Ongoing News
ഗള്‍ഫില്‍ ആഹ്ലാദ തിരയടി
ദുബൈ: കാരന്തൂരിലെ ജാമിഅ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ എന്ന മഹത്തായ സ്ഥാപനത്തിന്റെ 37-ാം വാര്‍ഷികാഘോഷം ഗള്‍ഫിലെങ്ങും ആഹ്ലാദത്തോടെയാണ് എതിരേറ്റത്. ഗള്‍ഫിലുള്ള പലര്‍ക്കും മര്‍കസുമായി അഭേദ്യമായ ബന്ധമുണ്ട്. മറ്റൊരര്‍ഥത്തില്‍, മര്‍കസിന്റെ ജീവാത്മാവും പരമാത്മാവുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോടുള്ള ആദരവിന്റെയും സ്‌നേഹവായ്പിന്റെയും പ്രതിഫലനമാണത്.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ മതവും വിദ്യാഭ്യാസവും സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അതിനെല്ലാമുപരി യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്റെ പേരില്‍ ലോക സമാധാന സമ്മേളനം സശ്രദ്ധം ഗള്‍ഫ് ലോകം വീക്ഷിച്ചു. ഇന്നലെ വൈകീട്ട് ഏഴിന് പ്രധാന വേദിയില്‍ പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് എന്ന പേരിലുള്ള സമ്മേളനം കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത് ലൈവായി തന്നെ ഗള്‍ഫ് വീക്ഷിക്കുകയുണ്ടായി. ശൈഖ് സായിദിന്റെ പേരിലുള്ള പുരസ്‌കാരം ഗള്‍ഫ് ഇന്ത്യക്കാരില്‍ പ്രമുഖനായ എം എ യൂസുഫലിക്കാണ്. ഏറ്റവും ഉചിതമായ കൈകളിലേക്കാണ് പുരസ്‌കാരം ചെന്നെത്തുന്നത്. ശൈഖ് സായിദുമായി അടുപ്പമുണ്ടായിരുന്ന ഇന്ത്യക്കാരിലൊരാളാണ് എം എ യൂസുഫലി.
ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും അനിവാര്യതയാണ് ലോക സമാധാനം എന്നതും ശ്രദ്ധേയം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ലോകമെങ്ങും കൂട്ടക്കൊലകള്‍ നടക്കുകയാണ്. തീവ്രവാദവും ഭരണകൂട ഭീകരവാദവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി മാനവരാശിയെ വെല്ലുവിളിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഭീകരവാദത്തെ തള്ളിപ്പറയാനും ബോധവത്കരണം നടത്താനും മത സ്ഥാപനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. ആ ദൗത്യമാണ് മര്‍കസ് സമ്മേളനം ഏറ്റെടുത്തത്.
1978 മുതല്‍ മാനവികതക്ക് ഒരു പ്രകാശ ഗോപുരം പോലെ നിലകൊള്ളുന്ന സ്ഥാപനമാണ് മര്‍കസ്. മത ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് മുഖമുദ്ര. ജീവകാരുണ്യ പദ്ധതികളാണ് ആത്മാവ്. ദുബൈ അടക്കം വന്‍ നഗരങ്ങളില്‍ ശാഖകളുണ്ട്. അനുബന്ധ സ്ഥാപനങ്ങള്‍ വേറെ.
ധാരാളം വെല്ലുവിളികള്‍ തരണം ചെയ്താണ് വലിയ നേട്ടങ്ങളും അംഗീകാരങ്ങളും മര്‍കസ് എത്തിപ്പിടിച്ചത്. ഗള്‍ഫ് ഇന്ത്യക്കാരുടെയും സ്വദേശികളുടെയും അകമഴിഞ്ഞ പിന്തുണ മുന്നോട്ടുള്ള പ്രയാണത്തിന് ശക്തി പകര്‍ന്നിരുന്നു. കോഴിക്കോട്ടും പരിസരങ്ങളിലും 37-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ സ്മരിക്കപ്പെടുന്നത് കേരളത്തില്‍ നിലകൊള്ളുന്ന അര്‍ഥവത്തായ മത പാരസ്പര്യമാണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.