Connect with us

Ongoing News

വേറിട്ട കോച്ചായി ഡെംപോ ഉസ്മാന്‍

Published

|

Last Updated

കോഴിക്കോട്; പുതുതലമുറക്ക് സൗജന്യമായി ഫുട്‌ബോള്‍ പരിശീലനം നല്‍കി മാതൃകയാകുകയാണ് ഡെംപോ ഉസ്മാന്‍. കോഴിക്കോട് കുണ്ടുങ്ങല്‍ പാലാട്ട് കോളനിയിലെ കല്ല്യാണം വീട്ടിലെ ഉസ്മാനാണ് ഇരുപത് വര്‍ഷത്തോളമായി കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കിവരുന്നത്. കോഴിക്കോട് റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ടിലും പുതിയാപ്പ സ്റ്റേഡിയത്തിലുമാണ് മുന്‍ സന്തോഷ് ട്രോഫി താരമായ ഉസ്മാന്‍ പരിശീലനം നല്‍കുന്നത്. രാവിലെ 6.30 മുതല്‍ 9.30 വരെയും വൈകീട്ട് മുതല്‍ 6.30 വരെയുമാണ് അദ്ദേഹം പരിശീലക്കളരിയില്‍ സജീവമാകുന്നത്. അന്‍പത്തിമൂന്നാം വയസ്സിലും ഫുട്‌ബോള്‍ കളിയോടുള്ള അടങ്ങാത്ത സ്‌നേഹമാണ് അദ്ദേഹത്തെ പുതുതലമുറയെ പരിശീലിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ആറ് തവണ ഉസ്മാന്‍ സന്തോഷ് ട്രാഫിയില്‍ കേരളത്തിനായി ബൂട്ട് കെട്ടിയിട്ടുണ്ട്. 1973 ല്‍ അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളക്കര കീരിടം ചൂടിയപ്പോള്‍ പ്രതിരോധത്തിന്റെ കാവല്‍ പടയാളിയായിരുന്നു ഉസ്മാന്‍. സന്തോഷ് ട്രോഫിയില്‍ അദ്ദേഹം രണ്ട് ഗോളുകളും നേടി. 12 വയസ്സില്‍ സംസ്ഥാന ജൂനിയര്‍ ടീമില്‍ കളിച്ചാണ് അദ്ദേഹം ഫുട്‌ബോള്‍ രംഗത്ത് സജീവമാകുന്നത്. രണ്ട് വര്‍ഷം ഡെംപോ ഗോവക്ക് വേണ്ടി കളിച്ചു. ഇതിന് ശേഷം ഡെംപോ ഉസ്മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കൊല്‍ക്കത്ത മുഹമ്മദന്‍സിനും കേരളത്തിലെ പ്രീമിയര്‍, എസ് ബി ടി, ടൈറ്റാനിയം തുടങ്ങിയ ക്ലബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്്. 1974 ല്‍ പഞ്ചാബില്‍ നടന്ന സന്തോഷ് മത്സരത്തിനിടെ കാല്‍ പൊട്ടി എല്ലിന് തകരാര്‍ സംഭവിച്ചു. കളിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഫുട്‌ബോളില്‍ നിന്ന് വിട്ട് നിന്നു. ഇതിന് ശേഷം ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്ക് പോയി. ടൗണ്‍ പ്ലാനിംഗ് എന്‍ജിനീയറായി സേവമനുഷ്ഠിച്ചപ്പോളും അദ്ദേഹം അവിടെയുള്ള ഇന്ത്യന്‍ ക്ലബിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്കും പരിശീലനം നല്‍കിയിരുന്നു. ഒരു വര്‍ഷം കൂടുമ്പോള്‍ മൂന്ന് മാസം നാട്ടില്‍ വരുമ്പോഴും അദ്ദേഹം റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോളില്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് സൗജന്യമായി കളിയുപകരണങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു.
2009 ല്‍ പ്രവാസ ജീവിതം അവസാനിക്കുന്നത് വരെ അദ്ദേഹം ഈ സേവനം തുടര്‍ന്നു. നാട്ടിലെത്തിയതിന് ശേഷം മുഴുവനും സമയവും കോച്ചിംഗിന് വേണ്ടി നീക്കി വെച്ചു. “കളിക്കാന്‍ താത്പര്യമുള്ള കുട്ടികളുണ്ടെങ്കിലും കളിക്കാന്‍ ഇടമില്ലാതെ പ്രശ്‌നമാണ് ഫുട്‌ബോളിനെ പിന്നോട്ടടിക്കുന്ന ഘടകമെന്ന് ഉസ്മാന്‍ പറയുന്നു.