National
ഷാര്‍ലി ഹെബ്ദോ ഇസ്‌ലാമിനെ പരിഹസിക്കുന്ന വാരിക: പ്രകാശ് കാരാട്ട്
കോഴിക്കോട്: കുപ്രസിദ്ധമായ ഷാര്‍ലി ഹെബ്ദോ വാരികയ്‌ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വാരിക സമീപകാലത്തായി ഇസ്‌ലാമിനെ പരിഹസിക്കുകയാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കി. വാരികയ്‌ക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ രാഷ്ട്രീയത്തെകുറിച്ചാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്.
ഭകീരാക്രമണത്തെ ശക്തമായി അപലപിക്കുന്നതിനൊപ്പം ഇതിന മറ്റ് മാനങ്ങള്‍ ഉണ്ടെന്ന് കൂടി അദ്ദേഹം വിശദീകരിക്കുന്നു. പ്രവാചകന്റെ കാര്‍ട്ടൂണുകളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുമ്പോള്‍ മുസ് ലിങ്ങളുടെ മതവികാരം വ്രണപ്പെടുന്നത് അവര്‍ മാനിക്കുന്നില്ല. എന്നാല്‍ ഇസ്രായേലിനോ ജൂത തീവ്രവാദത്തിനോ എതിരായ വിമര്‍ശങ്ങളോട് ഇവര്‍ ശക്തമായി പ്രതികരിക്കുന്നെന്നും അദ്ദേഹം വിമര്‍ശിച്ചു. ഏതാനും വര്‍ഷം മുമ്പ് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റിന്റെ മകന്‍ ജൂതവംശജയെ വിവാഹം ചെയ്തതിനെ വിമര്‍ശിച്ച് എഴുതിയ മാധ്യമപ്രവര്‍ത്തകനെ ഷാര്‍ലി ഹെബ്ദോയില്‍ നിന്ന് നിര്‍ബന്ധിച്ച രാജിവപ്പിച്ചത് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അഭിപ്രായപ്രകടന സ്വാതന്ത്ര്യം അതിരില്ലാത്ത അവകാശമല്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. വെല്ലുവിളിയുടെ സന്ദേശവുമായി വീണ്ടും പ്രവാചകന്റെ കാര്‍ട്ടൂണുമായി വാരിക പുറത്തിറക്കിയത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രകോപനപരമായ നിലപാടുകള്‍ മുസ്‌ലിം സമുദായത്തിലെ തീവ്രവാദികളേയും വെള്ളക്കാരുടെ വലതുപക്ഷ വംശീയ സംഘടനകളേയും മാത്രമേ സഹായിക്കൂ. ഭീകരവാദം കേവലം മതപരമായ യാഥാസ്ഥിതികതയായി കുറച്ചുകാണാനാകില്ല. സാമ്രാജ്യത്വ കടന്നാക്രമണത്തിന്റേയും മതനിരപേക്ഷ ഭരണങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടേയും പാശ്ചാത്യ സാമ്രാജ്യത്വവും ജിഹാദി യാഥാസ്ഥിതിക ശക്തികളും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റേയും ഉല്‍പന്നമാണ് ഭീകരവാദം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.