Connect with us

International

 തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റെതല്ലെന്ന്

Published

|

Last Updated

ജക്കാര്‍ത്ത: എയര്‍ ഏഷ്യ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ആസ്‌ത്രേലിയന്‍ തിരച്ചില്‍ സംഘത്തിന് കടലില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റെതല്ലെന്ന് വ്യക്തമായി. ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കല്ലായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദ പരിശോധനക്കുശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിമാനത്തിന്റെ സിഗ്‌നല്‍ നഷ്ടമായ സ്ഥലത്തു നിന്ന് 700 മൈല്‍ അകലെയുള്ള നങ്ക ദ്വീപില്‍ നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്തയിലെ വ്യോമസേന കമാന്‍ഡറെ ഉദ്ധരിച്ച് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിനായുള്ള തിരച്ചില്‍ നങ്ക ദ്വീപിനടുത്ത പ്രദേശത്തേക്ക് വ്യാപിപ്പിച്ചിരുന്നു.
ജാവ കടലില്‍ പുരോഗമിക്കുന്ന തിരച്ചിലില്‍ 15 കപ്പലുകളും 30 വിമാനങ്ങളും പങ്കെടുക്കുന്നതായി മലേഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ആസ്‌ത്രേലിയ, സിംഗപ്പൂര്‍, ഇന്ത്യ എന്നീ രാജ്യങ്ങളും വിമാനത്തിനായുള്ള തിരച്ചിലില്‍ സഹകരിക്കുന്നുണ്ട്.