Connect with us

International

എയര്‍ എഷ്യാ ദുരന്തം: 22 മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ജക്കാര്‍ത്ത/സിംഗപ്പൂര്‍: തകര്‍ന്ന് വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു. ഇതിനകം 22 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിനായി തിരച്ചില്‍ നടക്കുകയാണ്.

അത്യാന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ബഹുരാഷ്ട്ര സംഘം നടത്തുന്ന തിരച്ചില്‍ ജാവാ കടലിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇവിടെ മാത്രം തിരയുന്നത് കൊണ്ട് കാര്യമില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്. 162 പേരാണ് ആകെയുണ്ടായിരുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അടക്കമുള്ള അവശിഷ്ടങ്ങളും ലഭിക്കണം.
മോശം കാലാവസ്ഥയാണ് തിരച്ചിലിന് പ്രധാന തടസ്സമെന്ന് ഇന്തോനേഷ്യന്‍ ദേശീയ രക്ഷാ ഏജന്‍സി മേധാവി റിയര്‍ മാര്‍ഷല്‍ ഹെന്റി ബംബാംഗ് സോളിസ്റ്റിയോ പറഞ്ഞു. ശക്തയേറിയ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇതോടെ തിരച്ചില്‍ തുടരുക ദുഷ്‌കരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗം എവിടെയെന്ന് തിട്ടപ്പെടുത്തുകയാണ് പ്രധാന വെല്ലുവിളി. ബ്ലാക്ക് ബോക്‌സ് കണ്ടെത്തുകയാണ് രണ്ടാമത്തേത്.
ബോര്‍ണിയോയോട് ചേര്‍ന്ന അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് മൃതദേഹങ്ങള്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് 1,575 ചതുരശ്ര നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കടലിന്റെ അടിത്തട്ടിലെ തിരച്ചിലിനാണ് ഇനി പ്രാമുഖ്യം നല്‍കുക. ഇതിനായി ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവടങ്ങളിലെ പ്രത്യേക പരിശാലന സിദ്ധിച്ച സം ഘം ഏറ്റവും ആധുനികമായ ഉപകരണങ്ങളുമായി സജ്ജമായിട്ടുണ്ട്. 90 കപ്പലുകളും ഹെലികോപ്റ്ററുകളും നിരവധി ബോട്ടുകളും തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. എട്ട് മൃതദേഹങ്ങള്‍ സുരബയയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. മൂന്ന് ഇന്തോനേഷ്യക്കാരെ തിരിച്ചറിഞ്ഞു.
ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. 155 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യയുടെ ക്യു ഇസഡ് 8501 വിമാനമാണ് കാണാതായത്. രാവിലെ 6.17 ഓടെ വിമാനത്തിന് ജക്കാര്‍ത്തയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മിനുട്ടുകള്‍ക്കകം റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 155 പേര്‍ ഇന്തോനേഷ്യക്കാരാണ്. മൂന്ന് ദക്ഷിണ കൊറിയക്കാരും സിംഗപ്പൂര്‍, മലേഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആളുകളുമാണ് ഉണ്ടായിരുന്നത്.