Connect with us

Kerala

പഞ്ചായത്ത് രൂപവത്കരണം എളുപ്പമാകില്ല

Published

|

Last Updated

തിരുവനന്തപുരം: പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ എളുപ്പമാകില്ലെന്ന് വിലയിരുത്തല്‍. സമയക്കുറവും നിര്‍ദേശങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങളും ഡീലിമിറ്റേഷന്‍ കമ്മിറ്റിക്ക് വെല്ലുവിളിയാകും. പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാന്‍ പതിനഞ്ച് ദിവസം മാത്രം നല്‍കിയതും വിമര്‍ശത്തിന് വഴിവെക്കും.

കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കാനും പുതുതായി 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപഞ്ചായത്തുകളും രൂപവത്കരിക്കാനുമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പുതന്നെ ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. തിരഞ്ഞെടുപ്പിന് കഷ്ടിച്ച് എട്ട് മാസം മാത്രം ശേഷിക്കെ, കുറ്റമറ്റ രീതിയിലുള്ള ഡീലിമിറ്റേഷന്‍ സാധ്യമാകില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 66 പുതിയ ഗ്രാമപഞ്ചായത്തുകളാണ് നിര്‍ദേശിക്കപ്പെട്ടതെങ്കിലും ഇതിന്റെ രൂപവത്കരണത്തിനായി നിലവിലുള്ള പഞ്ചായത്തുകള്‍ വ്യാപകമായി വെട്ടിമുറിക്കേണ്ടതുണ്ട്.
നിലവിലുള്ള ഒരു പഞ്ചായത്തിനെ രണ്ടായി വിഭജിച്ച് പുതുതായി 44 പഞ്ചായത്തുകളാണ് രൂപവത്കരിക്കുന്നത്. ശേഷിക്കുന്ന 22 പഞ്ചായത്തുകള്‍ രണ്ട് മുതല്‍ അഞ്ച് പഞ്ചായത്തുകള്‍ വരെ വിഭജിച്ച് രൂപവത്കരിക്കാനാണ് നിര്‍ദേശിക്കപ്പെട്ടത്. പ്രാദേശികതലത്തില്‍ ഇത് വ്യാപകമായ എതിര്‍പ്പിന് ഇടയാക്കും. മലപ്പുറം ജില്ലയില്‍ ചേണ്ടി ആസ്ഥാനമായി രൂപവത്കരിക്കുന്ന പാങ്ങ് പഞ്ചായത്ത് ഇതിനൊരുദാഹരണമാണ്. കുറുവ, പുഴക്കാട്ടിരി, പൊന്മള, കോഡൂര്‍, മൂര്‍ക്കനാട് തുടങ്ങി അഞ്ച് പഞ്ചായത്തുകളില്‍ നിന്ന് ഓരോ ഭാഗമെടുത്താണ് ഈ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ വെള്ളന്നൂര്‍ ആസ്ഥാനമായി രൂപവത്കരിക്കുന്ന ചെറുകുളത്തൂര്‍ പഞ്ചായത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കുന്ദമംഗലം, പെരുവയല്‍, ചാത്തമംഗലം, മാവൂര്‍ പഞ്ചായത്തുകളുടെ ഓരോ ഭാഗമെടുത്താണ് ഇങ്ങനെയൊരു പഞ്ചായത്ത് നിര്‍ദേശിക്കപ്പെട്ടത്. ആലപ്പുഴയിലെ ചാരുംമൂട് പത്തനംതിട്ടയിലെ ഏനാത്ത്, കൊല്ലത്തെ പുത്തൂര്‍, വയനാട്ടിലെ കെല്ലൂര്‍, നടവയല്‍, കാസര്‍കോട് ജില്ലയിലെ പരപ്പ, കണ്ണൂരിലെ വള്ളിത്തോട്, തിരുവനന്തപുരത്തെ പെരുമാതുറ, എറണാകുളത്തെ തൃക്കാരിയൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനും നിലവിലുള്ള മൂന്ന് പഞ്ചായത്തുകള്‍ വീതം വെട്ടിമുറിക്കണം.
നിലവിലുള്ള പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ വിഭജനം സംബന്ധിച്ച ഭൂപടം തയ്യാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന്മേലാണ് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കേണ്ടത്. ഇതിന് പതിനഞ്ച് ദിവസത്തെ സമയമാണ് അനുവദിച്ചത്. സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഈ സമയപരിധിക്കുള്ളില്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡീലിമിറ്റേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കണമെന്ന് കാണിച്ച് ഒരു വര്‍ഷം മുമ്പ് തന്നെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെങ്കിലും തീരുമാനം വൈകുകയായിരുന്നു. വിഭജനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുമിടയുണ്ട്. കോര്‍പറേഷനുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റി രൂപവത്കരിക്കുന്നതും ആദ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനിലെ ചില ഭാഗങ്ങളാണ് മുനിസിപ്പാലിറ്റിയാകുന്നത്.
പുതിയ തദ്ദേശ സ്ഥാപനങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് എഴുനൂറിലേറെ നിര്‍ദേശങ്ങളാണ് സര്‍ക്കാറിന് മുന്നിലെത്തിയിരുന്നത്. യു ഡി എഫ് ഉപസമിതിയും വിശദമായ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

Latest