Connect with us

Kerala

അംഗ പരിമിതരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊതു രേഖയായി പരിഗണിക്കും

Published

|

Last Updated

മലപ്പുറം: മെഡിക്കല്‍ ബോര്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തില്‍ അംഗപരിമിതര്‍ക്ക് നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിലടക്കം നിര്‍ബന്ധമായും പൊതു അധികാര രേഖയായി പരിഗണിക്കണമെന്ന് സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ്. ഭിന്നശേഷിക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപന മേധാവികള്‍ ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്. ഇവര്‍ക്ക് നല്‍കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് പൊതു അധികാര രേഖയായി പരിഗണിക്കണമെന്ന് 2010ല്‍ തന്നെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പൊതു അധികാര രേഖയായി മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും വിവിധ വകുപ്പുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും വികലാംഗത്വം തെളിയിക്കുന്നതിനും മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഒഴിവാക്കേണ്ടതാണെന്നും ഉത്തരവായിട്ടുണ്ട്. അംഗപരിമിതരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുന്ന കാര്യത്തില്‍ കെ എസ് ആര്‍ ടി സി പോലും ഈ ഉത്തരവ് പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.