Kozhikode
'യേ ഹമാരീ തീസ്‌രാ ഈദ്'
മര്‍കസ് നഗര്‍: “ഹം ഈദുല്‍ ഫിത്വര്‍ ഓര്‍ ഈദുല്‍ അസ്ഹാ മര്‍കസ് മേം മനാതേഹെ; ലേകിന്‍ മര്‍കസ് കോണ്‍ഫറന്‍സ് ഹമാരേ ലിയേ തീസ്‌രീ ഈദ് ഹെ” (ഞങ്ങള്‍ക്ക് ചെറിയ പെരുന്നാളും ബലി പെരുന്നാളും മര്‍കസില്‍ തന്നെയാണ്. മര്‍കസ് സമ്മേളനം ഞങ്ങളുടെ മൂന്നാം പെരുന്നാള്‍ ആഘോഷവും). കശ്മീരിലെ ഷോപിയാന്‍ സ്വദേശി സമീഉല്ല മര്‍കസ് സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ മുഖത്ത് വല്ലാത്തൊരാഹ്ലാദം. ബാരമുല്ലയില്‍ നിന്നുള്ള വസീം അഹമ്മദും ശ്രീനഗറില്‍ നിന്നുള്ള വസീം അക്രമും സമീഉല്ലയുടെ വാക്കുകള്‍ ശരിവെക്കുന്നു. മഞ്ഞ് വീഴുന്ന താഴ്‌വരയിലെ അരക്ഷിത ഭൂമിയില്‍ നിന്ന് അക്ഷരത്തിന്റെ വിലയറിഞ്ഞെത്തിയ കശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് തന്നെയാണ് വീടും കുടുംബവും. അതുകൊണ്ടാണ് സമ്മേളനം ഇവര്‍ക്ക് ആഘോഷമാകുന്നതും. മര്‍കസിന്റെ തണലില്‍ വളരുന്ന ഇവര്‍ അറിവിന്റെ വിസ്മയ ലോകത്തേക്ക് പറക്കാന്‍ പുതിയ ചിറകുകള്‍ മുളപ്പിക്കുകയാണ്.
“വര്‍ഷത്തിലൊരിക്കല്‍ വരുന്ന അവധിക്കാലത്താണ് നാട്ടില്‍ പോകുക. സമ്മേളനമാകുമ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും പ്രത്യേക ക്ഷണിതാക്കളായി മര്‍കസിലേക്ക് വരും. സമ്മേളനത്തിനെത്തുന്ന വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രമുഖരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഞങ്ങളെ കാണാന്‍ വരും. മര്‍കസിലെ കാശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പരിഗണനയാണ് ലഭിക്കുന്നത്.” ബാരമുല്ലയില്‍ നിന്ന് തന്നെയുള്ള മുസമ്മിലിന്റെ വാക്കുകളില്‍ അഭിമാനം.
ഞങ്ങളുടെ നാട്ടിലൊന്നും ഈ പതിവില്ല. സമ്മേളനങ്ങള്‍ അവിടെയും നടക്കാറുണ്ട്. ഇത്ര വലിയ ജനക്കൂട്ടവും ആത്മീയനേതൃത്വത്തിന്റെ സാന്നിധ്യവും അവിടെയുണ്ടാകാറില്ല. ഇതു പോലെയുള്ള പരിപാടികള്‍ നാട്ടില്‍ സംഘടിപ്പിക്കണമെന്നാണ് സമ്മേളനം കാണാന്‍ വരുന്ന രക്ഷിതാക്കള്‍ പറയാറുള്ളതെന്ന് കാശ്മീര്‍ വിദ്യാര്‍ഥികള്‍ പറയുന്നു.
