Kerala
മര്‍കസ് സമ്മേളനം ഇന്നു സമാപിക്കും
കോഴിക്കോട്: നാലു നാള്‍ നീണ്ട പ്രൗഢ സദസ്സുകള്‍ക്ക് പരിസമാപ്തി കുറിച്ച് മര്‍കസില്‍ ഇന്ന് വിശ്വാസി ലക്ഷങ്ങളുടെ മഹാ സംഗമം. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും, നിരവധി രാഷ്ട്രങ്ങളിലെ പണ്ഡിതരും പ്രഭാഷകരും ഒത്തുചേരുന്ന സമാപന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ വിശ്വമാനവ സംഗമമാകും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും വന്‍ ജനാവലി ഇത്തവണ മര്‍കസിലെത്തുന്നുണ്ട്.
വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തിന് വേണ്ടി വന്‍ ഒരുക്കങ്ങളാണ് മര്‍കസ് നഗറിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന സദസ്സിനു പുറമെ നഗരിയുടെ വിവിധ ഭാഗങ്ങളിലും പ്രഭാഷണം കാണാനും കേള്‍ക്കാനും സംവിധാനം ഒരുങ്ങി. ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ദൂരം ശബ്ദവും വെളിച്ചവും സജ്ജീകരിച്ചിട്ടുണ്ട്. 3000 ത്തോളം വളണ്ടിയര്‍മാരെയാണ് നഗരിയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളത്.
യു.എ.ഇ യിലെ ഇസ്‌ലാമിക് അഫേഴ്‌സ് ഡയറക്ടര്‍ ശൈഖ് മത്വര്‍ അല്‍ കഅബി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രഭാഷണം നിര്‍വഹിക്കുന്നു. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍,ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുന്‍ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം എന്നിവരും വിദേശ പ്രതിനിധികളും പ്രസംഗിക്കും.