Articles
നിയമം ദുരുപയോഗിക്കുന്ന സ്ത്രീകള്‍
മാധ്യമങ്ങളില്‍ ബാലാത്‌സംഗ വാര്‍ത്തകളും “മാനഭംഗപ്പെടുത്തലു”കളും നിറയുന്നു. രാഷ്ട്രീയ ഇടനാഴികളിലും ഭരണ മന്ദിരങ്ങളിലും ആരാധനാലയങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും നഷ്ടപ്പെടുന്ന സ്ത്രീയുടെ മാനം മാത്രമാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍, ശരീരം പലപ്പോഴും സ്ത്രീ തന്റെ ആയുധമാക്കുകയാണെന്ന് പരമോന്നത നീതി പീഠം പോലും ആകുലപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഇത്തരമൊരു ചിന്തക്ക് ബലമേകുന്ന പുതിയ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞയാഴ്ച പ്രമുഖ പത്രം ഒന്നാം പേജില്‍ വലിയ തലക്കെട്ടില്‍ ഈ വാര്‍ത്ത നല്‍കുകയുണ്ടയി. അടിസ്ഥാനരഹിതമായി ബലാത്‌സംഗ ആരോപണം ഉന്നയിച്ച് ബുദ്ധിമുട്ടിച്ച ഭര്‍ത്താവിന് ചെലവ് തുക നല്‍കണമെന്ന ഒരു പ്രധാന വിധിയുടെ വാര്‍ത്തയാണ് അത്. ഇത്തരമൊരു ഘട്ടത്തിലേക്ക് കേരളം എത്തിപ്പെട്ടതിന്റെ സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. കാസര്‍കോട്ടെ കോളജ് അധ്യാപികയായ യുവതി ഭര്‍ത്താവിന് പ്രതിമാസം 6,000 രൂപ നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇത്തരമൊരു വിധിയിലേക്ക് ഒരു കോടതി എത്തണമെങ്കില്‍ നിരവധി അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ആറ് മാസത്തോളം പ്രണയിച്ച ശേഷമാണ് യുവതിയും യുവാവും വിവാഹിതരായത്. വിവാഹശേഷവും മുമ്പും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഭര്‍ത്താവ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ പൂര്‍ണ വിവരമറിയുമ്പോള്‍ തന്നെ വസ്തുതാപരമായി കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളയേണ്ട സംഗതിയാണിത് എന്ന് മനസ്സിലാകും.എന്നാല്‍ ഈ അന്വേഷണ വിവരം പത്രങ്ങള്‍ക്ക് തല്‍സമയം നല്‍കുകയും അത് എരിവും പുളിയും ചേര്‍ത്ത് പ്രസിദ്ധീകരിക്കാന്‍ അവസരം നല്‍കുകയുമാണ് പോലീസ് ചെയ്തത്. ഒരു വലിയ സ്ഥാപനത്തില്‍ നല്ല രീതിയില്‍ ജോലി ചെയ്തിരുന്ന യുവാവിന്റെ തൊഴില്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് മേല്‍ കോടതിയില്‍ നല്‍കിയ അപ്പീലിനെത്തുടര്‍ന്നാണ് ഭര്‍ത്താവിന് അനുകൂലമായ വിധിയുണ്ടാകുന്നത്.
കേരളം ചുംബന സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ഇപ്പോഴും. സ്ത്രീ സ്വാതന്ത്ര്യത്തിനായാണ് ഇത്തരം സമരമെന്നാണ് അതിന്റെ നടത്തിപ്പുകാര്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ലഭ്യമായ നിയമപരിരക്ഷ തന്നെ ചില സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നില്ലേ എന്ന ചോദ്യവും ചിന്തിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്.
