National
ഇന്ധന വില കുറഞ്ഞു
ന്യൂഡല്‍ഹി: അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ വഞ്ചന തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 2.42 രൂപയും ഡീസല്‍ വില ലിറ്ററിന് 2.25 രൂപയും കുറച്ചതായി എണ്ണ കമ്പനികള്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ ഇതിന് തൊട്ടുമുമ്പ് എക്‌സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെ വിലക്കുറവ് ഇരട്ടിയാകുമായിരുന്നത് ഉപഭോക്താക്കള്‍ക്ക് നഷ്ടമായി. പുതിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.
ആഗസ്റ്റിന് ശേഷം ഇത് ഒമ്പതാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ഒക്‌ടോബര്‍ മുതല്‍ ഡീസലിന് അഞ്ചാം തവണയാണ് വില കുറയുന്നത്. അതേസമയം, നവംബറിന് ശേഷം ഇത് നാലാം തവണയാണ് സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടുന്നത്. ജനുവരിയില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സര്‍ക്കാര്‍ എക്‌സൈസ് തീരുവ കൂട്ടി. ഡിസംബറില്‍ പെട്രോളിന് ലിറ്ററിന്മേല്‍ 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് തീരുവ കൂട്ടിയത്. നവംബറില്‍ ഇത് 1.50 രൂപ വീതമായിരുന്നു.
തീരുവ വര്‍ധനവ് വഴി ഇരുപതിനായിരം കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ആര്‍ജിക്കുന്നത്. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.1 ശതമാനമായി കുറയ്ക്കുകയാണത്രേ സര്‍ക്കാറിന്റെ ലക്ഷ്യം. ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന് പുതിയ നിരക്ക് പ്രകാരം ലിറ്ററിന്മേല്‍ 8.95 രൂപയാണ് എക്‌സൈസ് തീരുവ. ബ്രാന്‍ഡഡ് അല്ലാത്ത ഡീസലിന് അത് 7.96 രൂപയാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില ജൂണില്‍ ബാരലിന് 115 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ അത് 46 ഡോളര്‍ മാത്രമാണ്.