Connect with us

Kannur

കണ്ണൂരിലും മാവോയിസ്റ്റ് ആക്രമണം

Published

|

Last Updated

കണ്ണൂര്‍: പേരാവൂരിന് സമീപം വയനാട് അതിര്‍ത്തിയില്‍ നെടുംപൊയില്‍ ചുരത്തില്‍ ക്വാറി ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം. തലശ്ശേരി ബാവലി അന്തര്‍സംസ്ഥാന പാതയില്‍ നാലാം മൈല്‍ ചെക്യേരിയിലെ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍ ആന്‍ഡ് ഹോളോബ്രിക്‌സിനു നേരേയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ആക്രമണം ഉണ്ടായത്. പട്ടാള യൂനിഫോമിലെത്തിയ അഞ്ചംഗ സായുധ സംഘമാണ് ഓഫീസിനുള്ളില്‍ കടന്ന് ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത് തീയിട്ട് നശിപ്പിച്ചത്. ഓഫീസ് വാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകയറിയ സംഘം ടി വിയും ഫര്‍ണിച്ചറും മറ്റും തകര്‍ത്ത് തീയിടുകയായിരുന്നുവെന്ന് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. കമ്പ്യൂട്ടറുകളും മൂന്ന് സി സി ടി വി ക്യാമറകളും സംഘം എടുത്തുകൊണ്ടുപോയിട്ടുണ്ട്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെത്തിയ സംഘം, സെക്യൂരിറ്റി ജീവനക്കാരന്‍ ചെങ്ങന്നൂര്‍ സ്വദേശി ഗോപിയെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് ശേഷം മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള ചേക്കേരിയിലെ കോളനിയിലെത്തിയ സംഘം “നിങ്ങള്‍ക്ക് ഭീഷണിയായ ക്വാറി ഞങ്ങള്‍ തകര്‍ത്തെന്ന്” അവരെ അറിയിച്ചു. തുടര്‍ന്ന് കോളനിക്കാരില്‍ നിന്ന് അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ വാങ്ങിയ ശേഷം കാട്ടിലേക്കു മറഞ്ഞു. അക്രമി സംഘത്തിലെ ഒരാള്‍ മാവോയിസ്റ്റ് നേതാവ് രൂപേഷാണെന്ന് കോളനിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രൂപേഷും രണ്ട് സ്ത്രീകളുമടങ്ങിയ നാലംഗ സംഘമാണ് തന്റെ പക്കല്‍ നിന്ന് അരിയും മറ്റ് ആഹാരസാധനങ്ങളും വാങ്ങിയതെന്ന് കോളനിവാസിയായ എം ബിന്ദു പറഞ്ഞു. ക്വാറി ആക്രമിച്ച മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീ വിജയ ഭായി ആണെന്ന് ജീവനക്കാരന്‍ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
ഡിസംബര്‍ 27ന് രാത്രി 9.30 ന് കോളനിയിലെത്തി രൂപേഷ് തന്നെ കണ്ടിരുന്നുവെന്ന് കോളനിയിലുള്ള കേളപ്പന്‍ എന്ന ഭാര്‍ഗവനും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ചെക്യേരി കോളനിയില്‍ ഏഴംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയിരുന്നത്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയിലെത്തിയതെന്ന് പോലീസ് സംശയിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഏഴംഗ മാവോയിസ്റ്റ് സംഘം ചെക്യേരി കോളനിയിലെത്തി ലഘുലേഖ വിതരണം ചെയ്യുകയും ന്യൂഭാരത് ക്രഷറില്‍നിന്ന് ആദിവാസികള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നുവത്രേ. പെരുമ്പാവൂര്‍ സ്വദേശികളാണ് ക്രഷറിന്റെ ഉടമകള്‍.
ആക്രമണം നടന്ന സ്ഥലത്ത് സി പി ഐ- മാവോയിസ്റ്റ് എന്ന പേരില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. “ജനവിരുദ്ധ, പരിസ്ഥിതി ഹാനികര ക്വാറിക്ക് ഒത്താശ ചെയ്യുന്നവരെ ജനകീയ കോടതിയില്‍ ശിക്ഷിക്കുന്നു” എന്നാണ് ഒരു പോസ്റ്ററിലുള്ളത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലുള്ള മറ്റൊരു പോസ്റ്ററും ക്വാറിയില്‍ പതിച്ചിട്ടുണ്ട്. അക്ഷര പ്രിന്റേഴ്‌സ്, കാലിക്കറ്റ് എന്നും പോസ്റ്ററിലുണ്ട്.
സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് പേരാവൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്. പിന്നീട് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ഉണ്ണിരാജന്‍, ഇരിട്ടി ഡി വൈ എസ് പി. പി സുകുമാരന്‍, പേരാവൂര്‍ സി ഐ. ജോഷി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തണ്ടര്‍ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശോധനയും ആരംഭിച്ചു.
കണ്ണൂര്‍ ജില്ലയിലെ ആദ്യ മാവോയിസ്റ്റ് ആക്രമണമാണ് ചെക്യേരിയില്‍ നടന്നത്. ആക്രമണത്തെ തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനാതിര്‍ത്തി പോലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 22ന് പാലക്കാട്ടെ സൈലന്റ്‌വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരുന്നു.

Latest