Connect with us

Articles

ഫലസ്തീന്റെ കൊച്ചുകൊച്ചു വിജയങ്ങള്‍

Published

|

Last Updated

ഹമാസ് -ഫതഹ് ഐക്യം രാഷ്ട്ര സംസ്ഥാപനത്തിനായുള്ള ഫലസ്തീന്റെ ശ്രമങ്ങളെ കൂടുതല്‍ ആധികാരികവും പ്രായോഗികവുമാക്കി മാറ്റിയിട്ടുണ്ട്. വൈകാരികമായ പ്രതികരണങ്ങളിലൂടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക സാധ്യമല്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലോക രാഷ്ട്രങ്ങളെ മുഴുവന്‍ പറഞ്ഞുപറ്റിച്ച് സ്ഥാപിക്കപ്പെട്ട ജൂതരാഷ്ട്രം പിടിച്ചുവെച്ച തങ്ങളുടെ മണ്ണ് തിരികെ പിടിക്കാന്‍ ലോകത്തിന്റെയാകെ പിന്തുണ വേണമെന്ന് ഇന്ന് അവര്‍ക്ക് അറിയാം. ഈ അറിവാണ് യു എന്നിന്റെ വേദികളെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. “ഒരു കൈയില്‍ തോക്കും മറു കൈയില്‍ ഒലിവിലയുമായാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നതെ”ന്ന് യു എന്‍ പൊതു സഭയിലെ പ്രസംഗത്തില്‍ യാസര്‍ അറഫാത്ത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ അബൂ മാസന്‍ (മഹ്മൂദ് അബ്ബാസ്) ഒലിവിലയില്‍ മാത്രം വിശ്വസിച്ചു ഏറെക്കാലം. ഹമാസാകട്ടെ തോക്കില്‍ കുഴലിലൂടെ സ്വാതന്ത്യം വരുമെന്ന് ഉറച്ചുനടന്നു. ഇസ്‌റാഈലുമായി, അമേരിക്കയടക്കമുള്ളവരുട മാധ്യസ്ഥ്യത്തില്‍, കൂടിയാലോചനകളിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാണെന്നായിരുന്നു ഫത്തഹിന്റെ കാഴ്ചപ്പാട്. ജൂതരാഷ്ട്രത്തിന്റെ പിറവി തന്നെ നിയമവിരുദ്ധമായതിനാല്‍ അതുമായി ഒരു ചര്‍ച്ചയും സാധ്യമല്ലെന്നതായിരുന്നു ഹമാസിന്റെ നിലപാട്. ഈ കാഴ്ചപ്പാടുകള്‍ ഏറ്റുമുട്ടിയപ്പോള്‍ വെസ്റ്റ്ബാങ്ക് കേന്ദ്രീകരിച്ചും ഗാസ കേന്ദ്രീകരിച്ചും രണ്ട് ഭരണകൂടങ്ങള്‍ തന്നെയുണ്ടായി. അവ തമ്മില്‍ ഏറ്റുമുട്ടി. ഇസ്‌റാഈല്‍ ഗാസയെ ആക്രമിച്ചു തരിപ്പണമാക്കുമ്പോഴും അബ്ബാസ് ചര്‍ച്ചാ മുറിയുടെ തണുപ്പിലിരുന്നു. ജൂതരാഷ്ട്രം ആഗ്രഹിച്ചത് ഈ അനൈക്യം തന്നെയായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇസ്‌റാഈല്‍ നടത്തിയ ഗാസാ നരനായാട്ട് ഹമാസിന്റെയും ഫതഹിന്റെയും കണ്ണ് തുറപ്പിച്ചിരിക്കുന്നു. ഐക്യത്തിന്റെ പാതയിലാണ് അവര്‍. ഹമാസ് ആയുധം ഉപേക്ഷിച്ചുവെന്നല്ല. ഫതഹ് അതിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞുവെന്നുമല്ല. അവശേഷിക്കുന്ന ഇത്തിരി മണ്ണെങ്കിലും അന്യാധീനപ്പെടാതിരിക്കാനുള്ള ഐക്യപ്പെടല്‍. അതാണ് ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ ഒപ്പുവെച്ച ഫതഹ്- ഹമാസ് ഐക്യ കരാറിന്റെ അന്തസ്സത്ത. 2014ല്‍ തന്നെ ഈ ഐക്യത്തിന്റെ വിളവെടുപ്പ് ആരംഭിച്ചിരുന്നു. 