Kerala
ഇംഗ്ലീഷ് പഠനം ഒന്നാം ക്ലാസ് മുതല്‍ വേണം: കോടിയേരി
കോഴിക്കോട്: അധ്യയന മാധ്യമം മലയാളമായിരിക്കെ തന്നെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ഒന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിദ്യാഭ്യാസം; ലക്ഷ്യപ്രാപ്തി എന്ന വിഷത്തില്‍ നടന്ന വിദ്യാഭ്യാസ സംവാദത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള ഭാഷാപഠനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം. ലോകത്തേക്കുള്ള കവാടം എന്ന നിലയില്‍ ഇംഗ്ലീഷിനെ അവഗണിക്കാനാവില്ല. അറബിയുള്‍പ്പെടെയുള്ള വിദേശ ഭാഷകളില്‍ സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവും.
സംസ്ഥാനത്ത് രാഷ്ട്രീയ ബോധമില്ലാത്ത തലമുറയെ വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. അരാഷ്ട്രീയത അരാജകത്വമുണ്ടാക്കും. സ്വകാര്യ വ്യക്തികള്‍ നീതി നടപ്പിലാക്കുന്നതാണ് സദാചാര പോലീസിലൂടെ കണ്ടത്. സാഹോദര്യ ബന്ധവും സദാചാര ബോധവുമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നത് മുതലാളിത്ത താല്‍പര്യമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കെ വി തോമസ് എം പി അധ്യക്ഷത വഹിച്ചു.