National
'74ന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണവുമായി എന്‍ ഡി എ
ന്യൂഡല്‍ഹി: 1974ന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കരണമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഭരണഘടനാ ഭേദഗതി ബില്‍ (122 ാം ഭേദഗതി) ലോക്‌സഭയില്‍ അവതരിപ്പിച്ചു. ചരക്ക് സേവന നികുതി ബില്ലിന്റെ ഭാഗമായാണ് ഇത് അവതരിപ്പിച്ചത്.
പെട്രോളിയം ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന ധനമന്ത്രിമാര്‍ ചുമതലപ്പെടുത്തിയ ഉന്നതാധികാര കമ്മിറ്റിയുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുതിയ പരോക്ഷ നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ വരുമാന നഷ്ടം ഉണ്ടായാല്‍ അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കും. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കുന്ന വകുപ്പ്, ബില്‍ സമിതി തീരുമാനിച്ചാലേ പ്രാബല്യത്തില്‍ വരൂ. അതുവരെ കേന്ദ്രവും സംസ്ഥാനവും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തും.
സംസ്ഥാനങ്ങളുടെ അവകാശം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാകില്ലെന്നും ബില്‍ മേശപ്പുറത്ത് വെച്ച് ജയ്റ്റ്‌ലി പറഞ്ഞു. ഒരു സംസ്ഥാനത്തിനും ഒരു രൂപയുടെ നഷ്ടം പോലുമുണ്ടാകില്ല. ചരക്ക് നികുതി മുഴുവനായും ഇന്ന് കേന്ദ്രത്തിന്റെ പരിധിയിലാണ്. ഇത് സംസ്ഥാനങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നു. മൂന്നിലൊന്ന് ചരക്ക് നികുതി കേന്ദ്രത്തിന് ലഭ്യമാക്കുന്ന മഹാരാഷ്ട്രക്ക് ഇതിലൂടെ വലിയ പ്രയോജനമുണ്ടാകും. കൂടാതെ രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം അധിക നികുതി സംസ്ഥാനത്തിന് അനുവദിക്കും. 2016 ഏപ്രില്‍ ഒന്ന് എന്ന തീയതിയാണ് കേന്ദ്രം മുന്നില്‍ കാണുന്നത്.
ഇത് സ്വാഗതാര്‍ഹമാണെങ്കിലും ചില പൊരുത്തക്കേടുകളുണ്ടെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ പറയുന്നു.