Connect with us

Ongoing News

ഷിയോമിയുടെ റെഡ്മി നോട്ടും ഇന്ത്യന്‍ വിപണിയില്‍; വില 8,999 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച റെഡ് മി വണ്‍ എസിന് ശേഷം ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷിയോമി മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി എത്തുന്നു. ഷിയോമിയുടെ റെഡ്മി നോട്ട് സ്മാര്‍ട്ട് ഫോണിന്റെ ത്രീജി, ഫോര്‍ജി വെന്‍ഷനുകള്‍ ഡിസംബറില്‍ ഓണ്‍ലൈന്‍ വിപണിയിലെത്തും. ലോകോത്തര ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ഫഌപ്പ് കാര്‍ട്ട് വഴി മാത്രമാണ് വില്‍പ്പന. ഇതിനുള്ള രജിസ്‌ട്രേഷന്‍ നാളെ വൈകീട്ട് ആറ് മണിക്ക് ആരംഭിക്കും.  ഡിസംബര്‍ രണ്ടിന് ത്രീജി വെര്‍ഷനാണ് ആദ്യം വിപണിയിലെത്തുന്നത്. 4ജി വെര്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം വില്‍പ്പനക്കെത്തും. ത്രീജി വെന്‍ഷന് 8,999 രൂപയും 4ജി വെര്‍ഷന് 9,999 രൂപയുമാണ് വില. ആദ്യ ഘട്ടത്തില്‍ 50,000 യൂണിറ്റ് വിറ്റഴിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

5.5 ഇഞ്ച് 720 പിക്‌സല്‍ ഐ പി എസ് ഡിസ്‌പ്ലേ, 13 മെഗാപിക്‌സല്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 1.7 ജിഗാഹേര്‍ഡ്‌സ് ഒക്ട കോര്‍ പ്രൊസസര്‍, രണ്ട് ജി ബി റാം, എട്ട് ജി ബി ഇന്റേണല്‍ മെമ്മറി തുടങ്ങിയവയാണ് ത്രീജി ഫോണിന്റെ സവിശേഷതകള്‍. 3100 എം എ എച്ച് ബാറ്ററി പവറുമുണ്ട്.

റെഡ്മി നോട്ടിന്റെ പത്ത് ദശലക്ഷം യൂണിറ്റുകള്‍ അന്താരാഷ്ട്ര വിപണിയില്‍ ഇതിനകം വിറ്റഴിച്ചതായി ഷിയോമി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായെത്തിയ ഷിയോമിയുടെ റെഡ്മി വണിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. സെക്കന്റുകള്‍ക്കകം ലക്ഷക്കണക്കിന് യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റുപോയിരുന്നു. ഒരു ലക്ഷം യൂണിറ്റ് റെഡ്മി എസ് വെറും 4.2 സെക്കന്‍ഡ് കൊണ്ടാണ് ഫ്ളിപ്പ് കാര്‍ട്ടില്‍ വിറ്റുപോയത്. അതിനേക്കാള്‍ ഇരട്ടി സവിശേഷതകള്‍ അടങ്ങിയ റെഡ്മി നോട്ടിന് ഇതിലും പ്രതികരണം ലഭിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

അതേസമയം, ഷിയോമി ഫോണുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഇന്ത്യന്‍ വ്യോമ സേനയുടെ കണ്ടെത്തല്‍ കാരണം നല്ലൊരു വിഭാഗം ആളുകള്‍ ഈ ഫോണ്‍ വാങ്ങാന്‍ മടിക്കുന്നുമുണ്ട്. ഷിയോമി ഫോണുകള്‍ ഉപഭോക്താക്കളുടെ അനുമതി കൂടാതെ ചൈനീസ് കമ്പനിക്ക് വിവരങ്ങള്‍ അയച്ചുനല്‍കുന്നതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ് ടീമും കണ്ടെത്തിയിരുന്നു. പക്ഷേ ഇതൊന്നും രഹസ്യങ്ങളില്ലാത്ത ന്യൂജനറേഷന്‍ യുവത്വത്തിന് പ്രശ്‌നമല്ല. അവര്‍ ഷിയോമി ഫോണുകള്‍ക്കായി കണ്ണിലെണ്ണയൊഴിച്ച് കിത്തിരിക്കുകയാണ്. കാരണം അത്രക്കുണ്ട് അതില്‍ ഫീച്ചറുകള്‍.

---- facebook comment plugin here -----

Latest