Gulf
ശൈത്യകാല അതിഥികളെത്തി
അല്‍ ഐന്‍:ശൈത്യകാലം എത്തിയതോടെ സൈബീരിയന്‍ കൊക്കുകള്‍ അല്‍ ഐനിലെ വിവിധ ഉദ്യാനങ്ങളില്‍ എത്തി. കഴിഞ്ഞ ദിവസം അല്‍ ഐന്‍ ജാഹിലി പാര്‍ക്കില്‍ ഇവര്‍ കൂട്ടത്തോടെ വന്നിറങ്ങിയത് പ്രഭാതസവാരിക്ക് ഇറങ്ങിയവരില്‍ കൗതുകം ഉളവാക്കി. സാധാരണ കൊക്കുകളെക്കാള്‍ വലുപ്പം കൂടുതലുണ്ട്. വെള്ളനിറമാണെങ്കിലും തലയും വാലും കറുപ്പ് നിറമാണ്. അല്‍ ഐനിലെ ഉദ്യാന കേന്ദ്രങ്ങളായ സുലൈമിയിലും ജബല്‍ ഹഫീത്തിനു താഴെയുള്ള ക്രീന്‍ മുബസ്സറയിലും ഈ അഥിതികളെ കൂട്ടത്തോടെ കാണാം.
സൂര്യോദയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ച് താഴെ ഇറങ്ങിവരിക. വെയില്‍ ചൂടാകുന്നതോടെ പറന്ന് അകലുന്നതും കാണാം. തണുപ്പ് കാലത്ത് മാത്രം മണ്ണില്‍ കാണുന്ന പ്രത്യേകതരം മണ്ണിരയാണ് മുഖ്യ ആഹാരം. ഭക്ഷണാവശിഷ്ടങ്ങള്‍ തിന്നുന്നതും കാണാം. തുടര്‍ച്ചയായി നാലു വര്‍ഷമായി പ്രഭാതസവാരി നടത്തുന്ന അഷ്‌കര്‍ വാണിയമ്പലം കഴിഞ്ഞ ദിവസം ജാഹിലി ഉദ്യാനത്തില്‍ ഈ അഥിതികള്‍ക്ക് തീറ്റകൊടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ അവസാനവാരത്തോടെയാണ് സാധാരണ ഈ അഥിതികളെ കണ്ടുവരാറുള്ളത്. ജനുവരി പകുതിയോടെ ഇവ തിരിച്ചു യാത്രയാവുകയും ചെയ്യും.