Connect with us

Articles

43 വിദ്യാര്‍ഥികള്‍ക്ക് ചെയ്യാനായത്

Published

|

Last Updated

ഇത് മെക്‌സിക്കോ. മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടങ്ങള്‍ക്ക് കൊളംബിയ പോലെ കുപ്രസിദ്ധം. ഇവിടുത്തെ അധ്യാപക പരിശീലന കേന്ദ്രത്തിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കാനായി പട്ടണത്തിലെത്തുന്നു. മൂന്ന് മാസം മുമ്പാണ് സംഭവം. പട്ടണത്തിലെത്തിയ വിദ്യാര്‍ഥികളെ പിന്നെ ആരും കണ്ടിട്ടില്ല. നിഗൂഢമായ ആ തിരോധാനം വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ പൗരത്വത്തിന്റെ പുതിയ പ്രയോഗങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. നിയമവാഴ്ച ഉറപ്പ് വരുത്താന്‍ രാഷ്ട്രത്തിന്റെ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് അല്ലെങ്കില്‍ ഭരണകൂടം സ്വയം പരാജയം എടുത്തണിയുമ്പോള്‍ എങ്ങനെയാണ് പൗരന്‍മാര്‍ ഉത്തരവാദിത്വത്തിലേക്ക് ഉണരുന്നത് എന്നറിയാന്‍ മെക്‌സിക്കോയിലേക്ക് നോക്കിയാല്‍ മതി. രാജഭരണവും കൊളോണിയല്‍ ഭരണവും ഏകകക്ഷി ഭരണവും പിന്നിട്ട് കടന്ന് വന്നിട്ടും മെക്‌സിക്കോയുടെ ഭരണ വ്യവസ്ഥ ജനായത്തത്തിന്റെ സ്വഭാവം കാണിക്കുന്നില്ല. അത് പഴയ ഫ്യൂഡല്‍ തലത്തില്‍ തന്നെ തുടരുകയാണ്. ഈ കരീബിയന്‍ രാഷ്ട്രത്തെ നാര്‍ക്കോ സ്റ്റേറ്റ് എന്ന് വിളിക്കുന്നവര്‍ ഏറെയാണ്. അത്രക്ക് ശക്തമാണ് മയക്കുമരുന്ന്, ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ. അമേരിക്കയിലേക്കും അയല്‍ രാജ്യങ്ങളിലേക്കുമെല്ലാം മെക്‌സിക്കോയില്‍ നിന്ന് നിരോധിത വസ്തുക്കള്‍ ഒഴുകുന്നു. ഇത്തരം ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ ആയിരങ്ങള്‍ മരിച്ചിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്. രാജ്യത്തിന്റെ സമസ്ത മേഖലയിലും അവര്‍ പിടിമുറുക്കിയിരിക്കുന്നു. 2006ന് ശേഷം മാത്രം രണ്ട് ലക്ഷം പേരാണ് മെക്‌സോക്കോയില്‍ കാണാതായത്. അതില്‍ ഭൂരിപക്ഷവും യുവാക്കളാണ്. ഇവരെക്കുറിച്ച് ഒരു തുമ്പും ഇല്ല. മയക്കുമരുന്ന് സംഘങ്ങള്‍ കൊന്നു തള്ളിയ മനുഷ്യരുടെ കൂട്ടക്കുഴിമാടങ്ങള്‍ നിരവധി കണ്ടെത്തിയിട്ടുണ്ട് ഇവിടെ. തീവ്രവാദ ഗ്രൂപ്പുകളുടെ പേരില്‍ മുദ്ര ചാര്‍ത്തപ്പെട്ട് നിരവധി രാഷ്ട്രങ്ങള്‍ ക്രൂരമായ ബാഹ്യ ഇടപെടലിന് വിധേയമാകുമ്പോള്‍ മെക്‌സിക്കോ പോലുള്ള അപകടകരമായ രാഷ്ട്രങ്ങളെ പരാജിത രാഷ്ട്രങ്ങളെന്ന് വിളിക്കാനോ അവയെ തിരുത്തല്‍ നടപടികളിലേക്ക് നയിക്കാനോ ഒരു അന്താരാഷ്ട്ര സമിതിയും മുതിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ സെപ്തംബര്‍ 26നാണ് ഗ്വറേറോ പ്രവിശ്യയിലെ ഇഗ്വാലാ പട്ടണത്തില്‍ നിന്ന് 43 അധ്യാപക പരിശീലന വിദ്യാര്‍ഥികളെ കാണാതായത്. ഈ വിദ്യാര്‍ഥികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമായി പറയാന്‍ അധികാരികള്‍ക്ക് സാധിച്ചിരുന്നില്ല. അത് അന്വേഷിക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ലെന്നതാണ് സത്യം. വിദ്യാര്‍ഥികള്‍ സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതതിരെ പ്രതിഷേധം സംഘടിപ്പിക്കാനും അവരുടെ സിവില്‍ സംഘടനക്ക് ഫണ്ട് ശേഖരിക്കാനുമാണ് പട്ടണത്തിലെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പകരം പട്ടണത്തിലെ മേയര്‍ ജോസ് ലൂയി അബാര്‍ക ചെയ്തത് ഇവരെ വകവരുത്താന്‍ ക്രിമിനല്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ മേയറുടെ ഭാര്യ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കടന്ന് ചെന്ന് പ്രതിഷേധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് മണത്തറിഞ്ഞാണ് ക്രിമനല്‍ സംഘത്തെ ഇറക്കി ഇവരെ അപ്രത്യക്ഷരാക്കിയത്. അപ്രത്യക്ഷരാക്കിയത് എന്നേ പറയാനൊക്കൂ. കാരണം ഇവരുടെ മൃതദേഹം പോലും കണ്ടെത്താനായിട്ടില്ല. കൊന്ന് കത്തിച്ച് കളഞ്ഞുവെന്നാണ് ഒടുവില്‍ പുറത്ത് വന്ന വിവരം. ഈ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടത് പോലീസ് സംവിധാനത്തിന്റെ മിടുക്ക് കൊണ്ടല്ല എന്നതാണ് മെക്‌സിക്കോയെ ലോക വിശേഷമാക്കി മാറ്റുന്നത്. അത് സാധ്യമായത് സമാന്തര അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തന ഫലമായാണ്. 43 വിദ്യാര്‍ഥികളുടെ തിരോധാനം പുതിയൊരു പൗരത്വ പ്രയോഗത്തിന് നാന്ദി കുറിച്ചിരിക്കുന്നു എന്ന് ഈ കുറിപ്പിന്റെ തുടക്കത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനമിതാണ്. ഇവിടെ ജനങ്ങള്‍ വെറുതെ പ്രതിഷേധിക്കുകയായിരുന്നില്ല. അവര്‍ അന്വേഷണ ഏജന്‍സി ഉണ്ടാക്കി. ഫേറന്‍സിക് സംഘം സൃഷ്ടിച്ചു. സാങ്കേതിക പരിശീലനം നേടി. പുറം രാജ്യങ്ങളില്‍ പോയി ഏറ്റവും പുതിയ കുറ്റാന്വേഷണ നൈപുണ്യങ്ങള്‍ സ്വായത്തമാക്കി. അങ്ങനെ പോലീസിനേയും ക്രിമിനല്‍ സംഘത്തെയും ഭരണകൂടത്തെയും ഒരു പോലെ അന്വേഷണ വിധേയമാക്കി അവര്‍. ഒടുവിലിപ്പോള്‍ മേയറും ഭാര്യയും അറസ്റ്റിലായി. അറസ്റ്റ് ഒഴിവാക്കാന്‍ പോലീസിന് സാധിക്കാത്ത വിധം ശക്തമായിരുന്നു തെളിവുകള്‍. അറ്റോര്‍ണി ജനറല്‍ ജീസസ് മൂറിലോ കരം ഈ സമാന്തര പൗര സംഘങ്ങള്‍ നിരത്തിയ തെളിവുകള്‍ ഔദ്യോഗികമായി സ്വീകരിച്ചിരിക്കുകയാണ്. (അല്‍ ജസീറയോട് കടപ്പാട്).
