Connect with us

Ongoing News

വഴിത്തിരിവുകള്‍ മറക്കാതെ ഫിറോസ്‌

Published

|

Last Updated

കോഴിക്കോട്: ഫിറോസ്… ഫിറോസ്… …മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ കാണികള്‍ ഇരമ്പിയാര്‍ത്തപ്പോള്‍ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം വീണ്ടും മലപ്പുറത്തിന്റെ ഷോക്കേസിലെത്തി. കോട്ടയത്തിന്റെ വലയില്‍ രണ്ട് ഗോളുകള്‍ പ്രതിഷ്ഠിച്ച ഫിറോസായിരുന്നു താരം. പന്തുതൊട്ട കാലം മുതല്‍ കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കണമെന്ന ആഗ്രഹവുമായി ജീവിച്ച ഒരു സാധാരണക്കാരന്‍. അഞ്ച് കൊല്ലം മുമ്പ് ആ സ്വപ്‌നം പൂവണിഞ്ഞു. അതിന്റെയൊരാവേശം ഫിറോസിന്റെ കാലുകളില്‍ ഇന്നും പ്രകടം.

2009,2011,2012 വര്‍ഷങ്ങളില്‍ സന്തോഷ് ട്രോഫി കളിച്ച ഫിറോസിന് 2012ല്‍ ഒറീസയില്‍ നേടിയ ഹാട്രിക്കാണ് അവിസ്മരണീയ മുഹൂര്‍ത്തം. മൂന്ന് വര്‍ഷമായി കേരളാ പോലീസ് ടീമംഗമായ ഫിറോസ് ലീഗ് മത്സരങ്ങളില്‍ നിരവധി തവണ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
കളിയുടെ തിരക്കില്‍ പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞത് കോളേജില്‍ ചേരുന്നതിന് തിരിച്ചടിയായി. പഠനം വഴിമുട്ടി നില്‍ക്കുമ്പോളാണ് മഞ്ചേരി എന്‍എസ്എസ് കോളേജ് മൈതാനിയില്‍ കളിക്കാനിറങ്ങിയത്. മിക്ക ദിവസങ്ങളിലും ഇവിടെ കളിക്കാനെത്തിയ ഫിറോസിന്റെ പ്രതിഭ എന്‍എസ്എസ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തലവന്‍ സുധീര്‍ മാഷിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ തന്നെ ഫിറോസിന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. മാര്‍ക്ക് കുറഞ്ഞത് കൊണ്ടാണ് കോളേജ് പഠനം നിഷിദ്ധമാക്കിയതെന്ന് അറിഞ്ഞ സുധീര്‍ മാഷ് മഞ്ചേരി എന്‍ എസ് എസില്‍ അഡ്മിഷനൊരുക്കി. ഫിറോസ് ചരിത്ര വിദ്യാര്‍ഥിയായി കോളജിലേക്ക്.
ഇവിടെ പഠിക്കുമ്പോള്‍ യൂനിവേഴ്‌സിറ്റിയുടെ മികച്ച താരമായ് ഫിറോസ് മാറി. തനിക്കവസരമൊരുക്കിയ എന്‍ എസ് എസ് കോളജിനും സുധീര്‍ മാഷിനും അഭിമാനമേകിയ സന്ദര്‍ഭമായിരുന്നു. സ്വന്തം കരിയറില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയതിനു പിന്നില്‍ നാട്ടുകരുടേയും കോച്ച് സുധീര്‍ മാഷിന്റെയും പിന്തുണയാണെന്ന് ഫിറോസ് പറയുന്നു. കഴിഞ്ഞ വര്‍ഷം പരുക്കേറ്റതോടെ കരിയര്‍ ആശങ്കയിലായി. എന്നാല്‍ വീട്ടുകാരും സുഹൃത്തുക്കളായ നിയാസ്,ജംഷീര്‍,റഷീദ്, റഹീം എന്നിവര്‍ മാനസികമായും സാമ്പത്തികമായും നല്‍കിയ പിന്തുണയാണ് ഫിറോസിനെ വീണ്ടും കളത്തിലെത്തിച്ചത്. സഹ പ്രവര്‍ത്തകരായ നസ്‌റുദ്ദീന്‍ ചിറയത്ത്, സുശാന്ത് മാത്യു,ആര്‍.ധനരാജന്‍,നൗഷാദ്,ഉസ്മാന്‍ ആഷിഖ്,ഉമ്മര്‍ ഫാറൂഖ്,കെടി വിനോദ് എന്നിവരെല്ലാം മികച്ച പിന്തുണ നല്‍കിയിരുന്നതായും ഫിറോസ് ഓര്‍ക്കുന്നു.

Latest