2015 കൂടുതല്‍ വിജയങ്ങള്‍ കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഫലസ്തീന്‍ രൂപവത്കരണത്തിന് ഇ യു അംഗമായ സ്വീഡന്‍ ഔപചാരികമായി പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പ്രതീകാത്മക ഫലസ്തീന്‍ പ്രമേയം പാസ്സായി. കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വഴിയിലേക്ക് വരാനിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍, യു എന്നില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അത് തോറ്റ യുദ്ധമാണെങ്കില്‍ കൂടി. യു എന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണ പ്രമേയം ഒറ്റ വോട്ടിന്റെ കുറവിലാണ് തള്ളിപ്പോയത്. 15 അംഗ സമിതിയില്‍ ഒന്‍പത് അംഗങ്ങള്‍ പിന്തുണച്ചാല്‍ പ്രമേയം പാസ്സാകുമായിരുന്നു. എട്ടംഗങ്ങള്‍ പിന്തുണച്ചു. അമേരിക്കയും ആസ്‌ത്രേലിയയും എതിര്‍ത്ത് വോട്ടു ചെയ്യുകയും ബ്രിട്ടന്‍, നൈജീരിയ, ദ. കൊറിയ, റുവാണ്ട, ലിത്വാനിയ എന്നിവ വിട്ടുനില്‍ക്കുകയും ചെയ്തതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. സ്ഥിരാംഗങ്ങളായ ചൈന, റഷ്യ, ഫ്രാന്‍സ് എന്നിവക്ക് പുറമെ അര്‍ജന്റീന, ചിലി, ചാഡ്, ജോര്‍ദാന്‍, ലക്‌സംബര്‍ഗ് എന്നിവ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസ്സായാലും അമേരിക്ക വീറ്റോ ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ജോര്‍ദാന്റെ നേതൃത്വത്തില്‍ ഈ നയതന്ത്രശ്രമം നടത്തിയത്. കാരണം അതിന് കേവല വിജയത്തിന് അപ്പുറമുള്ള ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ആ അര്‍ഥത്തില്‍ പ്രമേയം വിജയം തന്നെയാണ്.
ഓരോരുത്തരും എവിടെ നില്‍ക്കുന്നുവെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു ഈ വോട്ടിംഗ്. റഷ്യയും ചൈനയും തങ്ങളുടെ ഫലസ്തീന്‍ പക്ഷം ആധികാരകികമായി ആവര്‍ത്തിച്ചു. ഫ്രാന്‍സ് കൂടി ഈ സുധീരതയിലേക്ക് വന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബ്രിട്ടീഷ് പാര്‍ലിമെന്റേറിയന്‍മാരെ അപമാനിക്കുന്നതായി ആ രാജ്യം യു എന്നില്‍ കൈകൊണ്ട നിലപാട്. വിട്ടുനില്‍ക്കുകയെന്നത് നിലപാടില്ലായ്മയോ നിഷ്പക്ഷമതിത്വമോ അല്ല. മറിച്ച് കൃത്യമായി പക്ഷം ചേരലാണ്. ഉറച്ച വാക്കില്‍ സത്യം വിളിച്ചുപറയേണ്ട ഘട്ടത്തില്‍ മിണ്ടാതിരിക്കുന്നത് കളവിനോടൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ബ്രിട്ടന്റെ വിട്ടുനില്‍പ്പ് അവര്‍ ഇപ്പോഴും അമേരിക്കന്‍ മച്ചുനന്‍മാരാണെന്ന് തെളിയിക്കുന്നു. വിട്ടുനിന്ന മറ്റുള്ളവരും അമേരിക്കന്‍ ഭീഷണിക്കു മുമ്പില്‍ വഴങ്ങുകയായിരുന്നുവെന്ന് വ്യക്തം. ഇതില്‍ ദക്ഷിണ കൊറിയ കുറേക്കാലമായി യു എസിന്റെ സ്വന്തം തൊമ്മിയാണ്.
ഫലസ്തീന്‍ രാഷ്ട്രരൂപവത്കരണത്തിനായി മുന്നോട്ട് വെക്കുന്ന പദ്ധതി എത്രമാത്രം നീതിയുക്തവും വിട്ടുവീഴ്ചാപരവുമാണെന്ന് ലോകത്തോട് പറയാന്‍ ഈ പ്രമേയത്തിന് സാധിച്ചു. ദ്വിരാഷ്ട്രപരിഹാരമാണ് പ്രമേയം മുന്നോട്ട് വെക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട കരാറുകള്‍ പാലിക്കണമെന്നേ അത് ആവശ്യപ്പെടുന്നുള്ളൂ. ഇസ്‌റാഈലിമായുള്ള സമാധാന ചര്‍ച്ചക്ക് ഒരു വര്‍ഷത്തെ സമയപരിധി മുന്നോട്ടുവെക്കുന്ന പ്രമേയം 2017 ഓടെ വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും അധിനിവേശ മേഖലകളില്‍ നിന്ന് ഇസ്‌റാഈലി സൈന്യം പൂര്‍ണമായി പിന്‍മാറണമെന്ന് നിര്‍ദേശിക്കുന്നു. ജറൂസലം ഇരു രാജ്യങ്ങളുടെയും തലസ്ഥാനമായി പങ്കിട്ടുകൊണ്ടുള്ള ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരത്തിനാണ് ഫലസ്തീന്‍ ശ്രമിക്കുന്നത്. വെസ്റ്റ്ബാങ്കും കിഴക്കന്‍ ജറൂസലമും ഗാസാ മുനമ്പും ഇസ്‌റാഈല്‍ കൈയേറിയ 1967ലെ ആറ് ദിന ആക്രമണത്തിന് മുമ്പുള്ള അതിര്‍ത്തി അടിസ്ഥാനമാക്കിയായിരിക്കണം ചര്‍ച്ചയെന്നും പ്രമേയം വ്യക്തമാക്കുന്നു. ഈ പ്രമേയം എത്രമാത്രം ഉദാരമാണെന്ന് തിരിച്ചറിയണമെങ്കില്‍ ഇസ്‌റാഈല്‍ രാഷ്ട്രത്തെ കുടിയിരുത്തിയതിന്റെയും അതിര്‍ത്തി വ്യാപനത്തിന്റെയും അധിനിവേശത്തിന്റെയും ജൂത കുടിയേറ്റ വ്യാപനത്തിന്റെയും ചരിത്രം അറിയണം.
തിയോഡോര്‍ ഹേര്‍സണ്‍ എഴുതിയ “ദി ജ്യൂയിഷ് സ്റ്റേറ്റ്” എന്ന പുസ്തകത്തിലാണ് പ്രത്യേക ജൂതരാഷ്ട്രമെന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഹിറ്റലറുടെ ജൂതവിരുദ്ധ അതിക്രമങ്ങളുടെ തുടര്‍ച്ചയായി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ജൂതന്‍മാര്‍ കടുത്ത വിവേചനം അനുഭവിച്ചുവെന്നത് സത്യമാണ്. പക്ഷേ, യൂറോപ്പിന് പുറത്ത് ജൂതന്‍മാര്‍ സുരക്ഷിതരും അപാരമായ ഉള്‍ക്കൊള്ളല്‍ സംസ്‌കാരത്തിന്റെ ഊഷ്മളത അനുഭവിക്കുന്നവരുമായിരുന്നു. യൂറോപ്യന്‍ ജൂതവിദ്വേഷത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി അന്ന് ആഘോഷിക്കപ്പെട്ടത് ഒരു കോര്‍ട്ട് മാര്‍ഷല്‍ നടപടിയിരുന്നു. ഫ്രാന്‍സിന്റെ പട്ടാള രഹസ്യങ്ങള്‍ ജര്‍മനിക്ക് ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തി ആല്‍ഫ്രഡ് റൈസസ് എന്ന ജൂത സൈനികനെ പരസ്യമായി മര്‍ദിക്കുകയായിരുന്നു. ജനം അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചാര്‍ത്തു. 1895ലെ ആ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരെല്ലാം പാരീസിലെത്തി. ജൂതരെയാകെ ഒറ്റുകാരായി ചിത്രീകരിക്കുന്ന ആ രംഗം ആസ്ത്രിയയില്‍ നിന്നുള്ള ജൂതപത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹേര്‍സണെ ശക്തിയായി പിടിച്ചുലച്ചു. ഈ ആഘാതത്തില്‍ അദ്ദേഹം എഴുതിയ പുസ്തകമാണ് ദി ജ്യൂയിഷ് സ്റ്റേറ്റ്. പിന്നീട് 1897ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ആഹ്വാനം ചെയ്തു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍ രാഷ്ട്രങ്ങളിലെല്ലാം ജൂതര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അവരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളുടെ നയതന്ത്ര തലപ്പത്ത് ജൂതരായിരുന്നു. പലിശക്ക് പണം കൊടുക്കുന്ന വമ്പന്‍ മൂലധന ഉടമകള്‍; വ്യവസായികള്‍, വ്യാപാരികള്‍. ഈ സാമ്പത്തിക രാഷ്ട്രീയ ശക്തിയാകെ ഒറ്റ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ജൂത സമ്മേളനം ആഹ്വാനം ചെയ്തു. തീര്‍ത്തും വര്‍ഗീയമായ ഒരു ആശയം മുന്നോട്ട് വെച്ചിട്ടും ആരും അതിനെതിരെ വിരല്‍ചൂണ്ടിയില്ലെന്നതാണ് വിരോധാഭാസം. ജൂതര്‍ക്ക് അധിവസിക്കാനായി ശൂന്യമായ ഒരു “വാഗ്ദത്ത ഭൂമി” ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉഗാണ്ട തരാമെന്ന് ബ്രിട്ടന്‍ പറഞ്ഞത് ആ ഘട്ടത്തിലാണ്. കൊളോനിവത്കരണത്തിന്റെ പിന്‍ബലത്തില്‍ അങ്ങ് പ്രഖ്യാപിക്കുക തന്നെയാണ്. പരമ്പരാഗതമായി മനുഷ്യര്‍ അധിവസിക്കുന്ന ഇടങ്ങള്‍ പതിച്ച് നല്‍കാനുളള ബ്രിട്ടന്റെ തീരുമാനത്തെ ഒരു പാശ്ചാത്യരാജ്യവും അസ്വാഭാവികമായി കണ്ടില്ല. ഉഗാണ്ട സ്വീകാര്യമല്ലെന്ന് ജൂത സംഘടന വ്യക്തമാക്കിയതോടെയാണ് ജറൂസലം കേന്ദ്രീകരിച്ച് ജൂതര്‍ അധിവസിക്കുന്ന പ്രദേശത്ത് ജൂത രാഷ്ട്രം സ്ഥാപിക്കാമെന്ന നിര്‍ദേശം വരുന്നത്.
അറബ് ഭൂരിപക്ഷമായ ഈ മേഖലയില്‍ അവിടുത്തെ പരമ്പരാഗത നിവാസികളായ ജൂതര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജൂത സമ്മേളനത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന ചര്‍ച്ചകളോട് അന്നത്തെ ഫലസ്തീന്‍ ജനത അത്യന്തം നിസ്സംഗത പുലര്‍ത്തിയെന്നതാണ് സത്യം. തങ്ങളുടെ മണ്ണാണ് കവര്‍ന്നെടുക്കാന്‍ പോകുന്നതെന്ന കാര്യം അവര്‍ ഗൗനിച്ചതേയില്ല. ജൂത ലോബി തുര്‍ക്കി സുല്‍ത്താനെയും ജര്‍മനിയെയും ഒരു പോലെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടന്റെ മുന്നേറ്റം തടയാന്‍ തങ്ങള്‍ സഹായിക്കാമെന്ന് ജര്‍മനിക്കും തുര്‍ക്കിക്കും അവര്‍ ഒരു പോലെ ഉറപ്പ് നല്‍കി. എന്നാല്‍ സയണിസ്റ്റുകളെ കൈക്കലാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു തിടുക്കം. 1914-18ല്‍ ബ്രിട്ടീഷ് നയന്ത്രജ്ഞന്‍ എ ബി ബാല്‍ഫര്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ ഡിക്ലറേഷന്‍. അപ്പോഴേക്കും ഭൗമരാഷ്ട്രീയത്തില്‍ മേഖലയിലെ അനിഷേധ്യ ശക്തിയായി മാറിക്കഴിഞ്ഞ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ 1948 മെയ് 15ന് ഇസ്‌റാഈല്‍ നിലവില്‍ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തില്‍ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി ചെറുത്തു നില്‍പ്പുകള്‍ അരങ്ങേറിയിരുന്നു. കൊന്നു തള്ളിയാണ് ഈ ചെറുത്തു നില്‍പ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കയത്. ഇസ്‌റാഈല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ഥവും ഒഴുക്കി. പിന്നെ എത്ര എത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്‌റഈലിന്റെ നിലനില്‍പ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. 1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്‌റാഈല്‍. ഗാസാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ്ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്‌റാഈല്‍ അധീനതയിലാക്കി. 1993ലെ ഓസ്‌ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരക്കി. അങ്ങനെയാണ് ഗാസയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. ഇന്‍തിഫാദകളുടെ ഉശിരന്‍ കാലത്ത് യാസര്‍ അറഫാത്തെന്ന ഒറ്റപ്പര്യായമേ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന് ഉണ്ടായിരുന്നുള്ളൂ. പിന്നെ അനുരഞ്ജനത്തിന്റെ തണുപ്പിലേക്ക് അദ്ദേഹം കൂപ്പുകുത്തി. അറഫാത്തിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്ത അസംഖ്യം കരാറുകളും അധിനിവേശത്തിന്റെ സമ്മതിപത്രങ്ങളായിരുന്നു.
ഈ ചരിത്രത്തില്‍ നിന്നുള്ള പാഠമെന്താണ്? 1948ല്‍ ഇസ്‌റാഈല്‍ ആക്കി മാറ്റിയ മുഴുവന്‍ പ്രദേശവും ഫലസ്തീന് അവകാശപ്പെട്ടതാണ്. എന്നാല്‍ ആരും ഇന്ന് അത്തരമൊരു അവകാശവാദം ഉന്നയിക്കുന്നില്ല. പകരം 1967ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് പിന്‍മാറണമെന്ന തികച്ചും മാന്യമായ പരിഹാരമാണ് മുന്നോട്ടുവെക്കുന്നത്. ശ്വാസോച്ഛ്വാസം പോലെ അനിവാര്യമായ ആവശ്യമുയര്‍ത്തുന്ന പ്രമേയത്തെ പോലും സമാധാശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. എന്താണ് അമേരിക്ക പറയുന്ന സമാധാനം? ഇസ്‌റാഈലിന്റെ അതിക്രമങ്ങള്‍ മുഴുവന്‍ ഫലസ്തീന്‍ ജനത സഹിക്കണമെന്നാണോ? ദിനംപ്രതി നടക്കുന്ന ജൂതഭവന നിര്‍മാണം നിര്‍ബാധം തുടരണമെന്നാണോ?
അന്താരാഷ്ട്ര ക്രിമനല്‍ കോടതിയില്‍ അംഗത്വത്തിനായി ഫലസ്തീന്‍ നടത്തുന്ന ശ്രമം വിജയത്തിലേക്ക് അടുക്കുകയാണ്. റോം കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. 2012ല്‍ കരഗതമായ നിരീക്ഷക രാഷ്ട്ര പദവിയാണ് ഈ നേട്ടത്തിലേക്ക് വഴി തുറന്നത്. ക്രിമിനല്‍ കോടതി ഇസ്‌റാഈലിനെ ശിക്ഷിച്ചുകളയുമെന്ന വ്യാമോഹമൊന്നും ഫലസ്തീനോ അവരെ പിന്തുണക്കുന്നവര്‍ക്കോ ഇല്ല. അമേരിക്കയുടെ മുന്‍കൈയില്‍ ഇസ്‌റാഈലുമായി നടക്കുന്ന ചര്‍ച്ചകളെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ട് പോകാനാകില്ലെന്ന സന്ദേശം നല്‍കുക. അതാണ് ഈ നീക്കങ്ങളുടെ യഥാര്‍ഥ ലക്ഷ്യം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest