Kozhikode
മുന്നേറാം എയ്ഡ്‌സ് മരണങ്ങളില്ലാത്ത നല്ല നാളേക്കായ്
കോഴിക്കോട്: ഇന്ന് ലോക എയ്ഡ്‌സ് ദിനം. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന എയ്ഡ്‌സ് രോഗത്തിന് നാളിതുവരെയായിട്ടും രോഗം പൂര്‍ണമായി മാറാനുള്ള മരുന്നു കണ്ടുപിടിച്ചിട്ടില്ല. ഇതിനായുള്ള പരീക്ഷണങ്ങള്‍ ഇപ്പൊഴും ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുകയാണ്. 2002 മുതല്‍ 2014 ഒക്‌ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പരിശോധനക്ക് വിധേയമായ 27,76,815 പേരില്‍ 26,242 പേര്‍ രോഗത്തിനടിമകളാണെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
മൂന്ന് കോടിയിലധികം ജനങ്ങളുള്ള കേരളത്തില്‍ ഇതുവരെ പരിശോധനക്ക് വിധേയരായവര്‍ 27.7 ലക്ഷം പേരാണ്. രോഗബാധിതരായവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എച്ച് ഐ വി ബാധിതരുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 894 പുരുഷന്‍മാരും 570 സ്ത്രീകളും എയ്ഡ്‌സ് ബാധിതരായതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 4,009 പേര്‍ക്കാണ് എച്ച് ഐ വി ബാധയുള്ളതായി കണ്ടെത്തിയത്. എച്ച് ഐ വി ബാധിതരെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന പ്രവണത യുള്ളതിനാല്‍ രോഗമുണ്ടെന്ന് സംശയിക്കുന്ന പലരും മറ്റു സംസ്ഥാനങ്ങളില്‍ പോയാണ് പരിശോധന നടത്തുന്നത് അതുകൊണ്ടു തന്നെ എണ്ണം ഇതിലും കൂടാന്‍ സാധ്യതയുണ്ട്.
നിരവധി എയ്ഡ്‌സ് രോഗത്തിനെതിരെയും രോഗബാധിതരെ സംരക്ഷിക്കുന്നതിനായും ബോധവത്കരണ പരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ടെങ്കിലും പലപ്പോഴും അതു ഫലപ്രദമാകാറില്ല. വിവാഹത്തിനു മുമ്പ് എച്ച് ഐ വി ബാധ ഉണ്ടോയെന്നറിയാന്‍ ടെസ്റ്റുകള്‍ നടത്താന്‍ പരസ്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ടെസ്റ്റ് നടത്താന്‍ പുതുതലമുറയടക്കം ആരും ധൈര്യപെടാറില്ല. രോഗമില്ലെന്ന് അറിയുമെങ്കിലും ഇത്തരത്തിലുള്ള ടെസ്റ്റ് നടത്തുന്നത് മോശം കാര്യമായാണ് സമൂഹം കാണുന്നത് എന്നതാണ് പലരെയും ഇത്തരം ടെസ്റ്റുകളില്‍ നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജ്യോതിസ് പദ്ധതിയിലൂടെ സൗജന്യ എച്ച് ഐ വി പരിശോധന നടത്തുന്നതിനുള്ള സൗകര്യം നല്‍കുന്നുണ്ട്. എച്ച് ഐ വി ബാധിതരായവര്‍ക്ക് ആവശ്യമായ ആന്റി റിട്രോവൈറല്‍ ചികിത്സ നല്‍കുന്ന ഉഷസ് പദ്ധതിയും ജില്ലയില്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്നുണ്ട്. ഇതു കൂടാതെ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികിത്സ നല്‍കുന്ന പുലരി കേന്ദ്രങ്ങളും. എച്ച് ഐ വി അണുബാധാസാധ്യത കൂടുതലായുള്ള ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പദ്ധതിയും ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇതേകുറിച്ച് അവബോധമില്ലയെന്നത് പലപ്പോഴും പദ്ധതികള്‍ക്ക് വേണ്ട വിധത്തില്‍ പ്രചാരം കിട്ടാന്‍ ഇടയാകാതെ പോകുന്നു.
അന്യസംസ്ഥാന തൊഴിലാളികളെ എല്ലാ മെഡിക്കല്‍ ചെക്കപ്പുകളും നടത്തി മാത്രമേ കൊണ്ടു വരാന്‍ പാടുള്ളു എന്ന് നിയമമുണ്ടെങ്കിലും ആരും ഇത് പാലിക്കാറില്ല. സ്ത്രീ ലൈംഗിക തൊഴിലാളികള്‍, പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്നു കുത്തിവക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കിടയിലാണ് പ്രധാനമായും സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്കിടയില്‍ എയ്ഡ്‌സിനെതിരെ അവബോധമുണ്ടാക്കാന്‍ റെഡ് റിബണ്‍ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
എച്ച് ഐ വി നിയന്ത്രണ രംഗത്ത് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൊണ്ടു മാത്രമേ ഇത് ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ കഴിയുകയുള്ളു. ലക്ഷ്യത്തിലേക്ക് മുന്നേറാം പുതിയ എച്ച് ഐ വി അണുബാധയില്ലാത്ത വിവേചനമില്ലാത്ത, എയ്ഡ്‌സ് മരണങ്ങളില്ലാത്ത ഒരു നല്ലനാളേക്കായ് എന്നതാണ് ഇത്തവണത്തെ എയ്ഡ് ദിനസന്ദേശം. അതു നടപ്പിലാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സര്‍ക്കാരും സന്നദ്ധ പ്രവര്‍ത്തകരും.