ഐശ്വര്യത്തിന്റെ പ്രതീകമായ വാഴ്ത്തപ്പെടുന്ന മലയാളി മങ്കമാര്‍ക്ക് മൊത്തത്തില്‍ കളങ്കം വരുത്തുന്നതാണ് അടുത്ത കാലത്ത് കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. പുരുഷന്മാരുടെ ബലഹീനത മനസ്സിലാക്കി ഒരു ഭരണ കൂടത്തെപ്പോലും എടുത്ത് അമ്മാനമാടുന്ന സ്ത്രീകളുടെ കഥകളായിരുന്നു മാധ്യമങ്ങളില്‍ നിറയെ. സരിതയും ശാലുവും പേരുവെളിപ്പെടുത്താത്ത വനിതയും (തെറ്റയില്‍ കേസ്) ഉള്‍പ്പെടുന്ന സ്ത്രീത്രയങ്ങള്‍ പിടിച്ചുകുലുക്കിയത് അധികാരത്തിന്റെ നെടും തൂണുകളെയാണ്. പ്രായഭേദമില്ലാതെ ഒരു ഡസനോളം മലയാളി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ പൊതു സമൂഹത്തിന്റെ മുമ്പില്‍ വിളറിനിന്ന നാളുകളായിരുന്നു അത്. എല്ലാറ്റിന്റേയും പിറകില്‍ വ്യക്തമായ ഒരു നിഗൂഢ ലക്ഷ്യമുണ്ട്. പുരുഷന്റെ അധികാരത്തെ അല്ലെങ്കില്‍ സമ്പത്തിനെ പരമാവധി പ്രയോജനപ്പെടുത്തുക. എല്ലാം നേടി അവസാനം അവനെ പൊതുജനമധ്യത്തില്‍ ഇല്ലായ്മ ചെയ്യുക. പുരുഷ ദേഹങ്ങളെ വെള്ളപൂശുകയല്ല ഇപ്പറയുന്നതിന്റെ ലക്ഷ്യം.
ഇവിടെ പ്രസക്തമാകുന്നത് ജോസ് തെറ്റയില്‍ കേസിലെ ഹൈക്കോടതി വിധിയാണ്. സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്നും മകനെ വിവാഹം ചെയ്യാന്‍ ഏതെങ്കിലും പെണ്‍കുട്ടി അച്ഛനുമായി ബന്ധം പുലര്‍ത്തുമോയെന്നുമാണ് കോടതി ചോദിച്ചത്. ഓമനത്തം തുളുമ്പുന്ന മലയാളി പെണ്‍കൊടിമാര്‍ നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമായിരുന്നു. ശാലീനമായ ആ മലയാണ്മയില്‍ നിന്നും അവള്‍ വളര്‍ന്ന് നഗരവത്കരിക്കപ്പെട്ടത് വളരെ പെട്ടന്നാണ്. കവികളും കലാകാരന്മാരും വാഴ്ത്തിപ്പാടിയ മലയാളി മങ്കമാര്‍ക്ക് നെറുകയില്‍ ചാര്‍ത്താനായി മറ്റൊരു ഭൂഷണം കൂടി. ഇന്ത്യയിലെ ഏറ്റവും അധികം വനിതാ കുറ്റവാളികള്‍ ഉള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ബീഹാറിനോടും ഛത്തീസ്ഘഢിനോടും ഒപ്പമാണ് പരിഷ്‌കൃതരായ മലയാളി വനിതകള്‍ എത്തിയതെന്ന കാര്യം വിസ്മയിച്ചു കൂട.
ഉപാധികള്‍ ഏത് ബന്ധത്തിലുണ്ടായാലും അത് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക.സൗഹൃദത്തില്‍ കലര്‍പ്പില്ലാത്ത സ്‌നേഹത്തിന് പകരം സ്വാര്‍ഥത നിറഞ്ഞാല്‍ പിന്നെയിത്രയും വിഷമയമായത് വേറെയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല. ലോകത്ത് ഉപാധികളില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കലര്‍പ്പില്ലാത്ത സൗഹൃദമായിരിക്കും. അതില്‍ പിതൃത്വത്തിന്റെ മഹനീയതയോ പ്രായത്തിന്റെ ബഹുമാനമോ സമ്പത്തിന്റെ കടപ്പാടോ പ്രണയത്തിന്റെ ശീതളിമയോ ഒന്നും കലരുകയുമരുത്.
ഇന്ത്യന്‍ സുപ്രീം കോടതി വളരെ വിശേഷപ്പെട്ട ഒരു വിധി 2013 ഏപ്രിലില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കീഴ്‌ക്കോടതികളോ പോലീസ് അധികരികളോ പാലിക്കുന്നില്ല എന്നതാണ് മേല്‍ പറഞ്ഞ ദുരവസ്ഥ തുടരുന്നതിനിടയാക്കുന്നത്. ഹരിയാന ഹൈക്കോടതിയുടെ തെറ്റായ വിധിക്കെതിരെയാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചിരിക്കുന്നത്.
