Ongoing News
സമ്മേളനം ഒപ്പിയെടുക്കാന്‍ വിദേശമാധ്യമങ്ങളും
മര്‍കസ് നഗര്‍: സുന്നി മര്‍കസിന്റെ ചലനങ്ങള്‍ പുറംലോകത്തെ അറിയിക്കുന്ന മര്‍കസ് മീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സമ്മേളന കാലത്തും അല്ലാതെയും മര്‍കസില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും ഭരണസിരാ കേന്ദ്രങ്ങളിലും പൊതുജനങ്ങളിലുമെത്തിച്ചുകൊണ്ടിരിക്കുന്ന മീഡിയയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. മര്‍കസിന്റെ ആരംഭകാലം മുതല്‍ സി ഹൈദര്‍ ഹാജിയായിരുന്നു മര്‍കസിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഹാജി പ്രദേശത്തെ ജനകീയനായ നേതാവ് കൂടിയായിരുന്നു. മര്‍കസുമായി ബന്ധപ്പെട്ടും സുന്നി സംഘടനകളുമായി ബന്ധപ്പെട്ടുമുള്ള പ്രവര്‍ത്തനങ്ങള്‍ മാധ്യമസമൂഹം വഴി പുറത്തെത്തിക്കാന്‍ ജാഗ്രതയോടെയുള്ള സമീപനമായിരുന്നു ഹാജി സ്വീകരിച്ചിരുന്നത്. ഹാജിയാരുടെ കൈയൊപ്പ് പതിഞ്ഞ വാര്‍ത്തകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ വലിയ മൂല്യം നല്‍കിയിരുന്നു. ഹൈദര്‍ ഹാജിയുടെ വിയോഗം നികത്താനാവാതെ ഇപ്പോഴും വാര്‍ത്താരംഗത്ത് നിലനില്‍ക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് മര്‍കസ് മീഡിയ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈനായും വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നുണ്ട്. ഹൈദര്‍ ഹാജിയുടെ മകന്‍ പി മുഹമ്മദ് യൂസുഫാണ് മര്‍കസ് മീഡിയയുടെ ഇപ്പോഴത്തെ സെക്രട്ടറി. തലസ്ഥാന നഗരിയില്‍ സുന്നി സംഘടനകളുടെ ചുക്കാന്‍ പിടിക്കുന്ന എ സൈഫുദ്ദീന്‍ ഹാജിയാണ് സമ്മേളനത്തോടനുബന്ധിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. അഡ്വ സമദ് പുലിക്കാട്, നാസര്‍ ചെറുവാടി, യാസര്‍ അറഫാത്ത് നൂറാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സമ്മേളനം ഒപ്പിയെടുക്കാന്‍ ഇത്തവണ വിദേശ മാധ്യമപ്രതിനിധികളടക്കം വന്‍പടയാണ് എത്തിയിരിക്കുന്നത്. യു എ ഇ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ വാം വന്‍ സംവിധാനവുമായാണ് എത്തിയിരിക്കുന്നത്. ദേശീയമാധ്യമ രംഗത്തെ വമ്പന്‍മാരും സമ്മേളനത്തില്‍ ആദ്യാവസാനം ഉണ്ട്. പി ടി ഐ, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി ചാനലുകളില്‍ നിന്നുമായി മുപ്പതോളം പ്രതിനിധികളാണെത്തിയത്.