International
കൂട്ടക്കുരുതി: പെഷവാറിലെ സൈനിക സ്‌കൂളില്‍ വീണ്ടും മണിനാദം മുഴങ്ങി
പെഷവാര്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ച കൂട്ടക്കുരുതിക്ക് ഒടുവില്‍ പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 134 വിദ്യാര്‍ഥികള്‍ ചേതനയറ്റുവീണ കളിമുറ്റത്ത് വീണ്ടും അധ്യയനത്തിന്റെ ബെല്ലടി മുഴങ്ങി. പ്രിയ സഹപാഠികളുടെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി വിദ്യാര്‍ഥികള്‍ വീണ്ടും സ്്കൂളിലെത്തി. പെഷവാറില്‍ കുട്ടികളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ദുരന്തമുണ്ടായ സൈനിക സ്‌കൂള്‍ അടക്കം ഭൂരിഭാഗം സ്‌കൂളുകളും അടച്ചിട്ടിരിക്കുകയായിരുന്നു.
ഭീകരര്‍ സ്‌കൂളുകള്‍ ലക്ഷ്യമിട്ടതോടെ സ്‌കൂളുകളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പല സ്‌കൂളുകള്‍ക്ക് ചുറ്റും എട്ടടി ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച സ്‌കൂളുകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രവിശ്യാ ഭരണകൂടം അറിയിച്ചു.
ഡിസംബര്‍ 16നായിരുന്നു ലോകത്തെ നടുക്കിയ കൂട്ടക്കുരുതി. പെഷവാറിലെ സൈനിക സ്‌കൂള്‍ ഭീകരവാദികള്‍ ആക്രമിക്കുകയായിരുന്നു.