Kerala
സന്തോഷ്‌ട്രോഫി;ആന്ധ്രാപ്രദേശിനെതിരെ കേരളത്തിന് ആറ് ഗോള്‍ ജയം
മലപ്പുറം;തണുപ്പന്‍ കളിയിലൂടെ പന്ത് തട്ടി തുടങ്ങിയ കേരളം പിന്നീടുള്ള പൊരുതിക്കയറലില്‍ ആറ് ഗോളുകള്‍ക്ക് ആന്ധ്രാപ്രദേശിനെ തകര്‍ത്തു വിട്ടു ! മഞ്ചേരിയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ മത്സരത്തില്‍ യുവത്വത്തിന്റെ പോരിശയില്‍ ഇറങ്ങിയ കേരളം ഒത്തിണക്കമില്ലാതെയാണ് ആദ്യ ഇരുപത് മിനിറ്റില്‍ പന്ത് തട്ടിയത്. ഒമ്പതാം നമ്പര്‍ ജേഴ്‌സിയില്‍ ഇറങ്ങിയ വി പി സുഹൈര്‍ ഹാട്രിക് നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ എം ഷൈജുമോന്‍ രണ്ടും ശിബില്‍ലാല്‍ ഒരു ഗോളും നേടി. നാലാം മിനിറ്റില്‍ സുഹൈര്‍ മധ്യനിരയില്‍ നിന്നും പിടിച്ചെടുത്ത പന്ത് ഇടതു വിംഗിലൂടെ ഓടി കയറി ഗോളിലേക്ക് തൊടുത്തെങ്കിലും ആന്ധ്രാ ഗോളി രാജി റെഢി നായിഡു സമര്‍ഥമായി കൈപിടിയിലൊതുക്കി.
ആറാം മിനിറ്റില്‍ കേരളത്തിന് ലഭിച്ച കോര്‍ണര്‍ ആന്ധ്രാ ഗോള്‍ പോസ്റ്റില്‍ തൊട്ടുരുമ്മി പുറത്തേക്ക് പോയി. ഒമ്പതാം മിനിറ്റിലും കേരളത്തിന്റെ ഉന്നം ലക്ഷ്യം കണ്ടില്ല. ഇടക്കിടെ ആന്ധ്രയും കേരളത്തിന് ഭീഷണിയുയര്‍ത്തി ചെറിയ നീക്കങ്ങള്‍ നടത്തികൊണ്ടിരുന്നു. പതിനാലാം മിനിറ്റില്‍ ഇടതു വിംഗിലേക്ക് ഉയര്‍ന്ന് ലഭിച്ച പന്ത് എന്‍ ജോണ്‍സണ്‍ സിസര്‍ കട്ടിലൂടെ പോസ്റ്റിലേക്ക് തിരിച്ച് വിട്ടെങ്കിലും ആന്ധ്രാ ഗോളി പന്ത് തട്ടിയകറ്റി.
ഇരുപതാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റ നിര താരം നസുറുദ്ദീന്‍ ക്രോസ് നല്‍കിയ പന്ത് സ്വീകരിക്കാന്‍ ആരുമുണ്ടായില്ല. എതിര്‍ കളിക്കാര്‍ ഇല്ലാതെ ഒഴിഞ്ഞ് കിടന്ന പോസ്റ്റിലേക്ക് ഒരു കാലിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ കേരള ഗോള്‍ മുഖത്ത് ആന്ധ്ര നടത്തിയ ആക്രമണത്തിന് കേരള ഗോളി വി മിഥുന്‍ തടയിട്ടു. നാല്‍പത്തിയൊന്നാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇടതു വിംഗിലൂടെ പന്തുമായെത്തിയ ജോണ്‍സണ്‍ പന്ത് മധ്യ നിരയിലെ ശിബില്‍ ലാലിന് മറിച്ച് നല്‍കുകയും ഈ പന്ത് സ്വീകരിച്ച് ഇടതു വിംഗിലൂടെ ഇരച്ചു കയറി വി പി സുഹൈര്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയുമായിരുന്നു. സ്‌കോര്‍1-0. ആദ്യ ഗോള്‍ പിറന്ന ആവേശം കെട്ടടങ്ങും മുമ്പെ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും പിറന്നു. രണ്ട് മിനിറ്റുകള്‍ക്കകം ആന്ധ്രാ ഗോള്‍ മുഖത്ത് നടന്ന കൂട്ടപൊരിച്ചിലിനിടെ പന്ത് വീണ്ടും സുഹൈര്‍ ഗോളിലേക്ക് പായിച്ചു. സ്‌കോര്‍: 2-0. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച കേരളം തുടരെ തുടരെ ആന്ധ്രാ ഗോള്‍ മുഖം വിറപ്പിച്ചു.
അമ്പതാം മിനിറ്റില്‍ ജോബി ജെസ്റ്റിനെ പിന്‍വലിച്ച് കളത്തിലിറക്കിയ ഷൈജുമോന്‍ രണ്ട് മിനിറ്റുകള്‍ക്കകം ഗോള്‍ വല ചലിപ്പിച്ചു. വലതു വിംഗില്‍ തക്കംപാര്‍ത്ത് നിന്ന ഷൈജു പിടിച്ചെടുത്ത പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തള്ളിവിട്ടു. സ്‌കോര്‍: 3-0. ഇതിനിടെ ചില മുന്നേറ്റങ്ങള്‍ ആന്ധ്രയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഫലം കണ്ടില്ല. അറുപത്തി മൂന്നാം മിനിറ്റില്‍ ജിംഷാദിനെ പിന്‍വലിച്ച് ഇസ്മാന്‍ ആസിഖിനെ കളത്തിലിറക്കി.
ഇത്തവണ ശിബിന്‍ ലാലിന്റെ ഊഴമായിരുന്നു. 81-ാം മിനിറ്റില്‍ മധ്യ നിരയില്‍ നിന്ന് മനോഹരമായ ലോംഗ് റേഞ്ച് ഷോട്ട് എതിര്‍ പോസ്റ്റിലേക്ക്് തുളച്ചു കയറി. ഗോള്‍ 4-0. ഇഞ്ചുറി ടൈമിലായിരുന്നു അവസാന രണ്ട് ഗോളുകളും. 94-ാം മിനിറ്റില്‍ അഷ്‌കര്‍ നല്‍കിയ പന്ത് സ്വീകരിച്ച് സുഹൈര്‍ ഹാട്രിക് തികച്ചു. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കേരളം വീണ്ടും ആന്ധ്രയുടെ വല കുലുക്കി. ഷൈജുവായിരുന്നു ഇത്തവണ ഗോള്‍ കണ്ടെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സര്‍വീസസ് പോണ്ടിച്ചേരിയുമായി ഏറ്റുമുട്ടും.
സുഹൈറിന് ഹാട്രിക്ക്; കേരളം ആറാടി