International
കൈലാഷ് സത്യാര്‍ത്ഥിയും മലാലയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി
ഓസ്‌ലോ: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാഷ് സത്യാര്‍ത്ഥിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പൊരുതുന്ന പാകിസ്ഥാന്‍കാരിയായ മലാല യൂസഫ് സായിയും സമാധാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. നോര്‍വെ തലസ്ഥാനമായ ഓസ്‌ലോയിലായിരുന്നു ചടങ്ങ്. സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക് ഹോമിലാണ് സമാധാനം ഒഴികെയുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനതിതുലാണ് ചടങ്ങ് നടന്നത്.
പ്രശസ്തി പത്രവും മെഡലും 14 ലക്ഷം യുഎസ് ഡോളറുമാണ് സമാധാന നൊബേല്‍ പുരസ്‌കാരം. സമ്മാനത്തുക ഇരുവരും പങ്കിടും. 1901ല്‍ ആരംഭിച്ച ശേഷം വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി 95 സമാധാന നൊബേല്‍ പുരസ്‌കാരങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. മലാല ഉള്‍പ്പെടെ 16 സ്ത്രീകള്‍ സമാധാന പുരസ്‌കാരത്തനിര്‍ഹരായിട്ടുണ്ട്. നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ് സായി.
കുട്ടികളുടെ അവകാശങ്ങള്‍ക്ക് പോരാടാനുള്ള കൂടുതല്‍ കരുത്താണ് നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് കൈലാഷ് സത്യാര്‍ത്ഥി പറഞ്ഞു. പുരസ്‌കാരം ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൊബേല്‍ പുരസ്‌കാരം ഏറെ പ്രചോദനമാണെന്ന് മലാല പറഞ്ഞു. പുരസ്‌കാരത്തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. ഒരു കാലത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുകയാണ് തന്റെ സ്വപ്‌നമെന്നും മലാല പറഞ്ഞു.
സാഹിത്യത്തിനുള്ള പുരസ്‌കാരത്തിനര്‍ഹനായ പാട്രിക് മൊദിയാനോ ഉള്‍പ്പെടെയുള്ള മറ്റു 10 നൊബേല്‍ ജേതാക്കളും പുരസ്‌കാരം സ്വീകരിച്ചു.സ്വീഡനിലെ സ്‌റ്റോക്‌ഹോമിലായിരുന്നു ചടങ്ങ്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി 889 നൊബേല്‍ പുരസ്‌കാരങ്ങളാണ് ഇതുവരെ നല്‍കിയത്.