Connect with us

Kerala

അറിവിന്റെ നഗരിയുണര്‍ന്നു,ആത്മീയ സംഗമത്തോടെ

Published

|

Last Updated

മര്‍കസ് നഗര്‍: അറിവ് കൊണ്ട് വിസ്മയം തീര്‍ത്ത ഭൂമികയിലെ ആഗോള മുസ്‌ലിം സംഗമത്തിന് പ്രൗഢമായ തുടക്കം. മത- ഭൗതിക സമന്വയ വിദ്യാഭ്യാസം പിച്ചവെച്ച മണ്ണ് ഇനി മുസ്‌ലിം മുന്നേറ്റത്തിന്റെ പുതിയ ദിശനിര്‍ണയിക്കും. ഭീകരതാണ്ഡവത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന പെഷാവറിലെ കുരുന്നുകളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനാപൂര്‍ണമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു തുടക്കം.

സഊദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. ഫൈസ് അല്‍ ആബിദീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തീവ്രവാദത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ മുസ്‌ലിം ലോകം ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അനാരോഗ്യം തടസ്സം നിന്നതിനാല്‍ സമ്മേളനത്തിന് എത്താന്‍ കഴിയാതിരുന്ന സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ സന്ദേശം ഉദ്ഘാടന സമ്മേളനത്തില്‍ വായിച്ചു.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ജിദ്ദ മേയര്‍ ശൈഖ് ഉസ്മാന്‍ ബിന്‍ യഹ്‌യ അല്‍ശഹ്‌രി, ബ്രൂണെ അംബാസഡര്‍ സിദ്ദീഖ് അലി, ശൈഖ് അബൂമാജിദ്, ശൈഖ് അബ്ദുല്ല അല്‍ശിബിലി, ശൈഖ് ഹാശിം ബിന്‍ അഹ്മദ് സ്വാലിഹ് അല്‍ജന്‍ദന്‍ (സഊദി അറേബ്യ), എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മുസ്‌ലിം എജ്യുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ അമാനുല്ല ഖാന്‍, നോര്‍ത്ത് കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുര്‍റശീദ് ഹാജി സംസാരിച്ചു. വിവിധ മേഖലകളിലെ മികവിന് കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, അന്‍വര്‍ ഉമര്‍, ശൈഖ് ശരീഫ് മംഗലാപുരം, ബി എം മുംതാസ് അലി, അമാനുല്ല ഖാന്‍, അബ്ദുര്‍ റശീദ് ഹാജി എന്നിവര്‍ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.
രാത്രി നടന്ന ആത്മീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഭൂതപൂര്‍വമായ ജനക്കൂട്ടമായിരുന്നു. സയ്യിദ് അമീന്‍ മിയ ബറകാത്തി മുഖ്യാതിഥിയായി. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് ഫസല്‍ കൂറാ തങ്ങള്‍. സയ്യിദ് ളിയാഉല്‍ മുസ്തഫ, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹബീബ് കോയമ്മ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, സയ്യിദ് അതാഉല്ല തങ്ങള്‍, സയ്യിദ് പി കെ എസ് തങ്ങള്‍, സയ്യിദ് അസ്‌ലം ജിഫ്രി, സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍, ഇ കെ മുഹമ്മദ് ഖാദിരി, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, ഇ കെ ഹുസൈന്‍ ദാരിമി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ഇന്ന് വൈകുന്നേരം മൂന്നിന് നോളജ് സിറ്റിയില്‍ പ്രവാസി സംഗമം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. നാലിന് യൂനാനി മെഡിക്കല്‍ കോളജ് പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിക്കും. മര്‍കസ് നഗറില്‍ നാലിന് ആദര്‍ശ സമ്മേളനവും ഏഴിന് ഖുര്‍ആന്‍ സമ്മേളനവും നടക്കും. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, എം ഐ ഷാനവാസ് എം പി, എം എല്‍ എമാരായ സി മോയിന്‍കുട്ടി, അന്‍വര്‍ സാദത്ത്. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. എം അബ്ദുസ്സലാം വിവിധ സെഷനുകളില്‍ പ്രസംഗിക്കും. നാളെ ശൈഖ് സായിദ് സമാധാന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Latest