Ongoing News
ഐ എസ് എല്‍: കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
കൊച്ചി: പകരക്കാരനായി ഇറങ്ങിയ ബ്രൂണോ അഗസ്റ്റോ പെലിസേറി ഡി ലിമ എന്ന ബ്രസീലിയന്‍ താരം നേടിയ മിന്നുന്ന ഗോളില്‍ ചെന്നൈയിന്‍ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനല്‍ ബെര്‍ത്തിലേക്ക് കുതിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തുറ്റ പ്രതിരോധത്തിന്റെ കോട്ട മലര്‍ക്കെ തുറന്ന ഒരു നിമിഷത്തില്‍ മിന്നല്‍പ്പിണറായി മാറിയ പെലിസേറി ബ്ലാസ്റ്റേഴ്‌സിനെയും നെഹ്‌റു സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ അറുപതിനായിരത്തോളം കേരള ആരാധകരെയും ഒരു നിമിഷം കൊണ്ട് തോല്‍പ്പിച്ചു.
87-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ചെന്നൈ ഗോള്‍മുഖത്ത് പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടിരിക്കെ പന്ത് റാഞ്ചിയെടുത്ത് ഒറ്റക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ മുഖം ലക്ഷ്യമാക്കി പെലിസേറി കുതിക്കുമ്പോള്‍ കേരളത്തിന്റെ ഏരിയയില്‍ ഒഴിഞ്ഞ മൈതാനവും ഗോളി സന്ദീപ് നന്ദിയും മാത്രം. പിന്നാലെ പാഞ്ഞെത്തിയവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ പെലിസേറി പന്തുമായി ബോക്‌സിലേക്ക് കടന്നു. മുന്നോട്ടു കയറാന്‍ ശ്രമിച്ച ഗോളിയെ നിസ്സഹായനാക്കി അളന്നു കുറിച്ച ഒരു ഷോട്ടിലൂടെ പെലിസേറി പന്ത് വലയിലാക്കി.
കഴിഞ്ഞ മത്സരത്തിലെ പോലെ 4-4-2 ശൈലിയില്‍ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌സി 4-3-1-2 ശൈലിയാണ് അവലംബിച്ചത്. തുടക്കം മുതല്‍ ചെന്നെയിന്‍ മുന്നേറ്റത്തിന് മുന്നില്‍ വിറച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പതിനഞ്ച് മിനിറ്റില്‍ പന്ത് 90 ശതമാനവും ചെന്നൈയുടെ കാലുകളിലായിരുന്നു. കേരളത്തിന് മുന്നേറാന്‍ കഴിഞ്ഞത് മൂന്നോ നാലോ അവരസങ്ങളില്‍ മാത്രം. ഹെംഗ്ബര്‍ട്ടിന്റെ അഭാവം ടീമില്‍ നിഴലിച്ചു. മധ്യനിരയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച സ്റ്റീഫന്‍ പിയേഴ്‌സണ്‍ താളം കണ്ടെത്താന്‍ വിഷമിച്ചു. നാലാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സിക്കാണ് കളിയിലെ ആദ്യ അവസരം ലഭിച്ചത്. ക്രിസ്റ്റിയന്‍ ഹിഡാല്‍ഗോ ഷോട്ട് ഉതിര്‍ത്തെങ്കിലും ഡേവിഡ് ജെയിംസ് കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. കളിയുടെ പത്താം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ മികച്ച നീക്കം പിറന്നത്. സന്തോഷ് ജിംഗാന്‍ പന്തുമായി വലതുപാര്‍ശ്വത്തിലൂടെ മുന്നേറി സബീത്തിന് നല്‍കി. സബീത്ത് രണ്ട് ചെന്നൈയിന്‍ താരങ്ങള്‍ക്കിടയിലൂടെ ഇയാന്‍ ഹ്യൂമിന് പന്ത് മറിച്ചുകൊടുത്തു. എന്നാല്‍ ഹ്യൂമിന് പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 16-ാം മിനിറ്റില്‍ 35 വാര അകലെനിന്ന് ചൈന്നെയിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മെന്‍ഡി എടുത്ത കിക്ക് ജെജെ നെഞ്ചില്‍ സ്വീകരിച്ച് ഷോട്ട് പായിച്ചെങ്കിലും പുറത്തേക്കാണ് പറന്നത്. 17-ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍ മക്കലിസ്റ്റര്‍ പായിച്ച കിക്ക് ചെന്നൈയിന്‍ ഗോളി അഡ്വാന്‍സ് ചെയ്ത് കുത്തിയകറ്റി അപകടം ഒഴിവാക്കി. 