Kerala
ചുംബിലാബ് കാലത്തെ പ്രവാസിയുടെ നോട്ടും വോട്ടും
തിരുവനന്തപുരം: തത്വത്തിലുള്ള അംഗീകാരം, പരിഗണിക്കും, പരിശോധിക്കും ഇത്യാദി മറുപടികള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത സ്ഥലത്തെക്കുറിച്ച് ഏത് പരീക്ഷയില്‍ ചോദിച്ചാലും ഉത്തരം കൃത്യമായിരിക്കും- കേരള നിയമസഭ. ആര് എന്ത് ചോദിച്ചാലും പരിശോധിക്കാമെന്ന മിനിമം മറുപടി കിട്ടും. എന്തെങ്കിലും ചോദിച്ചെന്ന് വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും എന്ത് മറുപടി പറയുമെന്ന് ആധിയുള്ള മന്ത്രിമാര്‍ക്കും ഇത്തരം വാക്കുകളാണ് ആശ്രയവും ആശ്വാസവും. സര്‍ക്കാര്‍ വന്ന് വര്‍ഷം നാലായിട്ടും അഞ്ച് സെഷനുകളിലായി സബ്മിഷന്‍ നല്‍കിയിട്ടും “പരിഗണന”യിലിരിക്കുന്ന ഒരു വിഷയം ഇന്നലെ എന്‍ എ നെല്ലിക്കുന്ന് ആവര്‍ത്തിച്ചു. രാത്രികാല പോസ്റ്റ് മോര്‍ട്ടം അനുവദിക്കണമെന്ന ആവശ്യം.
അഞ്ച് തവണ സബ്മിഷന്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി സഹിതമായിരുന്നു അവതരണം. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനി ഇങ്ങനെയൊന്ന് ഉന്നയിക്കേണ്ട സാഹചര്യം എം എല്‍ എക്ക് ഉണ്ടാക്കില്ലെന്ന് ആശ്വസിപ്പിച്ചു. ഒരു നിലക്കും പരിഗണിക്കാനാകില്ലെന്ന മറുപടി സഭയില്‍ പറയുന്നതും അപൂര്‍വമാണ്. രാത്രി പത്ത് മണിക്ക് ശേഷം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന എ പി അബ്ദുല്ലക്കുട്ടിയുടെ സബ്മിഷനെ വെട്ടൊന്ന്, മുറി രണ്ട് എന്ന പോലെയാണ് രമേശ് ചെന്നിത്തല നേരിട്ടത്. ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഈ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന രമേശിന്റെ നിലപാടിനെ തൊട്ടടുത്തിരുന്ന പി സി ജോര്‍ജ്് ഡസ്‌കിലടിച്ച് പിന്തുണച്ചു. പെന്‍ഷനും ശമ്പളവുമില്ലാതെ ഇടിച്ച് നില്‍ക്കുന്ന കെ എസ് ആര്‍ ടി സിയെയാണ് ഇന്നലെ ശൂന്യവേളയില്‍ എളമരം കരീം സഭയിലേക്ക് ഓടിച്ച് കയറ്റിയത്. അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ സ്റ്റിയറിംഗ് വാങ്ങിയ വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷത്തെയൊന്നാകെ സഭയ്ക്ക് പുറത്തേക്ക് ഓടിച്ചു. കെ എസ് ആര്‍ ടി സിക്ക് മുട്ടുശാന്തി വൈദ്യമല്ല, സമഗ്രമായ പാക്കേജ് വേണമെന്ന് എളമരം കരീം നിര്‍ദേശിച്ചു. ബസ് കട്ടപ്പുറത്താകുമ്പോള്‍ കൈവശമുള്ള ഭൂമി ഈട് വെച്ച് വായ്പയെടുക്കുന്ന പരിപാടി നിര്‍ത്തണം. ഈ പോക്ക് പോയാല്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ഭൂമിയും പണയം വെക്കേണ്ടി വരുമെന്ന് എളമരം വിമര്‍ശിച്ചു. കെ എസ് ആര്‍ ടി സിയെ പൂട്ടിക്കെട്ടിയ മന്ത്രിയെന്ന വിശേഷണവുമായി പടിയിറങ്ങേണ്ട ഗതികേട് ഉണ്ടാകരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വി എസ് അച്യുതാനന്ദന്‍ ഉപദേശിച്ചു.
നഗരസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് ഉറപ്പ് വരുത്താനും കടകളുടെ ലൈസന്‍സിംഗ് വ്യവസ്ഥയില്‍ ചില പുതിയ നിര്‍ദേശങ്ങളുമായിരുന്നു മഞ്ഞളാംകുഴി അവതരിപ്പിച്ച മുനിസിപ്പല്‍ ഭേദഗതി ബില്ലിന്റെ കാതല്‍. എന്നാല്‍, കോഴിക്കോട്ടെ ചുംബന സമരത്തിലാണ് എ പ്രദീപ്കുമാര്‍ ബില്ലിനെ എത്തിച്ചത്. സമരക്കാരെയും സമരത്തെ നേരിട്ടവരെയും ഒരു പോലെ കാണുന്ന ആഭ്യന്തരമന്ത്രിയും പോലീസും അപമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇന്‍ക്വിലാബിന് പകരം ചുംബിലാബ് വിളിക്കുന്നവരും വാനര സേന, ഹനുമാന്‍ സേന, ശിവസേന തുടങ്ങിയവരെല്ലാം ചേര്‍ന്ന് ആകെയൊരു അരാജകത്വം സൃഷ്ടിച്ച കാര്യം കോടിയേരി ബാലകൃഷ്ണന്‍ ശ്രദ്ധയില്‍പ്പെടുത്തി.
ചുംബന സമരം ബില്ലിന്റെ വ്യവസ്ഥകളില്‍ ഇല്ലാത്തതിനാല്‍ ഡൊമിനിക് പ്രസന്റേഷന്‍ ക്രമപ്രശ്‌നവും ഉന്നയിച്ചു. കാര്യങ്ങളെല്ലാം “മോദി” വഴിക്ക് നീങ്ങുകയാണെന്ന് പ്രദീപ് കുമാര്‍ ഒറ്റവാക്കില്‍ നിരീക്ഷിച്ചു.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികള്‍ നടപ്പാക്കണമെന്ന് കെ രാജു നിര്‍ദേശിച്ചു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനൊപ്പം വിദേശത്ത് നിന്ന് വോട്ട് ചെയ്യാനുള്ള വ്യവസ്ഥ കൂടി വേണമെന്ന് എന്‍ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. ഇതിനായി ഓണ്‍ലൈന്‍ വോട്ടിംഗ് നിര്‍ദേശമാണ് വി ടി ബല്‍റാം മുന്നോട്ടുവെച്ചത്. പ്രോക്‌സി വോട്ട് കോര്‍പറേറ്റ് സംസ്‌കാരമാണെന്ന് ചൂണ്ടിക്കാട്ടിയ ജോസ്‌തെറ്റയിലും പോസ്റ്റല്‍ വോട്ടിലെ അപ്രായോഗികത പറഞ്ഞ് കെ ശിവദാസന്‍ നായരും ഓണ്‍ലൈന്‍ വോട്ടിംഗിനെ പിന്തുണച്ചു. പ്രവാസികളുടെ നോട്ടാകാം, എന്നാല്‍ വോട്ട് വേണ്ടെന്ന നിലപാട് ശരിയല്ലെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ഇന്നലെ വരെ പ്രവാസിയുടെ നോട്ട് മാത്രം മതിയായിരുന്നെങ്കിലും ഇന്ന് വോട്ടും നോട്ടും വേണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമായിരുന്നു പണ്ട് പ്രവാസികള്‍ നാട്ടില്‍ വന്നിരുന്നത്. ഇന്ന് ഇലക്ഷന്‍ കാലത്ത് വരാന്‍ താത്പര്യപ്പെടുന്നതിലേക്ക് സ്ഥിതി മാറിയ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.
പാവപ്പെട്ട മുറുക്കാന്‍ കടക്കാരന് മുന്നില്‍ തടസമാകുന്ന ലൈസന്‍സിംഗ് വ്യവസ്ഥകള്‍ കുത്തക കമ്പനികള്‍ക്ക് പരവതാനി വിരിക്കുകയാണെന്ന് ജി സുധാകരന്‍. ഇന്നലെ വരെ കോണ്‍ഗ്രസിന്റെ കൂടെ നിന്ന അംബാനി ഇന്ന് മോദിയുടെ വലംകൈയാണ്. അഞ്ചുനില കെട്ടിടം നിര്‍മിച്ച് ആലപ്പുഴയിലും അംബാനിയെത്തിയിട്ടുണ്ട്. ജാഗ്രതൈ!. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.