Ongoing News
ബ്ലാസ്റ്റേഴ്‌സിന്റെ വിജയം: ആരവമൊഴിയാതെ സോഷ്യല്‍ മീഡിയ
കോഴിക്കോട്: ഐ എസ് എല്ലിന്റെ ആദ്യ പാദ സെമിയില്‍ ചെന്നൈയിന്‍ എ എഫ് സിയെ മുട്ടുകുത്തിച്ച കേരളാ ബ്ലാസ്‌സ്റ്റേഴ്‌സ് ആരാധകരുടെ ജയാരവങ്ങള്‍ ഒഴിയുന്നില്ല. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ തകര്‍പ്പന്‍ വിജയം ആഘോഷിക്കുകയാണിവര്‍. ഇത്തരമൊരു മികവാര്‍ന്ന പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചില്ലെന്നതാണ് വാസ്തവം. അതിനാല്‍ തന്നെ ആരാധകരുടെ ആഹ്ലാദത്തിനും അതിരില്ലായിരുന്നു.
ചിലര്‍ മത്സര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെടുത്തിയായിരുന്നു. മുല്ലപ്പെരിയാറില്‍ പോയത് ഫുട്‌ബോളില്‍ തീര്‍ത്തു, നീയൊക്കെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം മോഷ്ടിക്കുമല്ലേ… അന്നേ നിന്നെയൊക്കെ നോക്കിവെച്ചതാ സച്ചിനും പിള്ളാരും എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകള്‍.
ചൈന്നൈയിന്‍ എഫ് സിയുടെ സഹ ഉടമ അഭിഷേക് ബച്ചനെ കളിയാക്കി ഫേസ്ബുക്കിലും വാടസ്ആപ്പിലും നിരവധി പോസ്റ്റുകളുണ്ട്. ഇത് കേരളമാണ്.. കേരളം.. നിങ്ങള്‍ കൂറച്ചുകൂടി മൂക്കണം ഇവിടെ കേറി കളിക്കാന്‍.. എന്നൊക്കെ സച്ചിന്റെയും അഭിഷേക് ബച്ചന്റെയും ഫോട്ടോ സഹിതം ചിലര്‍ അടിച്ചുവിട്ടു.
ചെന്നൈയില്‍ നടന്ന ലീഗ് മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ചപ്പോള്‍ അഭിഷേക് ബച്ചന്റെ ആഹ്ലാദ പ്രകടനം മറക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കാകുന്നില്ല. അഭിഷേക് ബച്ചന്റെ ആ ആഹ്ലാദ പ്രകടനത്തിന്റെ ഫോട്ടോയും തലയില്‍ പാത്രങ്ങള്‍ വെച്ച് പോകുന്ന സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് ചിലരുടെ കളിയാക്കല്‍. സച്ചിന്റെ മുന്നില്‍ നിന്ന് അഭിഷേക് ബച്ചന്‍ പറയുന്നു. നിങ്ങള്‍ പക പോക്കുകയായിരുന്നല്ലേ…
ഇതിന് മുമ്പ് കണ്ടത് ട്രെയിലര്‍, നിങ്ങള് ഇന്നലെ കണ്ടില്ലേ.. അതാണ് സച്ചിന്റെ ടീം. കൊച്ചി പഴയ കൊച്ചിയല്ല.. സച്ചിന്‍ പഴയ സച്ചിന്‍ തന്നെ… ഇങ്ങനെ പോകുന്നു മറ്റൊരു കമന്റ്.
അതേ സമയം കളിയുടെ അവസാന നിമിഷത്തില്‍ നേടിയ ഉജ്ജ്വല ഗോളിലൂടെ വയനാട്ടുകാരനായ സുശാന്ത് മാത്യു ആരാധകരുടെ ഹീറോയായി മാറിയിരിക്കുകയാണ്. സുശാന്ത് മാത്യുവും മെസ്സിയും ഒപ്പം നില്‍ക്കുന്ന ഫോട്ടോയിട്ട ചിലര്‍ സുശാന്തിന്റെ ഈ പ്രകടനത്തില്‍ പിന്നില്‍ മെസ്സിയുടെ സ്വാധീനമാണെന്നും കാച്ചിവിട്ടു. കേരളത്തിന്റെ കളിയും കാണികളുടെ പിന്തുണ ടീമുടമകളിലൊരാളായ സച്ചിനെ ആവേശത്തിലാഴ്ത്തി. കളിയുടെ ഇടവേളയില്‍ കാണികളുടെ പിന്തുണയെ ഏറെ പ്രശംസിച്ച സച്ചിന്‍ കളിക്ക് ശേഷവും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. യുവരാജ് സിംഗിനും സഹീര്‍ ഖാനും ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് സച്ചിന്‍ പോസ്റ്റിയത്.
ഫൈനലില്‍ എത്താതിരിക്കാന്‍ രണ്ടാം പാദ സെമിയില്‍ ചൈന്നൈയിന്‍ എഫ് സിക്ക് വമ്പന്‍ വിജയം നേടിയേ തീരൂ… അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ഉറപ്പിച്ച പോലെയാണ് ചിലരുടെ ആഹ്ലാദ പ്രകടനം.
ഗോവയേയോ അതോ കൊല്‍ക്കത്തയേയോ മുംബൈയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ നേരിടേണ്ടി വരിക എന്ന സംശയം മാത്രമേ ഇവര്‍ക്കുള്ളൂ.