Sports
ഒരു സൂചനയും നല്‍കാതെ വിരമിക്കല്‍; കൂള്‍, സര്‍പ്രൈസ്
മെല്‍ബണ്‍: ക്രിക്കറ്റില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന ആരെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെ പോലെ വിരമിച്ചിട്ടുണ്ടാകുമോ ? ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിക്കുന്നതെങ്കിലും ധോണി ഒരു ഗംഭീര യാത്രയയപ്പ് സഹതാരങ്ങളാല്‍ അര്‍ഹിച്ചിരുന്നു. തന്റെ പിന്‍ഗാമിയായ വിരാട് കോഹ്‌ലിയുടെയും സഹതാരങ്ങളുടെയും ചുമലിലേറി ധോണി ഗ്രൗണ്ട് വലംവെക്കുന്ന ചിത്രത്തിന് വലിയ വാര്‍ത്താപ്രാധാന്യമുണ്ടായിരുന്നു. ഒന്നുമുണ്ടായില്ല, ധോണി ഓസീസ് താരങ്ങള്‍ക്ക് ഒരു നിറചിരിയോടെ ഹസ്തദാനം ചെയ്ത് മടങ്ങി. മാധ്യമപ്രവര്‍ത്തകരുമായി മത്സരത്തെ കുറിച്ച് സംവദിച്ചപ്പോഴും മെല്‍ബണ്‍ ടെസ്റ്റ് തന്റെ അവസാനത്തേതാണെന്ന ഒരു സൂചന പോലും ധോണി നല്‍കിയില്ല.
ഇന്ത്യയെ മൂന്ന് ലോകകപ്പ് വിജയങ്ങളിലേക്ക് നയിച്ച, ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ആദ്യമായി കൈപിടിച്ചുയര്‍ത്തിയ ക്യാപ്റ്റന്‍ ധോണി എന്നും കൂള്‍ ആയിരുന്നു. ആഘോഷം വരുമ്പോഴും വിവാദം വരുമ്പോഴും ധോണി അനാവശ്യമായ പ്രസ്താവനകള്‍ക്ക് മുതിരില്ല. പറയാനുള്ള ബി സി സി ഐക്ക് വിട്ടുകൊടുക്കുകയാണ് പതിവ്. ലോകക്രിക്കറ്റിനെ അതിശയിപ്പിച്ച, ഞെട്ടിപ്പിച്ച വിരമിക്കല്‍ തീരുമാനവും ബി സി സി ഐ മുഖാന്തിരമാണ് ഔദ്യോഗികമായി അറിയിക്കുന്നത്.
ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ ധോണിയുടെ വിരമിക്കല്‍ തീരുമാനത്തെ പെട്ടെന്ന്, ആലോചിക്കാതെയെടുത്ത വൈകാരിക തീരുമാനമായി കാണുന്നേയില്ല. ധോണി ഒരു പ്രത്യേക നിമിഷത്തില്‍ എടുത്ത് ചാടി തീരുമാനമെടുക്കാറില്ല. പ്രായോഗികതയുടെ വക്താവാണദ്ദേഹം. മനസ്സില്‍ പലവട്ടം മറിച്ചും തിരിച്ചും ചിന്തിച്ച് ഉചിതമായ തീരുമാനമെടുക്കുന്ന വ്യക്തിത്വമാണ് ധോണിയില്‍ ദര്‍ശിച്ചത്. വിരമിക്കല്‍ തീരുമാനവും അങ്ങനെ തന്നെയാണ്.
മത്സരശേഷം എല്ലാ തിരക്കുകളും കഴിഞ്ഞ ശേഷമാണ് ധോണി സഞ്ജയ് പട്ടേലിനോട് വിരമിക്കുന്ന കാര്യം അറിയിച്ചത്. ഉടന്‍ തന്നെ പട്ടേല്‍ ചോദിച്ചത്, എന്ത് സംഭവിച്ചു, പരുക്ക് വല്ലതും? ധോണി അനായാസതയോടെ പറഞ്ഞു: ഇല്ല, ഒന്നുമില്ല. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത് ഉചിതമാകുമെന്ന് തോന്നി. മൂന്ന് ഫോര്‍മാറ്റിലും നായകനായി തുടരുന്നതിലുള്ള ബുദ്ധിമുട്ടും ധോണി പങ്കുവെച്ചു. ഉടന്‍ തന്നെ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീല്‍, ശിവലാല്‍ യാദവ് എന്നിവരുമായി പട്ടേല്‍ ചര്‍ച്ച ചെയ്തു. ധോണിയുടെ തീരുമാനത്തെ ഇവരെല്ലാം സ്വാഗതം ചെയ്തു.
ഔദ്യോഗിക തീരുമാനം ബി സി സി ഐ അറിയിക്കാന്‍ പോകുന്നതിന് മുമ്പ് ധോണി സഹതാരങ്ങളോട് വിരമിക്കല്‍ തീരുമാനം അറിയിക്കുകയും ചെയ്തു.
ടെസ്റ്റിലെ വിരമിക്കലോടെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും ധോണി ഉടനെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ സഞ്ജയ് പട്ടേല്‍ തള്ളി. ലോകകപ്പില്‍ ധോണി തന്നെ ടീമിനെ നയിക്കുമെന്ന് പട്ടേല്‍ വ്യക്തമാക്കി.