Connect with us

National

പ്രവാസി വോട്ടിന് കേന്ദ്ര അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി എട്ടാഴ്ചത്തെ സമയം അനുവദിച്ചു. പ്രവാസി വോട്ട് യാഥാര്‍ഥ്യമാക്കുന്നതിന് സമയം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് മാറ്റിവെച്ചു. പ്രവാസികള്‍ക്ക് വോട്ട് ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് നല്‍കി.
പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശയില്‍ ചില ഭേദഗതികള്‍ ആവശ്യമാണെന്നും അക്കാര്യം നിയമ മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എല്‍ നരസിംഹ കോടതിയെ അറിയിച്ചു. വോട്ട് രേഖപ്പെടുത്താന്‍ പ്രവാസി നേരിട്ട് ഹാജരാകണമെന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയായ ശംസീര്‍ വി പി, പ്രവാസി ഭാരത് ചെയര്‍മാന്‍ നാഗേന്ദര്‍ ചിന്തം തുടങ്ങിയവരുള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യ ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 114 രാഷ്ട്രങ്ങള്‍ പ്രവാസി വോട്ട് അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ ഇരുപതെണ്ണം ഏഷ്യന്‍ രാജ്യങ്ങളാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളിലായി ഏകദേശം പതിനൊന്ന് ദശലക്ഷം പ്രവാസി വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്.
പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടും ഇ ബാലറ്റ് വോട്ടും അനുവദിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശയില്‍ നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ നാലാഴ്ചത്തെ സമയവും കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നല്‍കിയിരുന്നു. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ വിനോദ് സുത്ഷിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സമിതിയാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന വിഷയം പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസി അപേക്ഷ നല്‍കിയാല്‍ റിട്ടേണിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പര്‍ ഇലക്‌ട്രോണിക് രൂപത്തില്‍ അയച്ചുകൊടുക്കും. ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അത് തപാല്‍ മാര്‍ഗം നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ച് അയച്ചുകൊടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഒന്നോ രണ്ടോ മണ്ഡലത്തില്‍ ഇത് നടപ്പാക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. നിലവില്‍ സൈനികര്‍ക്ക് മാത്രമാണ് പ്രോക്‌സി വോട്ട് ഉള്ളത്. ഏത് മണ്ഡലത്തിലാണോ വോട്ടുള്ളത് ആ മണ്ഡലത്തിലെ മറ്റൊരു വോട്ടറെ വോട്ട് ചെയ്യാന്‍ പകരക്കാരനായി നിശ്ചയിക്കുന്നതാണ് പ്രോക്‌സി വോട്ട്. പ്രോക്‌സി വോട്ടിന് നേരത്തെ തന്നെ ആളെ ചുമതലപ്പെടുത്തുകയും അതിനുള്ള അപേക്ഷ നല്‍കുകയും വേണം.

---- facebook comment plugin here -----

Latest