National
കല്‍ക്കരി ഇറക്കുമതിയില്‍ 29,000 കോടിയുടെ അഴിമതി
മുംബൈ: ഇന്തോനേഷ്യയില്‍ നിന്ന് ഊര്‍ജ നിലയങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് അമിത വില കാണിച്ച് നടത്തിയ 29,000 കോടി രൂപയുടെ കുംഭകോണം റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (ഡി ആര്‍ ഐ) കണ്ടെത്തി. ഈ തുക വിദേശത്തേക്ക് കടത്തുകയായിരുന്നു. 2011 മുതല്‍ 2014 വരെ നടത്തിയ ഈ വെട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് ഡി ആര്‍ ഐ 80ലേറെ ഷിപ്പിംഗ് കമ്പനികളിലും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരിലും ലബോറട്ടറികളിലും റെയ്ഡ് നടത്തിയിരുന്നു.
ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ യഥാര്‍ഥ വില എന്തെന്ന് അറിയാന്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡി ആര്‍ ഐ പരിശോധന നടത്തിയത്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ ഗുണമേന്മ നിശ്ചയിക്കാന്‍ ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ലബോറട്ടറികളിലും സൗകര്യമുണ്ടെന്നിരിക്കെ അവിടങ്ങളിലെല്ലാം കല്‍ക്കരി പരിശോധന നടത്തിയിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ടില്‍ പറയുന്ന ഗുണമേന്‍മയുടെ അടിസ്ഥാനത്തിലാണ് കല്‍ക്കരിക്ക് വില നിശ്ചയിച്ചത്.
കല്‍ക്കരിക്ക് അമിത വില നിശ്ചയിക്കുക വഴി വൈദ്യുതി കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന താരിഫ് നിരക്ക് നിശ്ചയിക്കാറുണ്ട്. ചില പൊതുമേഖലാ സ്ഥാപനങ്ങളും അമിത വില നിശ്ചയിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. പ്രശസ്തരായ കോര്‍പറേറ്റുകളടക്കം കല്‍ക്കരി ഇറക്കുമതി ചെയ്യുന്നവരെല്ലാം കല്‍ക്കരി വില പെരുപ്പിച്ച് കാണിക്കാറുണ്ട്. ഡി ആര്‍ ഐ നടത്തിയ റെയ്ഡുകളില്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ യഥാര്‍ഥ വില രേഖപ്പെടുത്തിയ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
2012- 13 ധനകാര്യ വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇന്തോനേഷ്യയില്‍ നിന്ന് 7.7 കോടി ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തിട്ടുണ്ട്. 2012- 14 വര്‍ഷത്തില്‍ ഇന്തോനേഷ്യയില്‍ നിന്ന് 12 കോടി മെട്രിക് ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തതായി വ്യവസായ വൃത്തങ്ങള്‍ കണക്കാക്കുന്നു.
കല്‍ക്കരിയുടെ ഉറവിടത്തിലെ യഥാര്‍ഥ വിലയുടെ രണ്ട് മുതല്‍ മൂന്ന് വരെ മടങ്ങ് കൂട്ടിയാണ് ഇന്തോനേഷ്യന്‍ കല്‍ക്കരിക്ക് വില നിശ്ചയിച്ചിരുന്നത്.