Kozhikode
ശൈഖ് സായിദ് സമാധാന സമ്മേളനം വേറിട്ട അനുഭവമായി
മര്‍കസ് നഗര്‍: ശൈഖ് സായിദിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ട വേദി, ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ച വിദേശ പ്രതിനിധികള്‍, കേരളത്തിന്റെ സ്‌നേഹ പ്രകടനം, മര്‍ഹൂം… ശൈഖ് സായിദിന്റെ ഓര്‍മകള്‍ പങ്കുവെച്ച നേതാക്കള്‍, ലോക നേതാവിന്റെ സ്മരണകളിരമ്പിയ സദസ്സ്…….. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശൈഖ് സായിദ് സമാധാന സമ്മേളനം മര്‍കസ് സമ്മേളന ചരിത്രത്തിലെ വേറിട്ട അനുഭവമായി. കേരള ജനതക്ക് ശൈഖ് സായിദ് നല്‍കിയ സേവനങ്ങള്‍ക്കുള്ള സ്‌നേഹസമര്‍പ്പണം കൂടിയായി ശൈഖ് സായിദ് സമാധാന സമ്മേളനം. അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരടക്കം ലോക നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ശൈഖ് സായിദിന്റെ പേരില്‍ കേരളത്തില്‍ സമ്മേളനം സംഘടിപ്പിച്ചത് പ്രത്യേകം അഭിനന്ദിക്കപ്പെട്ടു.
സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്വേഷം വളരുന്ന കാലത്ത് സമാധാനം പുലരാന്‍ ആഹ്വാനമുണ്ടാകുന്നത് അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സായിദിന്റെ വിശാല മനസ്‌കത മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ അനുഭവിച്ചവരാണ്. കേരളത്തിനും യു എ ഇയുടെ സഹായം ലഭിച്ചിട്ടുണ്ട്. പെഷവാറിലെ അക്രമങ്ങള്‍ തള്ളിപറയാന്‍ ലോകം മുഴുവന്‍ തയ്യാറായത് പോലെ ലോക സമാധാനത്തിന് വേണ്ടിയും ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമാധാനവും സൗഹൃദവും നിലനില്‍ക്കാന്‍ നല്ല അന്തരീക്ഷം അനിവാര്യമാണെന്നും ഇതിന് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യമാണെന്നും കാന്തപുരം പറഞ്ഞു. ലോക സമാധാനത്തിന് വേണ്ടി ശൈഖ് സായിദ് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്ന് ചടങ്ങിന്‍ സംസാരിച്ച പത്മശ്രീ എം എ യൂസുഫലി പറഞ്ഞു. യു എ ഇ അംബാസിഡര്‍ സയ്യിദ് മുഹമ്മദ് അല്‍ മുസരി, മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ്, മന്ത്രി കെ ബാബു, എം ഐ ഷാനവാസ് എം പി, എം കെ രാഘവന്‍ എം പി, ശൈഖ് സായിദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹാജി അല്‍ ഖുഹൂരി, അലി മുഹമ്മദ് അല്‍ സുവൈദി യു എ ഇ, ശൈഖ് മുഹമ്മദ് ശരീഫ്, ഫഹദ് അലി അബൂ ഷനാം സൗദി, സിദ്ദീഖ് അഹമ്മദ്, ഡോ ഹുസൈന്‍ ദുബൈ, ഡോ അഹമ്മദ് ബസരി ഇബ്‌റാഹീം മലേഷ്യ, നവാഫ് അല്‍ ഷറാറി സൗദി, മഹ്മൂദ് ഇനായ് സനാദ് അബ്ദുല്‍ സലാം നഫീ ഖത്തര്‍, അബ്ദുള്ള ഖാല്‍ ആബീദീന്‍ അബൂ മാജിദ് സൗദി, അബ്ദുല്ല മഹ്മൂദ് കിഷാന്‍ മഹ്മൂദ് കുവൈത്ത്, അനസ് മഹ്മൂദ് ഖലഫ് ബഗ്ദാദ്, സയ്യിദ് ഫൈസല്‍ അലി സാഹിബ്, കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖ്, ഡി സി സി പ്രസിഡന്റ് കെ സി അബു, സലീം മടവൂര്‍ സംബന്ധിച്ചു. ഡോ എ പി അബ്ദുല്‍ ഹഖീം അസ്ഹരി സ്വാഗതവും മുനീര്‍ പാണ്ട്യാല നന്ദിയും പറഞു.