മയക്കു മരുന്ന് സംഘങ്ങളുടെ ക്രൂരതകള്‍ സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മെക്‌സിക്കോയുടെ അടിസ്ഥാന പ്രശ്‌നം. ഭരണകൂടം പൂര്‍ണമായി ഇത്തരം സംഘങ്ങള്‍ക്ക് വഴിപ്പെട്ടിരിക്കുന്നു. അവയെക്കുറിച്ച് മിണ്ടാന്‍ ഭരണ കര്‍ത്താക്കള്‍ക്ക് പേടിയാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2012 ഡിസംബര്‍ മുതല്‍ രാജ്യത്ത് ഭരണം കൈയാളുന്ന പ്രസിഡന്റ് എന്റിക് പെനാ നീറ്റോ ഈ വര്‍ഷങങളിലുടനീളം ശ്രമിച്ചു കൊണ്ടിരുന്നത് “പ്രതിച്ഛായ മെച്ചപ്പെടുത്താനാണ്”. എന്നുവെച്ചാല്‍ മാധ്യമങ്ങളെ പേടിപ്പിച്ച് നിര്‍ത്തുക. മയക്കു മരുന്ന് സംഘങ്ങളുടെ കൊടും ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ “സംയമനം” പാലിക്കുക. പുറം ലോകം അറിയുന്നത് മോശമല്ലേ? കൊലപാതകങ്ങളുടെ അകത്തളങ്ങളിലേക്ക് എത്തിനോക്കി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുത്. സചിത്ര റിപ്പോര്‍ട്ടുകള്‍ കുറയ്ക്കണം. അപകടകരമായ മാധ്യമ പ്രവര്‍ത്തനത്തിന് മുതിരരുത്. ഇങ്ങനെ പോകുന്നു മാധ്യമങ്ങള്‍ക്കുള്ള തീട്ടൂരം. ഈ നിര്‍ദേശം അനുസരിക്കാത്ത മാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ പ്രതികാര നടപടിയെടുക്കും. അവയുടെ ലൈസന്‍സ് റദ്ദാക്കും. രാജ്യത്തെ അവഹേളിച്ചുവെന്ന കുറ്റം ചുമത്തും. സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കും. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ ടെലിവിസയുമായി പ്രസിഡന്റിന് ഉറ്റ ബന്ധമാണ് ഉള്ളത്. അത്‌കൊണ്ട് മാധ്യമങ്ങളില്‍ പ്രതിച്ഛായ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഇല്ല. അതിനിടക്കാണ് പത്രപ്രവര്‍ത്തകരെ ഞെട്ടിച്ചു നിര്‍ത്തുന്നത്. ഇതിന്റെ ഫലമായി സംഭവിച്ചതെന്താണ്? മയക്കു മരുന്ന് ലോബി കൊന്നു തള്ളിയവരുടെ എണ്ണം “വെട്ടിക്കുറക്കാന്‍” പ്രസിഡന്റിന് സാധിച്ചു. ടൈം മാഗസിന്റെ മുഖചിത്രത്തില്‍ “സേവിംഗ് മെക്‌സിക്കോ” എന്ന അടിക്കുറിപ്പോടെ ചിരിച്ച് നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു.