പത്ത് വയസ്സ് പ്രായമുള്ളപ്പോഴാണ് അഞ്ചാംതരം വിദ്യാര്‍ഥിയായി വസീം അഹമ്മദ് മര്‍കസിലെത്തുന്നത്. 2004ലെ ആദ്യകാശ്മീര്‍ ബാച്ച് വിദ്യാര്‍ഥി. ഇന്ന് മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം ബി എക്ക് പഠിക്കുന്നു. വസീമിന്റെ കൂടെ മര്‍കസിലെത്തിയവരില്‍ പലരും പഠനം പൂര്‍ത്തിയാക്കി ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ചു കഴിഞ്ഞു. വൈദ്യശാസ്ത്ര മേഖലയില്‍ വരെ ഡല്‍ഹിയിലും പഞ്ചാബിലും പലരും ഉപരിപഠനം നടത്തുന്നു. ഏതെങ്കിലും കലാപങ്ങളുടെ ഇരകളോ കാശ്മീരിന്റെ പരമ്പരാഗത തൊഴില്‍ മേഖലയിലോ ഒതുങ്ങുമായിരുന്ന തങ്ങള്‍ക്ക് വിദ്യയുടെ വിശാലമായ ലോകമാണ് മര്‍കസ് തുറന്ന് നല്‍കുന്നതെന്ന് കാശ്മീര്‍ വിദ്യാര്‍ഥികള്‍ പറയുന്നു.
കലാപങ്ങളുടെ കലുഷിത ഭൂമിയില്‍ ഇരുളടഞ്ഞ നൂറുകണക്കിനാളുകള്‍ക്കാണ് ഇങ്ങനെ മര്‍കസ് വെളിച്ചമാകുന്നത്. കാശ്മീര്‍ ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികള്‍ മര്‍കസിന്റെ അക്ഷര മധുരം രുചിക്കുന്നു. അനാഥത്വത്തിന്റെ കൈപ്പില്‍ ഇനിയെന്ത് എന്ന വലിയ ചോദ്യവുമായി നിന്നവരെ കുടുംബത്തോടെയാണ് മര്‍കസ് ഏറ്റെടുത്തത്. ഇവരുടെ താമസത്തിനായി മര്‍കസ് ക്യാമ്പസില്‍ കാശ്മീര്‍ എമിറേറ്റ്‌സ് ഹോം ഒരുക്കി. പഠിക്കാന്‍ എല്ലാസൗകര്യവുമുണ്ട്. നല്ല വിദ്യാഭ്യാസത്തിന് സുരക്ഷിതമായൊരിടം മാത്രമേ കാശ്മീര്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍, ഇതിനപ്പുറമായിരുന്നു മര്‍കസിന്റെ സേവനം.
രക്ഷകര്‍ത്താക്കളിലെ കര്‍ഷകര്‍ക്ക് നാട്ടില്‍ അതിന് സൗകര്യമൊരുക്കി. പട്ടിണിയുമായി കഴിഞ്ഞവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. നാട്ടില്‍ നിന്ന് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍കസിന് കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിതു. കലാപം കൊടിമ്പിരികൊണ്ട 2004ലാണ് കാശ്മീര്‍ വിദ്യാര്‍ഥികള്‍ ആദ്യമായി മര്‍കസിലെത്തുന്നത്. ഇതാകട്ടെ, അന്നത്തെ ജമ്മു ആന്‍ഡ് കശ്മീര്‍ ഭരണകൂടത്തിന്റെ കൂടി ആവശ്യപ്രകാരവും. അന്ന് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദാണ് തന്റെ നാട്ടിലെ കുട്ടികളെ ഏറ്റെടുത്ത് പഠിക്കാന്‍ അവസരം നല്‍കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോട് അഭ്യര്‍ഥിച്ചത്. അന്ന് തുടങ്ങിയതാണ് ഈ ദൗത്യം. ആദ്യ ബാച്ചില്‍ തന്നെ 340 കുട്ടികളാണെത്തിയത്. കാശ്മീരിലെ രീതികളും സാഹചര്യങ്ങളും മര്‍കസിലും നല്‍കി. പത്ത് വര്‍ഷത്തെ മര്‍കസിന്റെ ദൗത്യം കാശ്മീര്‍ മേഖലയില്‍ വലിയ മാറ്റം സൃഷ്ടിച്ചതായി കുട്ടികള്‍ പറയുന്നു. ഷോപിയാന്‍, കുപ്‌വാര, ബാരമുല്ല, പുഞ്ച്, അനന്ത്‌നാഗ്, ജമ്മു മേഖലയില്‍ നിന്നുള്ള കുട്ടികളെല്ലാം ഇന്ന് മര്‍കസിലുണ്ട്. ഇവര്‍ക്കൊപ്പം, നേപ്പാള്‍, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും ഇന്ന് മര്‍കസിലുണ്ട്.