National
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി
മുംബൈ: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി. അമിത് ഷാ നല്‍കിയ ഹരജി പരിഗണിച്ച് മുംബൈ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ അമിത്ഷാക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കഴിഞ്ഞവര്‍ഷമാണ് സിബിഐ പ്രതിചേര്‍ത്തത്. ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, ആയുധനിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയത്. അമിത് ഷാ ഉള്‍പ്പെടെയുള്ള 18 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2005ലാണ് സൊഹ്‌റാബുദ്ദീനും അദ്ദേഹത്തിന്റെ ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടത്. ഗുജറാത്ത് ഭീകരവിരുദ്ധ സേന വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
ഒരു വര്‍ഷത്തിനുശേഷം സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തുളസീ റാം പ്രജാപതിയും കൊല്ലപ്പെട്ടു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നായിരുന്നു വിശദീകരണം. രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട് 2010ല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അമിത് ഷാക്ക് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. മന്ത്രിസ്ഥാനവും രാജിവയ്‌ക്കേണ്ടിവന്നു. 2012ലാണ് കേസ് മുംബൈയിലേക്ക് മാറ്റിയത്.