International
എയര്‍ ഏഷ്യ വിമാനം: 40 യാത്രക്കാരുടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി
ജക്കാര്‍ത്ത: മൂന്ന് ദിവസം നീണ്ട ദൂരൂഹതകള്‍ക്ക് വിരാമമിട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെതെന്ന് അവശിഷ്ടങ്ങളും 40 യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തി. ജാവാ കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റുകള്‍, എമര്‍ജന്‍സി ഡോര്‍ എന്നിവയും കണ്ടെത്തിയവയില്‍പെടും. അവശിഷ്ടങ്ങള്‍ കാണാതായ വിമാനത്തിന്റെത് തന്നെയാണെന്ന് എയര്‍ ഏഷ്യ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ പരിശോധിക്കനായി പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഭാഗത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് ഇവ കണ്ടെത്തിയത്.
കാണാതായ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ഇന്തോനേഷ്യന്‍ ടെലിവിഷന്‍ ചാനലാണ് പുറത്തുവിട്ടത്. ജാവാ കടലിന്റെ പ്രതലത്തിലൂടെ ഒഴുകുന്ന ചില അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഒരു മീറ്ററോളം നീളമുള്ള ഓറഞ്ച് നിറത്തിലുള്ള ഒരു വസ്തുവിന്റേയും ചാരനിറത്തിലുള്ള മറ്റൊരു വസ്തുവിന്റേയും ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. വിമാനത്തിന്റെ വാതിലിന്റേയും മറ്റും ഭാഗങ്ങളാണ് ഇതെന്നാണ് കരുതുന്നത്. ഇതിന് സമീപം നിന്ന് തന്നെയാണ് മൃതദേഹങ്ങളും കണ്ടെത്തിയത്. പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ബന്ധുക്കള്‍ വാവിട്ട് കരഞ്ഞാണ് ഇൗ ദൃശ്യങ്ങള്‍ ടെലവിഷനില്‍ കണ്ടത്. തങ്ങളുടെ ഉറ്റവര്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പിക്കപ്പെട്ടതോടെ വിഷമം അടക്കാനാകാതെ പലരും ബോധരഹിതരായി.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യ വിമാനം കാണാതായത്. 162 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.