24-ാം മിനിറ്റില്‍ ചെന്നൈക്ക് വീണ്ടും ഒരു അവസരം കൂടി ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ ചെന്നൈയിന്‍ എഫ് സി ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും സ്‌ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ അവര്‍ക്ക് തിരിച്ചടിയായി. 32ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്ക് ജെയിംസ് അലിസ്റ്റര്‍ ഒരു മഴവില്‍ ഷോട്ടിലൂടെ ഗോള്‍മുഖത്തേക്ക് പറത്തിയെങ്കിലും ഹ്യൂം വായുവില്‍ നിന്ന് എടുത്ത ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി ബോക്‌സിന് പുറത്തേക്ക്. 20ാം മിനിറ്റില്‍ പരിക്കേറ്റ് പിന്‍മാറിയ ബ്ലാസ്റ്റേഴ്‌സ് ഗോളി ഡേവിഡ് ബെഞ്ചമിന്‍ ജെയിംസിന് പകരം ഇറങ്ങിയ സന്ദീപ് നന്ദി ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 45ാം മിനിറ്റില്‍ ബോക്‌സിന് പുറത്തേക്ക് ഇറങ്ങി വന്ന സാഹസികമായി ചെന്നൈയിന്‍ മുന്നേറ്റത്തെ തടഞ്ഞ സന്ദീപ് വായുവില്‍ ഉയര്‍ന്നു ചാടി പന്ത് ക്ലിയര്‍ ചെയ്തത് മത്സരത്തിലെ മനോഹര മുഹൂര്‍ത്തമായി. ഇഞ്ചുറി സമയത്ത് വലതുവിംഗില്‍ നിന്ന് ഡെന്‍സണ്‍ ദേവദാസ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് സന്ദീപ് നന്ദി വിദഗ്ധമായി കുത്തിയകറ്റുകയും ചെയ്തതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.
തുറന്ന ഗോളവസരം ഇയാന്‍ ഹ്യൂം പാഴാക്കുന്നതു കണ്ടു കൊണ്ടായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ചെന്നൈയിന്‍ ഗോള്‍ മുഖത്ത് ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റത്തിനിടെ പന്തുമായി ചാട്ടുളി പോലെപാഞ്ഞു കയറിയ ഹ്യൂം ഗോളി ഗെന്നാരോ ഗോള്‍പോസ്റ്റിന് കുറുകെ വീണു കിടക്കെ അലക്ഷ്യമായ പാസിലൂടെ അവസരം തുലച്ചു. 65ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെ സുവാരസ് ഫൗള്‍ ചെയ്തതിന് ഫ്രീ കിക്ക് അനുവദിച്ച റഫറിയെ ചോദ്യം ചെയ്ത ചെന്നൈയിന്‍ ഫ്രഞ്ച് ഡിഫന്‍ഡര്‍ മൈക്കില്‍ സില്‍വസ്റ്ററിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 74 ാം മിനിറ്റില്‍ ബ്ലാസ്റ്റഴ്‌സ് മക്അലിസ്റ്ററിന് പകരം നിര്‍മല്‍ ഛേത്രിയെയും ചെന്നൈ ക്രിസ്റ്റ്യന്‍ ഹിഡാല്‍ഗോ ഗോണ്‍സാലസിന് പകരം ബ്രൂണോ പെലിസാരിയെയും ഇറക്കി. പിന്നാലെ ബല്‍വന്ത് സിംഗിന് പകരം ചെന്നൈ ജയേഷ് റാണെയെയും ഇറക്കി. ഇടക്ക് വിരസതയിലേക്ക് വഴുതിയ മത്സരം ഇതോടെ ചടുലമായി. 81 ാം മിനിറ്റില്‍ റാഫേല്‍ റോമിയുടെ ഒരു ലോംഗ് റേഞ്ചര്‍ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു.
ഇയാന്‍ ഹ്യൂമിനെ പിടിച്ചുകെട്ടുന്നതില്‍ ചെന്നൈയുടെ ധനചന്ദ്രസിംഗ് വിജയിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങളുടെ കരുത്ത് കുറച്ചത്. 82-ാം ബ്ലാസ്റ്റേഴ്‌സിന്റെ റാഫേല്‍ റോമി 30 വാര അകലെ നിന്ന് ഷോട്ട് ഉതിര്‍ത്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മൂന്ന് മിനുട്ടിനുശേഷം പിയേഴ്‌സന്റെ ഒരു ഷോട്ട് നേരെ ചെന്നൈയിന്‍ ഗോളിയുടെ കൈലേക്കായിരുന്നു. 87-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന ഗോള്‍ പിറന്നു. ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ ചെന്നൈയില്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.