1995-ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടാണാണ് ഹരിയാന ഹൈക്കോടതിയില്‍ കേസെത്തുത്. ഐ പി സി 365, 376 വകുപ്പ് പ്രകാരം 7 വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും നല്‍കണമെന്ന വിധിയാണ് സുപ്രീം കോടതി പൂര്‍ണമായും നിരാകരിച്ച് പ്രതിയെ വെറുതെ വിട്ടതും കീഴ്‌കോടതിക്ക് കര്‍ശന നിര്‍ദേശം നല്‍കിയതും. പ്രായപൂര്‍ത്തിയായ (19കാരി) പ്ലസ്ടു വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയെ അടുപ്പം കാണിച്ച് ലൈംഗികമായി ഉപയോഗിച്ചു എന്നതായിരുന്നു കേസ്. പെണ്‍കുട്ടി നിര്‍ബന്ധിച്ച് ലൈംഗികാവശ്യത്തിന് പുരുഷനെ ഉപയോഗിക്കുകയായിരുന്നുവെന്ന് തെളിയിക്കാന്‍ സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ട ഗതിയുള്ള നാടാണ് നമ്മുടെത്. കുറ്റവാളിയെന്ന് മുദ്രയടിച്ചിരുന്ന യുവാവ് ജയില്‍ മോചിതനായെങ്കിലും അയാള്‍ക്ക് നഷ്ടപ്പെട്ട മാനം തിരിച്ചു നല്‍കാന്‍ ഏത് സംവിധാനമാണ് ഇവിടെയുള്ളത് എന്നതും പ്രസക്തമാണ്.
കാര്യലാഭത്തിനായി സ്ത്രീകള്‍ നിയമത്തിന്റെ പവിത്രത കളങ്കപ്പെടുത്തും വിധം ഉപയോഗിക്കുന്നു എന്നും ഇത് കൊണ്ട് തന്നെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം സ്ത്രീപീഡനങ്ങളും കെട്ടിച്ചമച്ചതാണെന്നും കോടതി നീരീക്ഷിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇത്തരം കേസുകള്‍ പരിഗണിക്കുന്ന സാധാരണ പോലീസ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ വലിയ ഉത്തരവാദിത്ത ബോധത്തോടെയും സത്യസന്ധമായും ഇടപെടണമെന്നും കോടതി നിര്‍ദേശിക്കുന്നുണ്ട്.
സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് കേരള ഹൈക്കോടതിയും ചെന്നൈ ഹൈക്കോടതിയും സമാനമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മൊത്തം 2013 ഏപ്രിലിന് ശേഷമുണ്ടായ ഇത്തരം കേസുകളുടെ കുറവ്് കോടതിയുടെ കാഴ്ചപ്പാട് ശരിയാണെന്ന് തെളിയിക്കുന്നതാണ്.
കേരളത്തിന്റെ സാഹചര്യത്തിലും ഈ നീരീക്ഷണത്തിന് വലിയ പ്രസക്തിയുണ്ട്. കള്ള പരാതികളുമായെത്തുന്ന സ്ത്രീകളുടെ പേര് പറയാതിരിക്കുകയും ആരോപണങ്ങളുണ്ടാവുമ്പോഴെക്കും പുരുഷനെ പ്രതിചേര്‍ക്കുകയും ചെയ്യുന്ന നിലയാണിന്നുള്ളത്. ഏതൊരാളും ആരോപണം ഉണ്ടാകുമ്പോഴല്ല മറിച്ച് കുറ്റം തെളിയിക്കപ്പെടുമ്പോഴാണ് പ്രതിയാവുന്നത് എന്ന കാര്യം പോലും ഇത്തരം കേസ് കൈകാര്യം ചെയ്യുന്ന അധികൃതര്‍ പലപ്പോഴും ശ്രദ്ധിക്കുന്നില്ല. വസ്തു തര്‍ക്കത്തിനും സ്വന്തം വിഭാഗത്തിന്റെ ജയത്തിനും കല്യാണം മുടക്കാനും എല്ലാം പെണ്ണ് സ്വശരീരം ഉപയോഗിക്കുമ്പോള്‍ സ്ത്രീ സംരക്ഷണ നിയമം പുരുഷനെ നോക്കി പല്ലിളിക്കുകല്ലേ ചെയ്യുന്നത്?