Kerala
പ്രവീണ്‍ തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
കാഞ്ഞങ്ങാട്: വര്‍ഗീയ സംഘര്‍ഷത്തിന് പ്രേരണ നല്‍കുംവിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതിന് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും എവിടെയുണ്ടെന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
2011 ഏപ്രില്‍ മുപ്പതിന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവീണ്‍ തൊഗാഡിയക്കെതിരെ കേസെടുത്തത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിന് തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് സ്വമേധയാ കേസടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ സമര്‍പ്പിച്ച ആദ്യത്തെ കുറ്റപത്രം കൃത്യമായ തീയതിയും പ്രതിയുടെ വിലാസവും രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് തിരിച്ചയച്ചിരുന്നു.
തുടര്‍ന്ന് തിരുത്തലുകള്‍ വരുത്തിയ ശേഷം രണ്ടാം തവണ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. എന്നാല്‍, തൊഗാഡിയയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.