ പ്രത്യേക ഉന്നതതല യോഗം ചേര്‍ന്നു.
ദുരന്ത നിവാരണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഡോ. ശേഖര്‍ കുര്യക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു ദുരന്ത നിവാരണ സേന ഇന്ന് പെരിയാര്‍ തീരവും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. കുട്ടികള്‍ക്ക് കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.