Connect with us

National

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിനാണ് വോട്ടെടുപ്പ്. പത്തിന് ഫലപ്രഖ്യാപനം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി പതിനാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്ന അവസാന തീയതി ജനുവരി 21 ആണ്. ജനുവരി 22ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി ജനുവരി 24 ആണ്. മാതൃകാ പെരുമാറ്റച്ചട്ടം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, ഗോവ, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന ഓരോ നിയമസഭാ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ ബന്‍ഗാവ് ലോക്‌സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി പതിമൂന്നിനാണ് ഉപതിരഞ്ഞെടുപ്പ്. പതിനാറിന് ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഇപ്പോള്‍ രാഷ്ട്രപതിഭരണത്തിന്‍ കീഴിലാണ്. രാഷ്ട്രപതിഭരണത്തിന്റെ കാലാവധി ഫെബ്രുവരി പതിനഞ്ചിന് അവസാനിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭ രൂപവത്കരിക്കാനാകാത്ത സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ശിപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി ജെ പിയും അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ബലപരീക്ഷയാകും ഡല്‍ഹിയില്‍ നടക്കുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ കെജ്‌രിവാള്‍ മത്സരിച്ചിരുന്നുവെങ്കിലും കനത്ത തോല്‍വിയായിരുന്നു ഫലം. എഴുപതംഗ നിയമസഭയാണ് ഡല്‍ഹിയിലുള്ളത്. 1.3 കോടി വോട്ടര്‍മാരുള്ള ഡല്‍ഹിയില്‍ വോട്ടെടുപ്പിനായി 11,763 പോളിംഗ് ബൂത്തുകള്‍ ഒരുക്കുന്നുണ്ട്.
2013ല്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. 31 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 28 സീറ്റുമായി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. എട്ട് എം എല്‍ എമാരുള്ള കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ 2013 ഡിസംബര്‍ 28ന് മന്ത്രിസഭ ഉണ്ടാക്കിയത്. ഒരംഗമുള്ള ജെ ഡി യു പിന്തുണ നല്‍കുകയും ചെയ്തു. 48 ദിവസം മാത്രമായിരുന്നു മന്ത്രിസഭയുടെ ആയുസ്സ്.
ലോക്പാല്‍ ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ കെജ്‌രിവാള്‍ രാജിവെക്കുകയായിരുന്നു. 2014 നവംബര്‍ നാലിന് ഗവര്‍ണര്‍ നജീബ് ജുംഗ് നിയമസഭ പിരിച്ചുവിടാനും രാഷ്ട്രപതി ഭരണത്തിനും ശിപാര്‍ശചെയ്തു. അടുത്ത ദിവസം നിയമസഭ പിരിച്ച് വിട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് ഈ മാസം പതിനഞ്ചിന് സര്‍വീസില്‍ നിന്നും പിരിയാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അദ്ദേഹം സര്‍വീസിലുണ്ടാകില്ല.