എന്നാല്‍ സര്‍ക്കാറിന്റെ സത്യം, പ്രജകളുടെ സത്യം എന്ന വിഭജനം തന്നെ മെക്‌സിക്കോയില്‍ സാധ്യമാകുന്നതാണ് പിന്നെ കണ്ടത്. സര്‍ക്കാര്‍ കണക്കിന്റെ പൊള്ളത്തരങ്ങള്‍ ഒന്നൊന്നായി പൗര സംഘങ്ങള്‍ പുറത്ത് കൊണ്ടു വന്നു. ഇതിനായി ഇറങ്ങിപ്പുറപ്പെട്ട സമാന്തര അന്വേഷക ലെറ്റി റോയ് റിവേര ഹിഡാല്‍ഗോ ഇന്ന് മെക്‌സിക്കോയുടെ പുത്തനുണര്‍വിന്റെ പ്രതീകമാണ്. അധ്യാപികയായ അവരുടെ രണ്ട് മക്കളെ നേരത്തേ കാണാതായതാണ്. അവരെ തേടി നിയമത്തിന്റെ എല്ലാ വാതിലുകളും അവര്‍ മുട്ടി. ഫലമുണ്ടായില്ല. അങ്ങനെയാണ് സ്വയം തുനിഞ്ഞിറങ്ങിയത്. പ്രാഥമിക കമ്പ്യൂട്ടര്‍ പരിജ്ഞാനം മാത്രമുള്ള അവര്‍ എല്ലാ കുറ്റാന്വേഷണ സങ്കേതങ്ങളും ആര്‍ജിച്ചു. ഫോട്ടോഗ്രാഫി പഠിച്ചു. ഫോറന്‍സിക് വൈദഗ്ധ്യം നേടി. ഫണ്ടന്‍എല്‍ എന്ന സംഘടന രൂപവത്കരിച്ചു. അപ്പോഴേക്കും 43 വിദ്യാര്‍ഥികളുടെ തിരോധാനം ആയിരക്കണക്കിന് ആക്ടിവിസ്റ്റുകളെ സൃഷ്ടിച്ചിരുന്നു. മക്കള്‍ നഷ്ടപ്പെട്ടവരുടെ, സഹോദരങ്ങള്‍ നഷ്ടപ്പെട്ടവരുടെ ശൃംഖല തന്നെയുണ്ടായി. ഈ കണ്ണികള്‍ പിടിച്ച് പിടിച്ച് ഈ സമാന്തര അന്വേഷണ സംഘം മുന്നേറി. കൂട്ടക്കുഴിമാടങ്ങള്‍ അവര്‍ പരതി. ഇന്ന് സര്‍ക്കാറിന്റെ സത്യം മാത്രമല്ല മെക്‌സിക്കോയില്‍ ഉള്ളത്. അഥവാ സര്‍ക്കാറിന്റെ സത്യം അസ്തമിച്ചിരിക്കുന്നു. പുതിയ സത്യങ്ങള്‍, അവബോധങ്ങള്‍ ഉദിച്ചിരിക്കുന്നു.
നിയമവാഴ്ചയുടെ പുതിയ ധാര വെട്ടിത്തുറന്ന ഈ പ്രക്രിയ നിയമം കൈയിലെടുക്കലാണെന്ന് വാദിക്കുന്നവരുണ്ട്. അത് അരാജകത്വം സൃഷ്ടിക്കുമെന്നും പറയുന്നു. നിയമലംഘകര്‍ക്കായി ഭരണകൂടങ്ങള്‍ നിലകൊള്ളുന്നതിനേക്കാള്‍ വലിയ അരാജകത്വമുണ്ടോ? അപ്പോള്‍ പൗരന്‍മാര്‍ എന്ത് ചെയ്യും? അധികാരത്തിന്റെ പുതിയ പ്രയോഗങ്ങള്‍ പുറത്തെടുക്കും. അത്ര തന്നെ. ജനാധിപത്യത്തില്‍ ഊറ്റം കൊള്ളുന്ന നമ്മുടെ രാജ്യത്ത് ഭരിക്കുന്നവരും മുടിക്കുന്നവരും തമ്മിലുള്ള കൂട്ടുകെട്ട് ദേശീയവും പ്രാദേശികവുമായ പ്രതിഭാസമാണല്ലോ. നിയമവിരുദ്ധ ശക്തികള്‍ക്കായി തണലൊരുക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തോളുരുമ്മി നില്‍ക്കുമ്പോള്‍ ജനം നിയമം “കൈയിലെടുക്കു”മെന്ന് തന്നെയാണ് മെക്‌സിക്കോ നല്‍കുന്ന പാഠം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest