Connect with us

National

അരാജകവാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളും തമ്മിലുള്ള വാക്‌പോരോടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. അരാജക വാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്ന് മോദി പറഞ്ഞു. അങ്ങിനെയുള്ളവര്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പ്രഖ്യാപനങ്ങളിലൂടെയല്ല കഠിനാധ്വാനത്തിലൂടെ മാത്രമേ വികസനം യാഥാര്‍ത്ഥ്യമാവൂ എന്നും മോദി പറഞ്ഞു. ബി ജെ പി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

2022നകം ഡല്‍ഹിയിലെ ഓരോ ചേരി നിവാസിക്കും സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും. ജനറേറ്ററുകളില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് ഡല്‍ഹിയെ സ്വതന്ത്രമാക്കും, 24 മണിക്കൂറും ഡല്‍ഹി നിവാസികള്‍ക്ക് വൈദ്യുതി ലഭ്യമാക്കും തുടങ്ങിയ വാഗ്ദാനങ്ങളും മോദി നല്‍കി. ബി ജെ പിക്ക് വന്‍ ഭൂരിപക്ഷം നല്‍കി ഡല്‍ഹിയുടെ വികസനത്തില്‍ ഒരു വര്‍ഷം പാഴാക്കിയവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും മോദി ആഹ്വാനം ചെയ്തു.

മോദിയുടെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മറുപടിയുമായി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. ഡല്‍ഹിക്കായി ഒരു പോസിറ്റീവ് അജണ്ടയും ബി ജെ പിക്ക് മുന്നോട്ട് വെക്കാനില്ലെന്ന് കെജരിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതെല്ലാം 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ കുറിച്ചാണ്. എ എ പി ഭരിച്ച 49 ദിനങ്ങളെ കുറിച്ച് ഒരു ദോഷവും പറയാന്‍ പ്രധാനമന്ത്രിക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 49 ദിവസത്തെ ഭരണം കൊണ്ട് ഡല്‍ഹിയില്‍ അഴിമതി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കായി എന്നാല്‍ ഏഴ് മാസങ്ങള്‍ കൊണ്ട് കേന്ദ്രത്തില്‍ ബി ജെ പി എന്താണ് ചെയ്തതെന്നും കെജരിവാള്‍ ചോദിച്ചു.